“പ്രണയം വിഷയമാക്കാൻ പറ്റിയ ഒരു യാത്ര എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ ?“
അങ്ങനൊരു ചോദ്യം കടന്നുവന്നപ്പോൾ, ഇല്ല എന്ന് ഒറ്റയടിക്ക് മറുപടി പറഞ്ഞ എന്നെ, അപ്പോൾത്തന്നെ അന്തഃരംഗം തിരുത്തി.
“ നുണപറയരുത് നിരക്ഷരാ, യാത്രകളോട് അന്നും, ഇന്നും, എപ്പോഴും നിനക്ക് പ്രണയമായിരുന്നില്ലേ ? “
ഓ അത് ശരിയാണല്ലോ ? .....................................
ലോകം മുഴുവൻ പ്രണയം ആഘോഷിക്കുന്ന, പ്രണയത്തെപ്പറ്റി മാത്രം സംസാരിക്കുന്ന ഈയവസരത്തിൽ, പുതിയ യാത്രാവിവരണം ടാജ് മഹൽ നാട്ടുപച്ചയിലൂടെ വെളിച്ചം കണ്ടിരിക്കുന്നു. വായനക്കാരുടെ സൌകര്യാര്‍ത്ഥം വളരെക്കാലത്തിനുശേഷം ഞാനത് ഇവിടേയും പകര്‍ത്തിയിടുന്നു.
പ്രാണപ്രിയ മുംതാസിനോടുള്ള അനശ്വരപ്രേമത്തിന്റെ സ്മരണയ്ക്കായി മുഗൾ ചക്രവര്‍ത്തി ഷാജഹാൻ പണികഴിപ്പിച്ച ടാജ് മഹൾ.
ലോകാത്ഭുതങ്ങളിലൊന്നായ ടാജ് മഹളിന്റെ മുന്നിൽ എന്നെക്കൊണ്ടെത്തിച്ചത് പ്രണയമൊന്നുമായിരുന്നില്ല. അല്ലല്ല, പ്രണയം തന്നെയായിരുന്നു എന്നെ ടാജ് മഹാളിന്റെ മുന്നിലെത്തിച്ചത്. യാത്രയോടുള്ള പ്രണയമായിരുന്നെന്ന് മാത്രം.
ജീവിതത്തിൽ ഒരിക്കലെങ്കിലും ആഗ്രയില്‍പ്പോയി വെണ്ണക്കല്ലിൽ കൊത്തിയെടുത്തിട്ടുള്ള ആ മഹാത്ഭുതം കണ്‍കുളിര്‍ക്കെ കണ്ടുനില്‍ക്കാൻ ഉള്ളിൽ അല്‍പ്പമെങ്കിലും പ്രണയമുള്ള ഏതൊരാളും കൊതിക്കാതിരിക്കില്ല. സഞ്ചാരികളുടെ കാര്യത്തിലാണെങ്കിൽ പ്രണയം ഇല്ലാത്തവനും ഉള്ളവനുമൊക്കെ ടാജ് മഹളിലേക്കുള്ള വഴി അവരുടെ യാത്രയുടെ ഒരു ഭാഗം മാത്രമാണ്. ഡല്‍ഹിവരെ പോയിട്ട് ടാജ് മഹൾ കാണാതെ മടങ്ങിയ ആരെങ്കിലുമുണ്ടെങ്കിൽ ആ ഡല്‍ഹിയാത്ര അര്‍ത്ഥശൂന്യമായിരുന്നെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
1989 ൽ കോളേജ് വിദ്യാഭ്യാസകാലത്താണ് 27 സഹപാഠികള്‍ക്കൊപ്പം ഉത്തരേന്ത്യയിലേക്ക് ഒരു യാത്രപുറപ്പെടാനും ഡല്‍ഹിയിലും മുംബൈയിലുമൊക്കെ യഥേഷ്ടം കറങ്ങിനടക്കാനുമൊക്കെ ഭാഗ്യമുണ്ടായത്. തീവണ്ടിയിലും ബസ്സിലുമൊക്കെയായി 21 ദിവസം നീണ്ടു നിന്നു ആ മനോഹരമായ യാത്ര.
ഏഴാം സെമസ്റ്റർ എഞ്ചിനീയറിങ്ങ് പഠിക്കുന്ന കാലത്താണ് ഞങ്ങളാ യാത്ര നടത്തിയത്. 6 പേരുള്ള ടൂർ കമ്മറ്റി രൂപീകരിച്ചപ്പോൾ അതിലൊരാൾ ഞാനായിരുന്നു. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ, അതായത് ട്രെയിൻ സീറ്റ്, ഹോട്ടൽ മുറി, തുടങ്ങിയവയൊക്കെ ബുക്ക് ചെയ്യൽ, യാത്ര പുറപ്പെടുന്നതുവരെയുള്ള മറ്റുകാര്യങ്ങൾ കോഡിനേറ്റ് ചെയ്യൽ എന്നെതൊക്കെയായിരുന്നു എന്റെ ചുമതലകൾ. ടാജിലേക്കുള്ള വഴി ഇറ്റിനര്‍റിയിൽ കയറ്റുന്ന കാര്യത്തിൽ ടൂർ കമ്മറ്റിയിൽ ആര്‍ക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.
ബോംബെയ്ക്ക് അപ്പുറത്തേക്ക് യാത്ര നീട്ടാൻ പറ്റില്ലെന്ന് പറഞ്ഞ് ഇടഞ്ഞുനിന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ശ്രീ. കൃഷ്ണൻ സാറിനെ മറികടക്കാൻ, അദ്ദേഹത്തിന്റെ ഇന്റേണൽ അസ്സസ്‌മെന്റ് മാര്‍ക്കുകളെപ്പോലും അവഗണിച്ച് പ്രിന്‍സിപ്പാളിനെപ്പോയി കാണേണ്ടതായും വന്നു എനിക്ക്. പക്ഷെ ആ ശ്രമത്തിന് ഫലമുണ്ടായി. വടക്ക് നൈനിറ്റാൾ വരെ ആ യാത്രയ്ക്ക് അനുമതി തന്നു സഹൃദയായ പ്രിന്‍സിപ്പാൾ ശ്രീ. കെ.പി.പരമേശ്വരൻ പിള്ള സാർ.
തീയതി ഇന്നും കൃത്യമായി ഓര്‍ക്കുന്നുണ്ട്. ഡിസംബർ മാസം 28. ഡല്‍ഹിയിൽ തണുപ്പ് 10 ഡിഗ്രിയിൽ താഴെ. അത്യാവശ്യത്തിന് പോലും കമ്പിളിയുടുപ്പുകൾ കയ്യില്‍ക്കരുതാതെയാണ് പലരും തണുത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന വടക്കേ ഇന്ത്യയിലേക്ക് വണ്ടികയറിയിരിക്കുന്നത്. കൊണോട്ട് സർക്കിളിൽ നിന്നും അധികം ദൂരെയല്ലാത്ത 'ടൂറിസ്റ്റ് പ്ലേസ് ' എന്നിടത്താണ് താമസം ഏര്‍പ്പാടാക്കിയിരുന്നത്. കാരവാനൊക്കെ ഓടിച്ച് ഇന്ത്യ കാണാനിറങ്ങുന്ന വിദേശികള്‍ക്കുള്ള ഇടമായിരുന്നത്. വിദ്യാര്‍ത്ഥികളായതുകൊണ്ട് കുറഞ്ഞ നിരക്കിലാണ് ഞങ്ങള്‍ക്ക് മുറികൾ കിട്ടിയിരിക്കുന്നത്. പകൽ മുഴുവൻ പലപല ബാച്ചുകളായി ഡല്‍ഹിയിലൊക്കെ കറങ്ങി നടക്കും. രാത്രി മുറിയില്‍ത്തിരിച്ചെത്തുമ്പോൾ കിടക്കയൊക്കെ വെള്ളം കോരിയൊഴിച്ചതുപോലെ തണുത്ത് കിടക്കുകയായിരിക്കും. ജീവിതത്തിലൊരിക്കലും ഇരുപത് ഡിഗ്രിയില്‍ത്താഴെ തണുപ്പനുഭവിച്ചിട്ടില്ലാത്ത ഞങ്ങളെല്ലാവരും ആ ദിനങ്ങൾ തരണം ചെയ്തത് ആസ്വദിച്ചുകൊണ്ടുതന്നെയാണ്.
ഡല്‍ഹിയിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്ര ബസ്സിലായിരുന്നു. ടാജിന് മുന്നിലെത്തിയപ്പോൾ ഒരു ജീവിതാഭിലാഷം സാക്ഷാല്‍ക്കരിച്ചതിന്റെ സന്തോഷമുണ്ടായിരുന്നു എല്ലാവര്‍ക്കും. ദൂരെനിന്നുതന്നെ കുറേസമയം കണ്ണുമിഴിച്ച് ആ മായക്കാഴ്ച്ച നോക്കിനിന്നു. ഇന്നത്തെപ്പോലെ ഡിജിറ്റൽ ക്യാമറയൊന്നും ഉള്ള കാലമല്ലാത്തതുകൊണ്ട് ഫോട്ടോ എടുക്കുന്നതെല്ലാം അളന്നുകുറിച്ചിട്ടാണ്. താജിനകത്ത് പടം പിടുത്തം നിഷിദ്ധവുമാണ്. ചെരുപ്പ് ഊരിവെച്ച് വേണം അകത്തേക്ക് കയറാൻ. കെട്ടിപ്പൂട്ടിയ ഷൂ പോലുള്ള പാദരക്ഷകൾ അഴിച്ച് മാറ്റാൻ ബുദ്ധിമുട്ടുള്ളവര്‍ക്ക് ചെറിയ നിരക്കിൽ സോക്സ് പോലുള്ള കാലുറകൾ വാടകയ്ക്ക് കിട്ടും. അത് ചെരുപ്പിന് മുകളിലൂടെ വലിച്ച് കയറ്റി അകത്തേക്ക് കടക്കുന്നതിന് വിലക്കൊന്നുമില്ല. വിദ്യാര്‍ത്ഥിജീവിതകാലത്ത് ഓരോ അണ-പൈയ്ക്കും മൂല്യം വളരെ കൂടുതലായതുകൊണ്ട് ചെരുപ്പ് പുറത്തഴിച്ചുവെച്ചുതന്നെ അകത്തേക്ക് കടന്നു.
ഷാജഹാന്റെയും, മുംതാസിന്റെയും കല്ലറകൾ കണ്ടു, ടാജിന് ചുറ്റും മാര്‍ബിൾ വിരിച്ച തറയിലൂടെ ഭാരമില്ലാത്ത മനസ്സുമായി തെന്നിനടന്നു. പിന്നിലൂടൊഴുകുന്ന യമുനയുടെ ജലപ്പരപ്പിന്റെ മുകളിലൂടെ ദൂരെയ്ക്ക് കണ്ണോടിച്ചാൽ ആഗ്രാക്കോട്ടയുടെ ഒരു വിദൂര ദൃശ്യം കാണാം. അവിടെച്ചെന്ന്, മകൻ ഔറങ്കസീബിനാൽ തടവിലാക്കപ്പെട്ട അന്ത്യനാളുകളിൽ, ഷാജഹാൻ കഴിഞ്ഞിരുന്ന ജാസ്മിൻ മഹളിൽ നിന്നുള്ള ടാജിന്റെ ദൃശ്യം കൂടെ കണ്ടിട്ടാണ് ആഗ്രയിൽ നിന്ന് മടങ്ങിയത്.
ലോകം കണ്ട ഏറ്റവും വലിയ പ്രണയജോഡി ആരായിരുന്നു ? ഷാജഹാൻ - മുംതാസ് കഴിഞ്ഞാൽപ്പിന്നെ ലൈലാ-മജ്നു, റോമിയോ- ജൂലിയറ്റ് എന്ന കഥാപാത്രങ്ങളെ മാത്രമേ എനിക്കറിയൂ ? ആ പദവി ആര്‍ക്ക് കൊടുത്താലും ശരി, തന്റെ പ്രിയതമയ്ക്ക് വേണ്ടി ഇതുപോലെ മനോഹരമായ, ചരിത്രത്തിൽ ഇടം പിടിച്ച ഒരു സ്മാരകം പണിതീര്‍ത്തതിനുള്ള സമ്മാനം ഷാജഹാനുതന്നെ കൊടുത്തേ പറ്റൂ.
ഇടക്കാലത്ത് ടാജ് മഹൾ ഷാജഹാന്റെ സൃഷ്ടിയല്ലെന്നും, ജയ്പ്പൂർ മഹാരാജാവിന്റെ അധീനതയിലുള്ള 'തേജോ മഹാലയ' എന്ന ഒരു ശിവക്ഷേത്രം പിടിച്ചടക്കി പുനരുദ്ധരിച്ച്, ക്ഷേത്രമായിരുന്നു അതെന്നുള്ള തെളിവുകളൊക്കെ നശിപ്പിച്ച് ഒരു ഖബറിടം ആക്കി മാറ്റിയതാണെന്നും മറ്റുമുള്ള ലേഖനങ്ങൾ കാണാനിടയായിട്ടുണ്ട്. ഇതുപോലൊന്ന് ഇനി ലോകത്തൊരിടത്തും ഉണ്ടാക്കപ്പെടാതിരിക്കാൻ വേണ്ടി ടാജിന്റെ ജോലിയിൽ ഏർപ്പെട്ടിരുന്ന പ്രമുഖ ശില്‍പ്പികളിൽപ്പലരുടേയും കൈകൾ മുറിച്ച് കളഞ്ഞിട്ടുണ്ട് ഷാജഹാനെന്ന് പണ്ടേ തന്നെ കേട്ടിട്ടുള്ളതാണ്. ടാജ് മഹൾ സ്നേഹത്തിന്റെയല്ല വെറുപ്പിന്റെ പ്രതീകമാണെന്നും വാര്‍ത്തകളുണ്ട്. ജീവിതകാലം മുഴുവൻ മുംതാസിനെ പലതരത്തിൽ ഷാജഹാൻ പീഢിപ്പിച്ചിരുന്നെന്നും അവരുടെ അന്ത്യനാളുകളിൽ മാത്രം അവരോട് തോന്നിയ അനുകമ്പയാണ് ഷാജഹാനെക്കൊണ്ട് ഈ സൃഷ്ടിക്ക് പ്രേരിപ്പിച്ചതെന്നും വേറെയുമുണ്ട് വാര്‍ത്തകൾ.
അത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിറകിലുള്ള സത്യാവസ്ഥയൊക്കെ പഠിച്ച് സ്ഥിരീകരിക്കാൻ ചരിത്രകാരന്മാര്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് ടാജ് മഹൾ ഒരു പ്രേമസ്മാരകം ആയിരുന്നെന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
വര്‍ഷങ്ങള്‍ക്ക് ശേഷം ഔദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടി രാജസ്ഥാനിലേക്ക് പലപ്രാവശ്യം യാത്ര ചെയ്യേണ്ടിവന്നപ്പോഴൊക്കെ ടാജ് മഹളിന്റെ മുന്നിലേക്ക് മനസ്സ് ഓടിച്ചെന്നിട്ടുണ്ട്.
കാലം ഒരുപാട് കഴിഞ്ഞതുകൊണ്ട് പഴയതുപോലെ സഹപാഠികളുടെ വലയം ഇപ്പോൾ കൂടെയില്ല. ആകെയുള്ള കൂട്ട് നല്ലപാതിയുടേത് മാത്രമാണ്. ടാജ് മഹളിലേക്ക് ഇനിയൊരിക്കല്‍ പോകുന്നെങ്കിൽ അത് പ്രിയതമയ്ക്കൊപ്പം ആകുന്നതാണല്ലോ അതിന്റെ ശരി. അതിനുള്ള ഒരുക്കങ്ങളൊക്കെ രാജസ്ഥാനിൽ നിന്നുകൊണ്ടുതന്നെ നടത്തി. ജോലിസംബന്ധമായി ബാംഗ്ലൂർ താമസിക്കുന്ന നല്ലപാതിയ്ക്കും അഞ്ചുവയസ്സുകാരി മകള്‍ക്കും വേണ്ടി യാത്രാടിക്കറ്റിനും, താമസസൗകര്യത്തിനുമുള്ള ഏര്‍പ്പാടുകൾ തുടങ്ങി. പക്ഷെ ഔദ്യോഗികമായ ചില കാരണങ്ങള്‍കൊണ്ട് നിര്‍ഭാഗ്യവശാൽ അവസാനനിമിഷം ആ യാത്ര നടക്കാതെ പോയി.
സുരക്ഷാപ്രശ്നങ്ങൾ കാരണം കുറച്ചുകാലം ടാജ് മഹളിന് മുന്നിലേക്ക് രാത്രികാലങ്ങളിൽ പ്രവേശനം നിഷിദ്ധമായിരുന്നെന്ന് കേട്ടിട്ടുണ്ട്. ഒന്നുരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ വിലക്ക് മാറിയെന്നും പിന്നീട് അറിയാൻ കഴിഞ്ഞു. ടാജ് കാണാൻ ഒരിക്കൽ നല്ലപാതിക്കൊപ്പം അവിടെയെത്തണം. നിലാവിന്റെ പന്തലിനടിയിൽ തിളങ്ങിനില്‍ക്കുന്ന ആ പ്രണയശില്പത്തെ പ്രിയതമയ്ക്കൊപ്പം യമുനയുടെ തീരത്തിരുന്ന് മനം മടുക്കുന്നതുവരെ കാണണം.
അക്കാഴ്ച്ച കണ്ടാൽ കവിത വഴങ്ങാത്തവര്‍ക്കുപോലും കവിത അണപൊട്ടുമായിരിക്കും, പ്രണയത്തിന്റെ തരിമ്പുപോലും മനസ്സിലില്ലാത്തവര്‍ക്കുപോലും പ്രണയം പൂത്തുലയുമായിരിക്കും. ഒരു കാമുകന്റെ മനസ്സ് തുറന്നുകാട്ടണമെന്നുള്ളവര്‍ക്ക് ആ സന്ദര്‍ഭത്തിൽ പി.പത്മരാജനെപ്പോലെ തന്നെ ശലമോന്റെ(സോളമന്റെ) വരികൾ കടം കൊള്ളേണ്ടി വന്നേക്കാം, അല്‍പ്പസ്വല്‍പ്പം വ്യതിയാനത്തോടെ.
'നമുക്ക് യമുനയുടെ തീരങ്ങളില്‍ച്ചെന്ന് രാപ്പാര്‍ക്കാം. രാത്രിയുടെ അന്ത്യയാമങ്ങളിൽ എഴുന്നേറ്റ് നിലാവിൽ കുളിച്ചു നില്‍ക്കുന്ന ടാജ് മഹലിന്റെ അഭൌമ സൌന്ദര്യം കണ്‍കുളിർക്കെ കാണാം. യമുനയുടെ പരപ്പിൽ നിന്ന് ആ പ്രണയശില്‍പ്പത്തിന്റെ പ്രതിബിംബത്തെ കൈക്കുമ്പിളിൽ കോരിയെടുക്കാം.
അവിടെവെച്ച്....
അവിടെവെച്ച്.... നിനക്ക് ഞാനെന്റെ പ്രേമം തരും.
Monday 16 February 2009
Subscribe to:
Post Comments (Atom)
അവിടെ പോയി വായിച്ചിട്ട് ഇവിടെ വന്ന് കമന്റടിക്കുന്നു.
ReplyDelete“ഡല്‍ഹിവരെ പോയിട്ട് ടാജ് മഹൾ കാണാതെ മടങ്ങിയ ആരെങ്കിലുമുണ്ടെങ്കിൽ ആ ഡല്‍ഹിയാത്ര അര്‍ത്ഥശൂന്യമായിരുന്നെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.“
ഉണ്ണി മാസത്തില്‍ നാലുതവണ ഡെല്‍ഹിക്ക് പോവും. ഇതുവരെ താജ്‌മഹലില്‍ പോയിട്ടില്ല. ഞാന്‍ കൂടെയില്ലാത്തതുകൊണ്ടാണേ.
പ്രിയതമനെയും കൂട്ടി ഞാനും പോവും ഒരിക്കല്‍. :-)
എപ്പഴത്തെയും പോലെ വിവരണം നന്നായി. :-)
എന്റെ അഭിപ്രയം
ReplyDeleteഇവിടെ മതി.
പറയാനുള്ളത് കുടുമ്മത്ത് വന്നു
പറയുന്നതാ അതിന്റെ ഒരു രീതി.
“രാത്രിയുടെ അന്ത്യയാമങ്ങളിൽ എഴുന്നേറ്റ് നിലാവിൽ കുളിച്ചു നില്‍ക്കുന്ന ടാജ് മഹലിന്റെ അഭൌമ സൌന്ദര്യം കണ്‍കുളിർക്കെ കാണാം. യമുനയുടെ പരപ്പിൽ നിന്ന് ആ പ്രണയശില്‍പ്പത്തിന്റെ പ്രതിബിംബത്തെ കൈക്കുമ്പിളിൽ കോരിയെടുക്കാം.
അവിടെവെച്ച്….
അവിടെവെച്ച്….
നിനക്ക് ഞാനെന്റെ പ്രേമം തരും...”
നീരൂന്റെ കണ്‍ക്ലൂഡിങ്ങ് വരികള്‍ വായിച്ചപ്പോള്‍ ഞാന്‍ ഇങ്ങനെ പാടി പൊയി
♪♪ആരേയും ഭാവഗായകനാക്കും.♪♪
♥ ടാജ്മഹല്‍♥ അല്ലേ?
അപ്പോള്‍ യാത്ര പണ്ടേ തുടങ്ങിയതാ അല്ലെ.പക്ഷെ ഫോട്ടോയില്‍ കാണുന്നതില്‍ ഇതാ നീരു?
ReplyDelete@ബിന്ദു ഉണ്ണീ - ഔദ്യോഗികമായി ഡല്ഹിക്ക് പോകുന്നത് ആ പരാമര്‍ശത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു :) :) എന്നെങ്കിലുമൊരിക്കല്‍ പോകണം അവിടെ , പറ്റുമെങ്കില്‍ രാത്രി തന്നെ.
ReplyDelete@ മാണിക്യേച്ചീ - നന്ദി.
@ ദീപക് രാജ് - യാത്ര തുടങ്ങിയിട്ട് കുറേയായി മാഷേ. ബ്ലോഗ് എന്ന ഒരു സംഭവം അന്നൊക്കെ ഇല്ലായിരുന്നതുകൊണ്ട്, പല യാത്രാവിവരങ്ങളും എഴുതിയിടാന്‍ ഒരു മാദ്ധ്യമം കിട്ടിയില്ലെന്ന് മാത്രം. പൊടിതട്ടിയെടുത്ത പഴയ ചില ഡയറികള്‍ വെച്ചാണു് പഴയ യാത്രാവിവരണങ്ങള്‍ തട്ടിക്കൂട്ടുന്നത് :)
ചിത്രത്തില്‍ വലത്തുവശത്തിരിക്കുന്നത് മീശയും താടിയുമൊന്നും മുളക്കാത്തെ ഒരു പഴയ നിരക്ഷരന്‍ തന്നെ... :) :)
ഉം... നീരൂന്റെ പഴയകാല ഹോബിയും ഈ യാത്രകൾ തന്നെ അല്ലേ..താജ്മഹലിനെ കുറിച്ചുള്ള ‘കഥ‘കൾ ഇവിടെ പങ്ക് വെച്ചതിന് നന്ദി.
ReplyDelete"ടാജിലേക്കുള്ള വഴി ഇറ്റിനര്‍റിയിൽ കയറ്റുന്ന കാര്യത്തിൽ..." എന്താ സംഭവം? മനസ്സിലായില്ല..
ഞങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ്. അല്ലെങ്കില്‍ പ്രോഗാമിന്റെ സമ്പൂര്‍ണ്ണ ലിസ്റ്റ്,ഞങ്ങള്‍ ഉണ്ടാക്കിയ ടൂര്‍ പ്രോഗ്രാം.
ReplyDeleteitinerary എന്ന ഇംഗ്ലീഷ് പദം ഉപയോഗിച്ചതുകൊണ്ടു് വന്ന പിശകാണു് പൊറാടത്തേ... :) ക്ഷമിക്കണം.
ബോംബെയ്ക്കപ്പുറം ഞാൻ ഇതേവരെ പോയിട്ടില്ല. ഡെൽഹിയിൽ പോകണം, താജ്‌മഹൽ കാണണം...എന്നെങ്കിലും ഒരിക്കൽ. പക്ഷേ ഒരുകാര്യം ഉറപ്പിച്ചു: താജ്‌മഹൽ കാണാൻ രാത്രിയിലേ പോകൂ..അതിനി പോകുന്നത് വയസ്സുകാലത്തായാലും ശരി. :)
ReplyDeleteഅനശ്വര പ്രണയത്തിന്റെ സ്മാരകം കാണാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു.എന്നാലൂം ഇത് കാണുമ്പോൾ സന്തോഷം തന്നെ!
ReplyDeleteതാജ് വിശേഷങ്ങള്‍ വായിച്ചു.....
ReplyDeleteനിരക്ഷരന്‍ പണ്ടേ തുടങ്ങിയതാ പറഞ്ഞാല്‍ കേള്‍ക്കാതെ .. എങ്ങും കുത്തിയിരിക്കാതെ.. ഈ കറക്കം.. അല്ലെ... കൊള്ളാട്ടോ.. ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.. പോകണം...
ReplyDeleteആശംസകള്‍..
tajmahal kaananamenna agraham ithu vare sadhichittilla...ippol agraham koodi
ReplyDeleteനല്ല വിവരണം നീരൂ
ReplyDeleteഞാന്‍ താജ് മഹല്‍ ആദ്യമായി കണ്ടത്, കോളേജില്‍ നിന്നും ഡല്‍ഹിയ്ക്ക് ടൂര്‍ പോയപ്പോള്‍.
ReplyDeleteഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു അന്ന്. പിന്നീട് പല തവണ പോയി. ഒരിയ്ക്കലും മടുക്കാത്ത കാഴ്ചയാണത്.
ഞാന്‍ താജ് മഹല്‍ ആദ്യമായി കണ്ടത്, കോളേജില്‍ നിന്നും ഡല്‍ഹിയ്ക്ക് ടൂര്‍ പോയപ്പോള്‍.
ReplyDeleteഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു അന്ന്. പിന്നീട് പല തവണ പോയി. ഒരിയ്ക്കലും മടുക്കാത്ത കാഴ്ചയാണത്.
ചിത്രങ്ങളാണോ എഴുത്താണോ മുന്നിട്ടു നിൽക്കുന്നത് എന്ന ആശയക്കുഴപ്പം സാധാരണ ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ ചിത്രങ്ങളേക്കാൾ എഴുത്തിന് മാർക്ക് കൂടുതൽ. നല്ല വിവരണം. ടാജ് മഹൽ യാത്ര ശരിക്കും ആസ്വദിച്ചു.
ReplyDeleteഇതു കണ്ടപ്പോള്‍ എന്നെങ്കിലും താജ് ഒന്നു കാണണമെന്ന മോഹം ഉടലെടുക്കുന്നു...
ReplyDeleteഡല്‍ഹീല്‍ കിടന്നിട്ട് ടാജ്മഹല്‍ കാണാത്ത കക്ഷികള്‍ ഉണ്ട് നിരാ...
ReplyDeleteവായിച്ചു. നല്ല വിവരണം മാഷേ...തുടരൂ...
ReplyDeleteniraksharaaaaaaaaaaaaaaaa
ReplyDeletevivaranavum ,photosum
nananyittund
യാത്രാവിവരണങ്ങള്‍ യാത്രയേക്കാള്‍ മനോഹരം....
ReplyDeleteഞാനും ഒരു ബ്ലോഗ് എഴുത്തുകാരന്‍ ആണ്. വല്ലപ്പോഴും ചിലത് കുത്തിക്കുറിക്കും , അത്ര മാത്രം .
അടുത്തിടെ ഞാന്‍ നടത്തിയ ഒരു താജ് മഹല്‍ യാത സചിത്ര സഹിതം എന്‍റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് വായിക്കാം ....
http://sunildevadas.blogspot.in/2012/09/blog-post_17.html
ഇഷ്ടപ്പെട്ടാല്‍ comments add ചെയ്യാന്‍ മറക്കല്ലേ ....