ബസ്സ് സെമിത്തേരിയുടെ മുന്നിലെത്തിയപ്പോള്‍ ബസ്സിലിരുന്ന് തന്നെ ഞാനാ കാഴ്ച്ച കണ്ടു.
---------------------------------------------------------------
ഒരേപോലെയുള്ള ആയിരക്കണക്കിന് വെളുത്ത നിറത്തിലുള്ള കുരിശുകള്‍, പച്ചപ്പരവതാനി വിരിച്ചപോലെ പുല്ല് പിടിച്ച് കിടക്കുന്ന സെമിത്തേരിയില്‍ ഉയര്‍ന്നു നില്‍ക്കുന്നു.
ഞാനടക്കമുള്ള എല്ലാ യാത്രക്കാരും ബസ്സില്‍ നിന്ന് സെമിത്തേരിയുടെ മുന്നിലെ സ്റ്റോപ്പിലിറങ്ങി.
സെമിത്തേരിയുടെ ഗേറ്റ് കടന്ന് അകത്തേക്ക് കയറുന്നതിന് മുന്‍പ് ചുറ്റുവട്ടത്തൊക്കെ ഞാനൊന്ന് കണ്ണോടിച്ചു. അതെ, ഭോജനശാലകള്‍ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന കണ്ണോടിക്കല്‍ തന്നെ. വിശപ്പിന്റെ വിളി അവസാനിപ്പിക്കാതെ ഇനി മുന്നോട്ട് നീങ്ങാന്‍ പറ്റില്ലെന്നായിരിക്കുന്നു.
പക്ഷെ, ഇത്രയധികം സഞ്ചാരികള്‍ വന്നുപോകുന്ന സ്ഥലമായിട്ടും ഒരു ഫാസ്റ്റ് ഫുഡ് സെന്ററോ, ഒരു കോര്‍ണര്‍ ഷോപ്പോ ഇല്ലായിരുന്നു അവിടെയെങ്ങും. നമ്മുടെ നാട്ടിലാണെങ്കില്‍ നാല് ടൂറിസ്റ്റുകള്‍ വരുന്നിടത്ത് ഒരു ടോയ്‌ലറ്റ് ഒഴികെ എന്തെല്ലാം തരത്തിലുള്ള കടകളും കലാപരിപാടികളും കാണും ?!
ഭക്ഷണത്തിന്റെ കാര്യം ഉടനെയെങ്ങും നടക്കില്ല, പകരം ഒരുപാട് കാഴ്ച്ചകള്‍ കാണിച്ച് തരാമെന്ന് വിശന്ന് വലഞ്ഞിരിക്കുന്ന വയറിനെ പറഞ്ഞ് മനസ്സിലാക്കി മുന്നോട്ട് തന്നെ നീങ്ങി. (വയറിന് കണ്ണുണ്ടോ എന്ന് ചോദിക്കരുത്. )
ഗേറ്റ് കടക്കുമ്പോള്‍ത്തന്നെ ഇടത്തുവശത്തായി സന്ദര്‍ശകര്‍ക്കുള്ള കെട്ടിടം കണ്ടു. സെമിത്തേരി സൂപ്രണ്ടിന്റെ ഓഫീസും, സന്ദര്‍ശകര്‍ക്കുള്ള ടോയ്‌ലറ്റുകളുമൊക്കെ ആ കെട്ടിടത്തിനകത്താണ്. സന്ദര്‍ശകക്കെട്ടിടത്തിന് തൊട്ടുമുന്നിലായി ഉയരമുള്ളൊരു(72 അടി) കൊടിമരത്തില്‍ അമേരിക്കന്‍ പതാക പാറിക്കളിക്കുന്നുണ്ട്.1943ഡിസംബര്‍ 7ന് എസ്‌റ്റാബ്ലിഷ് ചെയ്യപ്പെട്ട ഈ സെമിത്തേരി 1956 ജൂലായ് 16നാണ് ഡെഡിക്കേറ്റ് ചെയ്യപ്പെട്ടത്. 30.5 ഏക്കറില്‍ പരന്ന് കിടക്കുന്ന ഈ സെമിത്തേരിപ്പറമ്പ് കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയുടെ സംഭാവനയാണ്.
കടപ്പാട് - http://www.totaltravel.co.uk |
കൊടിമരത്തിനടുത്തുനിന്ന് കുരിശുകള്‍ക്കരികിലേക്ക് നടന്നു. സാധാരണ സെമിത്തേരികളില്‍ കല്ലറകള്‍ക്കിടയിലേക്ക് പോകുമ്പോള്‍ തോന്നുന്ന ഒരു ഭീതി ഇവിടെയെനിക്കനുഭവപ്പെട്ടില്ല. ആ കുരിശുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ മനസ്സിലൂടെ വല്ലാത്ത ചിന്തകളാണ് കടന്നുപോയത്. മൃഗങ്ങള്‍പോലും ഇരയ്ക്ക് വേണ്ടിമാത്രം മറ്റൊരു മൃഗത്തെ കൊല്ലുന്ന ഈ ഭൂമിയില്‍, അത്തരമൊരുകാരണമില്ലാതെ തന്നെ കൊലചെയ്യപ്പെട്ടിരിക്കുന്ന ഒരുപാട് മനുഷ്യന്മാര്‍ ഈ പച്ചപ്പുല്ലിനടിയില്‍ അന്ത്യനിദ്രകൊള്ളുന്നു. ആലോചിക്കുന്തോറും ചുറ്റുമുള്ള മനുഷ്യജന്മങ്ങളോടും സ്വജന്മത്തോടുതന്നെയും വെറുപ്പുതോന്നിപ്പോകുന്ന അവസ്ഥ. മനുഷ്യന്‍ എന്ന ഹീന ജന്തുകുലത്തില്‍ പിറന്നതില്‍ വ്യസനിക്കപ്പെട്ടുപോയ ശപിക്കപ്പെട്ട മുഹൂര്‍ത്തങ്ങള്‍.
സെമിത്തേരിയുടെ ചരിത്രം രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന ചേരി, ജര്‍മ്മനിയും ജപ്പാനുമൊക്കെയടങ്ങുന്ന മറുചേരിയുമായി നടത്തിയ പോരാട്ടവുമായി ബന്ധപ്പെട്ട് കിടക്കുന്നു. യുദ്ധത്തില്‍ മരിച്ച 3812 പോരാളികള്‍ ഈ സ്മശാനത്തില്‍ അന്ത്യനിദ്രകൊള്ളുന്നു. പല രാജ്യങ്ങളിലായി 25 ല്‍പ്പരം സെമിത്തേരികള്‍ അമേരിക്കയ്ക്കുണ്ടെങ്കിലും ബ്രിട്ടീഷ് മണ്ണിലെ ഏക അമേരിക്കന്‍ സെമിത്തേരിയാണിത്. യുദ്ധത്തിനിടയില്‍ അപകടത്തില്‍പ്പെട്ടും, മുറിവുപറ്റിയും, അസുഖം പിടിപെട്ടും പരലോകം പ്രാപിച്ച ഈ പടയാളികളില്‍ ഭൂരിപക്ഷവും അമേരിക്കന്‍ ആര്‍മി എയര്‍ഫോര്‍സിലുള്ളവരായിരുന്നു. ബാക്കിയുള്ളവര്‍ ആര്‍മി, നേവി, മറൈന്‍ കോര്‍പ്പ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നീ സേനാവിഭാഗങ്ങളില്‍പ്പെടുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം, അമേരിക്കന്‍ യുദ്ധ സ്മാരക കമ്മീഷന്‍ (American Battle Monuments Commission) യൂറോപ്പില്‍ ഇതുപോലെ ഉണ്ടായിരുന്ന അവരുടെ 8 സെമിത്തേരികളില്‍ ഓരോ ചാപ്പലും, ഓരോ യുദ്ധസ്മാരകവും പണിതുയര്‍ത്തി. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ മറ്റ് 17 സെമിത്തേരികള്‍ കൂടെ ലോകത്തിന്റെ പലഭാഗത്തായി ഉയര്‍ന്നുവന്നു. ശവമടക്കം ചെയ്യപ്പട്ട പട്ടാളക്കാരുടെ എണ്ണത്തിന്റെ 39 % മാത്രമേ ഇപ്പറഞ്ഞ എല്ലാ സെമിത്തേരികളിലും കൂടെ ഉള്ളൂ എന്നാണ് കണക്കുകള്‍. ബാക്കിയുള്ള 61 % പട്ടാളക്കാരുടെ ശരീരങ്ങള്‍ ബന്ധുജനങ്ങളുടെ ആവശ്യപ്രകാരം അവരവരുടെ നാടുകളിലേക്ക് തിരിച്ചെത്തിക്കുകയാണുണ്ടായത്.
ഇത്രയുമൊക്കെ മരിച്ചതിന് ശേഷം ഭാഗികമായെങ്കിലും മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ പറ്റിയ സൈനികരുടെ കണക്കുകളാണ്. യുദ്ധത്തിനുശേഷം കാണാതായ സൈനികരുടെ എണ്ണം ഇതിനേക്കാള്‍ വലുതാണ്. നോര്‍ത്ത് ആഫ്രിക്കയിലും, ഫ്രാന്‍സിലുമൊക്കെയായി കരയില്‍ത്തന്നെ മരിച്ചെങ്കിലും തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലുള്ള ശരീരങ്ങളാകുകയും, അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ അടിത്തട്ടിലൊക്കെ അന്ത്യനിദ്രപ്രാപിക്കുകയും ചെയ്ത പോരാളികളില്‍ ഭൂരിഭാഗവും(3524) ആര്‍മിയില്‍ നിന്നും എയര്‍ ഫോര്‍സില്‍ നിന്നും തന്നെ. നേവി (1371), കോസ്റ്റ് ഗാര്‍ഡ് (201), മറൈന്‍ കോര്‍പ്പ്സ് (30) എന്നീ സേനകളിലെയാണ് ബാക്കിയുള്ള സൈനികര്‍.
സെമിത്തേരിയുടെ പുറകുവശത്തായി ഒരു റോഡ് കാണുന്നുണ്ട്. റോഡിന് പുറകില്‍ ദൂരെയായി മഞ്ഞനിറത്തില്‍ കനോലപ്പാടം (റേപ്പ് സീഡ്)പൂത്തുനില്‍ക്കുന്നതുകണ്ടു. പുറകിലെത്തിയപ്പോള്‍ അതാണ് മുന്‍വാതില്‍ എന്ന് തോന്നിക്കുന്ന വിധം അവിടെയും അമേരിക്കന്‍ മിലിട്ടറി സെമിത്തേരി എന്ന് വലുതാക്കി എഴുതി വെച്ചിട്ടുണ്ട്. റോഡ് മുറിച്ചുകടന്ന് കനോലപ്പാടത്തിന്റെ ചില ചിത്രങ്ങളെടുത്തു. പതിവ് ചിത്രങ്ങളെപ്പോലെ അതുമത്ര നന്നായി പതിഞ്ഞില്ല.
തിരിച്ച് വീണ്ടും സെമിത്തേരിയിലേക്ക് കടന്നപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. മാര്‍ബിള്‍ കൊണ്ടുണ്ടാക്കി പരേതാന്മാവിന്റെ പേരും ജനനമരണത്തീയതിയും സൈന്യത്തിലെ റാങ്കുമെല്ലാം കൊത്തിവെച്ചിരിക്കുന്ന എല്ലാ തലക്കല്ലുകളും കുരിശുകളല്ല. ചിലത് നക്ഷത്രങ്ങളാണ്. നക്ഷത്രങ്ങള്‍ വനിതാ സൈനികരുടേതായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഊഹിച്ചു. പക്ഷെ ഉറപ്പിക്കാന്‍ വയ്യ. ആരോടെങ്കിലും ചോദിക്കാമെന്നുവെച്ചപ്പോള്‍ അടുത്തെങ്ങും ആരുമില്ല.
കുറച്ച് ദൂരെയായി മൂന്നാല് സ്ത്രീകള്‍ കുരിശൊക്കെ കഴുകി വൃത്തിയാക്കുന്നത് കണ്ടു. അവര്‍ക്കരികിലേക്ക് നടന്നു. മെയ് മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച്ച, മണ്ണടിഞ്ഞ അമേരിക്കന്‍ പട്ടാളക്കാരുടെ ഓര്‍മ്മ ദിവസമാണ്. നവംബര്‍ മാസത്തിലും ഇതുപോലൊരു ഓര്‍മ്മദിവസമുണ്ട്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കുരിശെല്ലാം വൃത്തിയാക്കുന്നത്. ആ ജോലി ചെയ്യുന്നവരെല്ലാവരും അമേരിക്കക്കാരാണ്. അവരുടെ ഒരു സൊസൈറ്റിയുണ്ട് കേംബ്രിഡ്‌ജില്‍. ഒരു സേവനമെന്ന നിലയ്ക്കാണ് ഈ വൃത്തിയാക്കല്‍ പരിപാടി നടക്കുന്നത്. കുരിശിനുപകരം നക്ഷത്രം വെച്ചിരിക്കുന്നതിനെപ്പറ്റി അക്കൂട്ടത്തിലെ മുതിര്‍ന്ന ഒരു സ്ത്രീയോട് ചോദിച്ചു.
ജ്യൂതന്മാരുടെ ശവകുടീരത്തിന് മുകളിലാണത്രേ കുരിശിന് പകരം നക്ഷത്രം കാണുന്നത്. അതൊരു വ്യത്യസ്ഥ അറിവായിയിരുന്നു. ജ്യൂതന്മാര്‍ പല കാര്യങ്ങളിലും പ്രത്യേകതയുള്ളവര്‍ തന്നെ. മട്ടാഞ്ചേരിയിലേയും, പറവൂരിലേയും ജ്യൂതത്തെരുവുകള്‍ വീടിന് വളരെ അടുത്തായിരുന്നിട്ടും ഇതൊക്കെ മുന്നേ മനസ്സിലാക്കാതെ പോയതില്‍ കുണ്ഡിതം തോന്നി.
കുരിശുകള്‍ വൃത്തിയാക്കുന്ന സ്ത്രീകള്‍ക്ക് നന്ദി പറഞ്ഞ് കുരിശുകള്‍ക്കിടയിലൂടെ വീണ്ടും നടന്നു. കുറച്ച് ദൂരെയായി ചാപ്പല്‍ കാണുന്നുണ്ട്. അവിടെക്കയറി കുറച്ച് നേരം ഇരിക്കാമെന്ന് കരുതി. ചാപ്പലിന്റെ മരത്തിലുണ്ടാക്കിയ വലിയ ഇരട്ടപ്പാളി വാതിലില്‍ യുദ്ധക്കപ്പലുകളുടേയും, പാറ്റണ്‍ ടാങ്കുകളുടേയുമെല്ലാം ത്രിമാന മാതൃകകള്‍ കൊത്തിവെച്ചിരിക്കുന്നു. ചാപ്പലിനകത്ത് ഒരു ചുമര്‍ മുഴുവനായി അമേരിക്ക നടത്തിയ യുദ്ധങ്ങളുടെ ഒരു കൂറ്റന്‍ മാപ്പ് സ്ഥാപിച്ചിരിക്കുന്നു.
അതിനുതാഴെ യുദ്ധചരിത്രമൊക്കെ എഴുതി വെച്ചിട്ടുണ്ട്. അതൊക്കെ വായിച്ച് മനസ്സിലാക്കി അവിടെ കുറേ നേരം നിന്നു. കോണ്‍വെന്റ് സ്കൂളില്‍ പഠിച്ചിട്ടുള്ളതുകൊണ്ട് കുരിശ് വരയ്ക്കാനറിയാം. അള്‍ത്താരയ്ക്ക് മുന്നില്‍ നിന്ന് കുരിശ് വരച്ച് ചാപ്പലില്‍ നിന്നും പുറത്തുകടന്നു.
യുദ്ധത്തിനുശേഷം, കാണാതായ 5126 പട്ടാളക്കാരുടേയും പേരുവിവരങ്ങള്‍ കൊത്തിവെച്ചിട്ടുള്ള 472 അടി നീളമുള്ള ഒരു വലിയ മതിലുതന്നെ ചാപ്പലിന്റെ ഇടതുവശത്ത് കണ്ടു. ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തുള്ള ക്വാറികളില്‍ നിന്നും കൊണ്ടുവന്ന പോര്‍ട്ട്‌ലാന്റ് സ്റ്റോണ്‍ എന്ന് വിളിക്കുന്ന കല്ലുകള്‍കൊണ്ടുണ്ടാക്കിയ ഈ മതിലിനെ ‘ടേബിള്‍ ഓഫ് മിസ്സിങ്ങ് ’ എന്നാണ് വിളിക്കുന്നത്.
‘റിഫ്ലക്‍ടിങ്ങ് പൂള്‍‘ എന്നുവിളിക്കുന്ന ജലാശയം ടേബിള്‍ ഓഫ് മിസ്സിങ്ങിന് സമാന്തരമായി നീണ്ടുനിവര്‍ന്ന് കിടക്കുന്നു. ടേബിള്‍ ഓഫ് മിസ്സിങ്ങിന്റെ മുകളിലായി ഒരറ്റത്തുനിന്ന് തുടങ്ങി മറ്റേ അറ്റം വരെ, വലിയ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഇങ്ങനെ കൊത്തിവെച്ചിട്ടുണ്ട്.
THE AMERICANS, WHOSE NAMES HERE APPEAR, WERE PART OF THE PRICE THAT FREE MEN FOR THE SECOND TIME IN THE CENTURY HAVE BEEN FORCED TO PAY TO DEFEND HUMAN LIBERTY AND RIGHTS. ALL WHO SHALL HEREAFTER LIVE IN FREEDOM WILL BE HERE REMINDED THAT TO THESE MEN AND THEIR COMRADES WE OWE A DEBT TO BE PAID WITH GRATEFUL REMEMBRANCE OF THEIR SACRIFICE AND WITH THE HIGH RESOLVE THAT THE CAUSE FOR WHICH THEY DIED SHALL LIVE ETERNALLY.
കൈയ്യിലുള്ള നോട്ടുബുക്കില്‍ അത് മുഴുവന്‍ എഴുതിയെടുത്ത് പതുക്കെ പതുക്കെ മുന്നോട്ട് നീങ്ങുന്ന എന്നെ സെമിത്തേരിയിലെത്തിയ മറ്റ് ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി. ആര്‍മി, നേവി, മറൈന്‍ കോര്‍പ്പ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നിങ്ങനെ എല്ലാ പട്ടാളക്കാരുടേയും ഓരോ പ്രതിമ വീതം ആ ചുമരില്‍ അലേഖനം ചെയ്തിട്ടുള്ള പേരുകള്‍ക്കിടയില്‍ പ്രൌഢഗംഭീരമായി നിലയുറപ്പിച്ചിട്ടുണ്ട്.
ചുമരിലുള്ള ഒരു പേരില്‍, അത് തെളിഞ്ഞ് കാണും വിധം നിറവ്യത്യാസമുള്ളത് ശ്രദ്ധിച്ചു. അതിന് കീഴെയായി കുറച്ച് പൂക്കളും കണ്ടു. ആ സൈനികന്റെ ഓര്‍മ്മദിവസം ആയിരിക്കണം ഇക്കഴിഞ്ഞ ദിവസങ്ങളിലേതോ ഒന്ന്. അദ്ദേഹത്തിന്റെ കുടുംബാഗങ്ങളോ, ബന്ധുജനങ്ങളോ, സുഹൃത്തുക്കളോ ആരെങ്കിലും കൊണ്ടുവെച്ച പൂക്കളാകാം അത്. പക്ഷെ, അതല്ല ആ നിറവ്യത്യാസത്തിന് കാരണമെന്ന് വീണ്ടും ഗേറ്റിനടുത്തെത്തിയപ്പോഴാണ് മനസ്സിലായത്. ഗേറ്റിന് മുന്നില്‍ അകത്തേക്ക് കടക്കുമ്പോള്‍ ഞാന്‍ കാണാന്‍ വിട്ടുപോയ ഒരു ഫലകത്തില്‍ അതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ആദ്യം കാണാതായവരുടെ കൂട്ടത്തില്‍പ്പെട്ടുപോയെങ്കിലും പിന്നീട് കണ്ടെടുത്ത പട്ടാളക്കാരുടെ പേരുകളാണ് നിറവ്യത്യാസത്തില്‍ കാണുന്നത്.
രണ്ടേകാല്‍ മണിക്കൂറായിക്കാണും സെമിത്തേരിയില്‍ എത്തിയിട്ട്. അടുത്ത 5 മിനിറ്റിനകം ഒരു ബസ്സ് വരും. അതില്‍ മടങ്ങാന്‍ പറ്റുമായിരിക്കും. ഗേറ്റിലേക്ക് തിരികെ നടക്കുമ്പോള്‍ മനസ്സ് ശോകമൂകമായിരുന്നു.
പതിനായിരക്കണക്കിന് പട്ടാളക്കാര്‍ യാതൊരു താല്‍പ്പര്യമില്ലാതിരുന്നിട്ടും, കോര്‍ട്ട് മാര്‍ഷല്‍ നേരിടേണ്ടിവരുമെന്ന് പേടിച്ച് മാത്രം സൈന്യത്തില്‍ തുടരുന്നു, യുദ്ധങ്ങളില്‍ പങ്കെടുക്കുന്നു, ജീവന്‍ ബലിയര്‍പ്പിക്കുന്നു. പുറത്ത് നിന്ന് കാണുന്നവര്‍ക്ക് പരുക്കനായിത്തോന്നുന്ന പട്ടാള യൂണിഫോമിനുള്ളിലെ നിസ്സഹായരായ ഒരുപറ്റം മനുഷ്യര്‍. ആരറിഞ്ഞു അവരുടെ ദുഖങ്ങള്‍ ? ആരറിഞ്ഞു അവരുടെ ഉറ്റവരുടേയും ഉടയവരുടേയും വ്യഥകള്‍ ?
ഞാനാ നില്‍ക്കുന്ന സിമിത്തേരിയില്‍ അന്ത്യനിദ്രപ്രാപിച്ചിരിക്കുന്ന സൈനികര്‍ക്കൊപ്പം, കാര്‍ഗില്‍, കാശ്‌മീര്‍, അഫ്‌ഗാനിസ്ഥാന്‍, ഇറാന്‍, ഇറാക്ക്, കുവൈറ്റ്, വിയറ്റ്നാം എന്നുതുടങ്ങി കേട്ടറിവുള്ള എല്ലാ യുദ്ധഭൂമികളിലും ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കെല്ലാം മനസ്സാ ഓരോപിടി വെളുത്ത പുഷ്പങ്ങള്‍ അര്‍പ്പിച്ച് ഗേറ്റിന് വെളിയില്‍ കടന്നപ്പോഴേക്കും ‘ഹോപ്പ് ഓണ് ഹോപ്പ് ഓഫ് ‘ബസ്സവിടെ എത്തിക്കഴിഞ്ഞിരുന്നു.
വിശപ്പും ദാഹവും ശരീരത്തിനേയും, സെമിത്തേരിയിലെ അനുഭവം മനസ്സിനേയും ശരിക്കും തളര്‍ത്തിക്കഴിഞ്ഞിരുന്നു. പെട്ടെന്ന് തന്നെ ബസ്സില്‍ക്കയറി ഒരു സീറ്റിലിടം പിടിച്ചതുകൊണ്ട് കുഴഞ്ഞ് വീഴാതെ രക്ഷപ്പെട്ടു.
കൂടുതല്‍ പേര്‍ കയറാനുള്ളതുകൊണ്ട് ബസ്സ് പതിവിലധികനേരം അവിടെ കാത്തുനിന്നെങ്കിലും അധികം വൈകാതെ കേംബ്രിഡ്ജ് സിറ്റി സെന്ററിലേക്ക് യാത്രയായി. കൂടെ വന്നവര്‍ പീറ്റര്‍ബറോയിലേക്കുള്ള മടക്കയാത്രയ്ക്ക് റെഡിയായി കാത്തുനില്‍ക്കുന്നുണ്ടാകും.
ഇന്നത്തേക്ക് ഇത്രമതി യാത്ര. ഇരുട്ടുന്നതിന് മുന്നേ വീട്ടിലെത്തണം. അതിന് മുന്നേ സിറ്റി സെന്ററില്‍ നിന്ന് വല്ലതും കഴിക്കണം. വിശപ്പ് ഇനിയും പിടിച്ചുനിര്‍ത്തിയാല്‍, പട്ടിണി കിടന്ന് മരിച്ച മലയാളികള്‍ക്കുള്ള വല്ല സെമിത്തേരിയും കേംബ്രിഡ്‌ജില്‍ ഉണ്ടോയെന്ന് അന്വേഷിക്കേണ്ടിവരും.