Wednesday 28 November 2007

ഇഡ്ഡലി തിന്നാന്‍വേണ്ടിയൊരു യാത്ര

ഡ്ഡലി തിന്നാന്‍ വേണ്ടിയൊരു യാത്ര. അതും, രാവിലെ 4 മണിക്കു്‌ എഴുന്നേറ്റു്‌. കേട്ടിട്ടു്‌ കൌതുകം തോന്നുന്നുണ്ടാകും!!!

നാലഞ്ച്‌ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, ഒരു പ്രമുഖ മലയാള പത്രത്തിന്റെ സണ്‍ഡെ സപ്ലിമെന്റില്‍ കണ്ട ഒരു വാര്‍ത്തയെ ആധാരമാക്കിയായിരുന്നു ആ യാത്ര. പാലക്കാടുള്ള രാമശ്ശേരി എന്ന സ്ഥലത്ത്‌ ഉണ്ടാക്കുന്ന പ്രത്യേകതരം ഇഡ്ഡലിയെപ്പറ്റിയായിരുന്നു ആ ഫീച്ചർ. പ്രത്യേകതരം അടുപ്പിൽ, പ്രത്യേകതരം മണ്‍പാത്രത്തിൽ, വിറകുകത്തിച്ചുമാത്രം ഉണ്ടാക്കുന്ന ഇഡ്ഡലിയെപ്പറ്റി കൊതിപ്പിക്കുംവിധമാണ്‌ എഴുതിപ്പിടിപ്പിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ, ഒരു ഇഡ്ഡലിക്കൊതിയനല്ലാതിരുന്നിട്ടുകൂടെ എന്റെ വായിലും വെള്ളമൂറി. എങ്കിലിതൊന്നു കഴിച്ചിട്ടുതന്നെ ബാക്കി കാര്യം. പക്ഷെ ഇതിനുവേണ്ടിമാത്രം, പാലക്കാടുവരെ പോകാനുള്ള സമയം ഉണ്ടായിരുന്നില്ല.

ഒന്നുരണ്ടുവര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി. 2004ൽ, വാമഭാഗത്തിന്‌ ബാഗ്ലൂര്‍ മഹാനഗരത്തിലേക്ക്‌ ജോലിമാറ്റമായി. പിന്നെ രണ്ടരവര്‍ഷം താമസം അവിടെയായിരുന്നു. രണ്ടുമാസത്തിലൊരിക്കൽ, എണ്ണപ്പാടത്തെ പണിയെല്ലാം കഴിഞ്ഞ്‌ , ലീവിന്‌ ബാഗ്ലൂര് വരുമ്പോൾ, ആറുവയസ്സുകാരി മകളേയും, മുഴങ്ങോട്ടുകാരി ഭാര്യയുമായി എറണാകുളത്തേക്കൊരുയാത്ര പതിവാണ്‌. മിക്കവാറും കാറിലായിരിക്കും യാത്ര. 10 മണിക്കൂറിലധികം വരുന്ന ഈ യാത്രയും, ഡ്രൈവിങ്ങും ഞാന്‍ ശരിക്കുമാസ്വദിച്ചിരുന്നു. അങ്ങിനെയൊരു ബാഗ്ലൂർ-എറണാകുളം യാത്രയില്‍ പാലക്കാട് ഹൈവെയില്‍വെച്ച് ഒരു മിന്നായം പോലെ ഞാൻ ആ ബോര്‍ഡ് കണ്ടു.

........രാമശ്ശേരി........

പോള്ളച്ചിയിലേക്ക്‌ റോഡ്‌ തിരിയുന്നതിനുന്‌ ഏകദേശം 5 കിലോമീറ്റര്‍ മുന്‍പായി‌ ഇടതുവശത്ത്‌, ഒരു കൊച്ചുവഴി ഉള്ളിലേക്കുപോകുന്നു. സമയം ഉച്ചയ്ക്ക്‌ 2 മണി കഴിഞ്ഞുകാണും. വാളയാര്‍ കടന്നാല്‍പ്പിന്നെ എളുപ്പം വീടുപിടിക്കാനാണ്‌ ശ്രമം. ഇഡ്ഡലികഴിക്കാന്‍ പറ്റിയ സമയവുമല്ല.

മനസ്സില്‍ അപ്പോള്‍ത്തന്നെ പദ്ധതിയിട്ടു. മടക്കയാത്രയില്‍ ബ്രേക്ക്‌ഫാസ്റ്റ്‌ രാമശ്ശേരി ഇഡ്ഡലിതന്നെ. സാധാരണ രാവിലെ 5നും, 6നും ഇടയില്‍ മടക്കയാത്ര ആരംഭിക്കാറുണ്ട്‌. തൃശൂർ-പാലക്കാട്‌ റൂട്ടിലെ ഒരു കോഫി ഹൌസില്‍ നിന്നാണ്‌ ബ്രേക്ക്‍‍ഫാസ്റ്റ്‌ പതിവ്‌. ഇപ്രാവശ്യം 4:30ന് യാത്ര ആരംഭിച്ചു. പരിചയമില്ലാത്ത സ്ഥലത്തല്ലെ പോകേണ്ടത്‌. കുറച്ച്‌ നേരത്തേ ഇറങ്ങുന്നതില്‍ തെറ്റില്ലല്ലോ?

8 മണിക്കുമുന്‍പുതന്നെ രാമശ്ശേരിക്കുള്ള വഴി തിരിയുന്നിടത്തെത്തി. അവിടുന്നങ്ങോട്ടുള്ള വഴി, ഒരു നല്ല നാട്ടിന്‍പുറത്തിന്റെ എല്ലാ ലക്ഷണങ്ങളുമൊത്തിണങ്ങിയതായിരുന്നു. 2 കിലോമീറ്ററോളം അകത്തേക്കുചെന്നപ്പോള്‍ വഴിതെറ്റിയോന്നൊരു സംശയം?!

മുണ്ടുമാത്രം ഉടുത്ത്‌ നടന്നുപോകുന്ന ഒരു നാട്ടിന്‍പുറത്തുകാരന്റെ അടുത്ത്‌ വണ്ടി നിര്‍ത്തി.

" ചേട്ടാ, രാമശ്ശേരിയിലേക്കുള്ള വഴി ഇതുതന്നെയല്ലേ?"
" ഇഡ്ഡലി കഴിക്കാനല്ലേ? നേരെ പോയി വലത്തോട്ട്‌ തിരിഞ്ഞാല്‍ മതി."

ചെറിയൊരു ഇളിഭ്യത തോന്നാതിരുന്നില്ല. എല്ലാവര്‍ക്കും മനസ്സിലായിരിക്കുന്നു അതിരാവിലെ ഇഡ്ഡലി തിന്നാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന്‌ !!!

എന്തായാലും, ഇഡ്ഡലി ഇക്കരയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചതാണെന്നുറപ്പായി. വലത്തോട്ടുള്ള വളവുതിരിഞ്ഞപ്പോൾ, വലത്തുവശത്തുള്ള പഞ്ചായത്ത്‌ ടാപ്പിന്റെ ചുറ്റും വെള്ളമെടുക്കാന്‍ വന്നിരിക്കുന്ന സ്ത്രീകളുടെയെല്ലാവരുടെയും മുഖത്ത്‌ ഒരു ചെറു ചിരി. എല്ലാവര്‍ക്കും കാര്യം മനസ്സിലായിരിക്കുന്നു. കര്‍ണ്ണാടക രജിസ്ട്രേഷന്‍ വണ്ടി, ഈ സമയത്തിവിടെ വരണമെങ്കില്‍ അതിനുകാരണം ഇഡ്ഡലി തന്നെയാണെന്നവര്‍ക്കുറപ്പാണ്‌.

നാറ്റക്കേസായോ? മടങ്ങിപ്പോകണോ?.......
ഇല്ല. മടങ്ങുന്നില്ല. വരുന്നിടത്തുവച്ചുകാണാം. ഇഡ്ഡലി തിന്നിട്ടുതന്നെ ബാക്കി കാര്യം.

വീണ്ടും 1 കിലോമീറ്റര്‍ പോയിക്കാണും. ഇടത്തുവശത്ത്‌ ഒരമ്പലത്തിന്റെ മതില്‍ക്കെട്ടിന്‌ ഓരം ചേര്‍ത്ത്‌ വണ്ടി നിര്‍ത്തി. മറുവശത്തായി ഒരു ചായക്കട. ഭഗവതിവിലാസം ചായക്കടയെന്നൊക്കെപ്പറയില്ലെ? അതുതന്നെ സെറ്റപ്പ്‌.

അകത്തുകയറി ഇഡ്ഡലിക്ക്‌ ഓര്‍ഡര്‍ കൊടുത്തു. ഫ്രഷ്‌ ഇഡ്ഡലി വേണമെങ്കില്‍ കുറച്ച്‌ താമസിക്കും. രണ്ട്‌ ഇഡ്ഡലി ഉണ്ടാക്കാന്‍ അരമണിക്കൂര്‍ സമയമെടുക്കുമത്രേ. ഇഡ്ഡലിയുടെ ആകൃതിയിലും ചെറിയ വ്യത്യാസം ഉണ്ട്‌. അപ്പം പോലെ കുറച്ച്‌ പരന്നിട്ടാണ്‌. വട്ടം സാധാരണ ഇഡ്ഡലിയേക്കാള്‍ കൂടുതലാണ്‌. മേശപ്പുറത്ത്‌ ഇഡ്ഡലി വരുന്നതിനിടയിൽ, ഞാന്‍ അടുക്കളയിലേക്കൊന്ന്‌ കയറിനോക്കി. നാലഞ്ച്‌ കല്ലടുപ്പുകളിലായി തിരക്കിട്ട പാചകം നടക്കുന്നു. കണ്ടിട്ട്‌ എല്ലാം ഇഡ്ഡലി തന്നെയാണെന്ന്‌ തോന്നുന്നു. വിളമ്പലുകാരനുമായി ലോഹ്യം പറഞ്ഞപ്പോള്‍ ഇഡ്ഡലിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കിട്ടി. ഹൈവെയിലുള്ള മറ്റുഹോട്ടലുകളിലും രാമശ്ശേരി ഇഡ്ഡലി കിട്ടും. എല്ലാം ഇവിടന്നുതന്നെ ഉണ്ടാക്കി എത്തിച്ചുകൊടുക്കുന്നതാണെന്നുമാത്രം. അതിന്റെ തിരക്കാണ്‌ അടുക്കളയിൽ. പകല്‍മുഴുവന്‍ ഇഡ്ഡലി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കും.

രാമശ്ശേരി ഇഡ്ഡലി - (ചിത്രം : ഷാജി മുള്ളൂക്കാരൻ‌)
അപ്പോള്‍ ന്യായമായും ഉയരാവുന്ന ഒരു സംശയമുണ്ട്‌ !? വൈകുന്നേരമാകുമ്പോളേക്കും ഇഡ്ഡലി ചീത്തയായിപ്പോകില്ലേ? ഇല്ല. ഈ ഇഡ്ഡലി ഒരാഴ്ച വരെ, ഒരു കേടുപാടും, രുചിവ്യത്യാസവുമില്ലാതെ ഇരുന്നോളും.

പത്രത്തില്‍ വായിച്ചിരുന്ന മറ്റൊരുകാര്യം ഓര്‍മ്മ വന്നു. രാമശ്ശേരി ഇഡ്ഡലിയുടെ പ്രശസ്തി വിറ്റു കാശാക്കാന്‍ വേണ്ടി, ഒരു പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പുകാര്‍ ഒരു ശ്രമം നടത്തി. ഇവിടന്നൊരു പാചകക്കാരി സ്ത്രീയെക്കൊണ്ടുപോയി അവരുടെ 5 സ്റ്റാര്‍ അടുക്കളയില്‍, ഇഡ്ഡലി ഉണ്ടാക്കാന്‍ ഒന്നു ശ്രമിച്ചു നോക്കി. പക്ഷെ പണി പാളി. ഗ്യാസടുപ്പും, സ്റ്റീല്‍പ്പാത്രങ്ങളുമുപയോഗിച്ച്‌ രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കാന്‍ പറ്റില്ലെന്നുള്ള തിരിച്ചറിവുകൂടിയായിരുന്നത്‌.

സ്വാദിലും, ആകൃതിയിലും വ്യത്യാസമുള്ള ഇഡ്ഡലി ആസ്വദിച്ചുതന്നെ കഴിച്ചു. അവിടെത്തന്നെയുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയും, പരീക്ഷണാര്‍ത്ഥം ഒരു ഡസന്‍ ഇഡ്ഡലിയും പൊതിഞ്ഞുവാങ്ങുകയും ചെയ്തു. 3 ദിവസം വരെ ഒരു കുഴപ്പവുമില്ലാതെ ഞങ്ങളത്‌ കഴിക്കുകയും ചെയ്തു. അതിനുമുകളില്‍ പരീക്ഷണം നീട്ടിക്കൊണ്ടുപോകാനുള്ള ധൈര്യം അന്നുണ്ടായിരുന്നില്ല.

ഹൈവേയിലേക്കുള്ള മടക്കയാത്രയിലും, ഇഡ്ഡലിതീറ്റക്കാരായ ഞങ്ങളെ നോക്കി ചിരിക്കുന്ന പല മുഖങ്ങളും കണ്ടു. പക്ഷെ ഇപ്പോള്‍ യാതൊരുവിധത്തിലുമുള്ള നാണക്കേടോ, ചമ്മലോ തോന്നിയില്ല. പകരം, മഹത്തായ എന്തോ ഒരു കാര്യം‌ ചെയ്തുതീര്‍ത്തതിന്റെ അനുഭൂതി മാത്രം.

28 comments:

  1. ആദ്യത്തെ യാത്രക്കുറിപ്പു്‌ വരുന്നതിനുമുന്‍പുതന്നെ,
    "എന്തായാലും എഴുതൂ സുഹൃത്തേ "
    എന്നാശംസിച്ച ശ്രീക്കും,

    "പുതിയ യാത്രാനുഭങ്ങള്‍ക്കു്‌ സ്വാഗതം" എന്നു്‌ പ്രോത്സാഹിപ്പിച്ച
    സുല്‍ -ലിനും ഞാനെന്റെയീ ആദ്യത്തെ യാത്രാക്കുറിപ്പു്‌ സമര്‍പ്പിക്കുന്നു.

    നിരക്ഷരന്‍
    (അന്നും, ഇന്നും, എപ്പോഴും)

    ReplyDelete
  2. ഒരു പുതിയറിവ്..നന്ദി...!

    ഇപ്പോള്‍ ചില tv ചാനലുകളില്‍ ഇതുപോലെയുള്ള അപൂര്‍വ്വമായ പാചക കലകള്‍ കാണിക്കാറുണ്ട്. എന്തൊക്കെപ്പറഞ്ഞാലും സ്വാദ് നാവില്‍ നില്‍ക്കുന്ന എല്ലാ പാചകങ്ങളും വിറകടുപ്പില്‍ വച്ചുണ്ടാക്കുന്നതാണ്

    ReplyDelete
  3. ഇതിനെപറ്റി പണ്ടെവിടെയോ വായിച്ചതോര്‍ക്കുന്നു..
    മൂന്നു ദിവസം കഴിഞ്ഞിട്ടും അതിനൊരു രുചിവ്യത്യാസവും വന്നില്ലേ?

    ReplyDelete
  4. ഇഡ്ഡലി തിന്നാന്‍ വേണ്ടിയൊരു യാത്രയുടെ വിവരണം നന്നായിട്ടുണ്ട്...കൊച്ചുത്രേസ്യ ചോദിച്ച സംശയം എനിക്കുമുണ്ട്...:)

    ReplyDelete
  5. മനോഹരമായ ഒരു കൊച്ചു യാത്രാവിവരണം. ഇഡ്ഢലി തേടിയുള്ള യാത്ര! ആ ഇഡ്ഡലിയെപ്പറ്റിയുള്ള കൊതിപ്പിയ്ക്കുന്ന വിവരണം. (അന്ന് ഫോട്ടോസെടുക്കാന്‍‌ തോന്നിയിരിക്കില്ല, അല്ലേ? അതു കൂടി ഉണ്ടായിരുന്നെങ്കില്‍‌ കുറേക്കൂടി കേമമാകുമായിരുന്നു)

    ഇനിയും എഴുതൂ...

    :)

    [സമര്‍‌പ്പണത്തിനു നന്ദീട്ടോ]

    ReplyDelete
  6. സമര്‍പ്പിച്ച ഇഡ്ഡലി സ്വീകരിച്ചിരിക്കുന്നു.
    ഇവിടെ കുറച്ച് മുഡ്ഡലിയുണ്ട്. എടുക്കാം :)

    -സുല്‍

    ReplyDelete
  7. ഈ ഇഡ്ഡലിയെക്കുറിച്ച് കേട്ടിട്ടുണ്ട്. ഒരിക്കല്‍ പരീക്ഷിക്കണം.
    നല്ല വിവരണം.

    ReplyDelete
  8. അവിടെയ്ക്കുള്ള വഴി ഒന്നുകൂടി വ്യക്തമായി എഴുതാമോ?

    ReplyDelete
  9. KH Mohan hembaba@asianetindia.com 5:24 am (1½ hours ago)
    to Manoj Ravindran manojravindran@gmail.com
    date Nov 29, 2007 5:24 AM
    subject Ramassery idly

    Hi Ambady,
    Read your new blog. You didn't tell me about this special Ramassery idly. Sounds good. I am curious to have first-hand
    (first-tongue) taste of it.

    Love
    maman

    ReplyDelete
  10. ങ്യാ !! പാപം കിട്ടും...!!

    [ഓഫ്: തണുപ്പത്ത് 5:30ന‍് എഴുന്നേറ്റ് 50 മിനിറ്റ് വണ്ടീലിരുന്നു പോയിട്ടുണ്ട് പുട്ടും കടലേം കഴിക്കാന്‍. ഇവ്ടെ, കല്‍‌ക്കട്ടേല്. :-( ]

    ReplyDelete
  11. കമന്റടിച്ച എല്ലാവര്‍ക്കും എന്റെ വക ഓരോ virtual രാമശ്ശേരി ഇഡ്ഡലി സമ്മാനം.
    കുഞ്ഞന്‍,ശ്രീ, സുല്‍, വാല്‍മീകി, രജീഷു്‌, ജിഹേഷു്‌, കൊച്ചുത്രേസ്യ, മയൂര, ഹേമുമാമന്‍. എല്ലാവരും ഭേഷാ കഴിച്ചോളൂ.

    കൊച്ചുത്രേസ്യാക്കൊച്ചിന്റേയും, മയൂരയുടേയും സംശയം ന്യായം തന്നെ.
    3 ദിവസത്തിനുശേഷവും ഒരു രുചിവ്യത്യാസവുമില്ലായിരുന്നു കൊച്ചുങ്ങളെ.
    പണ്ടൊക്കെ ഒരാഴ്ചയില്‍ക്കൂടുതല്‍ ഇരിക്കുമായിരുന്നെന്നാണു്‌ ചായക്കടക്കാരന്‍ പറഞ്ഞതു്‌. ഇപ്പോള്‍ കിട്ടുന്ന വിറകിന്റെ ഗുണനിലവാരം മോശമാണത്രേ. അതിനിനി ഗ്ലോബല്‍ വാമിംഗുമായി എന്തെങ്കിലും ബന്ധമുണ്ടോ ആവോ?!

    എന്തായാലും ത്രേസ്യാക്കൊച്ചു്‌ രാമശ്ശേരി ഇഡ്ഡലി അധികം കഴിക്കണ്ട. അതു കഴിച്ചാല്‍ വണ്ണം കൂടുമെന്നു്‌ കടക്കാരന്‍ പറഞ്ഞോ എന്നൊരു സംശയം. വണ്ണം കൂടിയാല്‍, ബാഗ്ലൂരുള്ള " ഓട്ടപ്പരിപാടിക്കു്‌ " ബുദ്ധിമുട്ടാകില്ലെ?! (തമാശിച്ചതാണു്‌ കൊച്ചേ.)

    ഇങ്ങനേയും പല സംഭവങ്ങളും നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്നുണ്ടു്‌. എല്ലാവരും ഒന്നു പോയി കഴിച്ചു നോക്കണം. കെ.എച്ച്‌. മോഹന്‍ (എന്റെ അമ്മാവനാണു്‌ കെട്ടോ) എന്തായാലും പോകുമെന്നെനിക്കുറപ്പാണു്‌.

    വഴി പറഞ്ഞുകൊടുത്താല്‍ ജിഹേഷും പോകുമെന്നു തോന്നുന്നു. എനിക്കറിയുന്നപോലെ പറഞ്ഞുതരാം.കാറില്‍പ്പോകാനുള്ള വഴിയേ എനിക്കറിയൂ. ഇനി ബസ്സിലാണേലും വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകാന്‍ വഴിയില്ല.
    പാലക്കാടു്‌ നിന്നു്‌ കോയമ്പത്തൂര്‍ പോകുന്നവഴി(ഹൈവേയില്‍ത്തന്നെ) വലത്തുവശത്തേക്കു്‌ പൊള്ളാച്ചിക്കു്‌ വഴി തിരിയുന്നതു്‌ നോക്കിപ്പോകണം. ആ വഴി കണ്ടുകഴിഞ്ഞാല്‍ വീണ്ടും ഏകദേശം 5 കിലോമീറ്ററോളം മുന്നോട്ടു്‌ പോകണം. വലത്തുവശത്തു്‌ രാമശ്ശേരി എന്നു ഹൈവേ ബോര്‍ഡുകാണാം. വഴിയും വലത്തോട്ടുതന്നെ. ആ നാട്ടുവഴിയിലേക്കു കയറിയാല്‍ പിന്നെ രക്ഷപ്പെട്ടു. ആരോടുചോദിച്ചാലും മതി. ചോദിക്കുന്നതിനുമുന്‍പ്‌ അവര്‍ ''ചിരി '' തുടങ്ങുമെന്നു മാത്രം. പോയി കഴിച്ചുവന്നിട്ടു്‌ വിവരം അറിയിക്കണേ.

    എന്തിനാ രജീഷെ പാപം കിട്ടുന്നേ. ഇഡ്ഡലി തിന്നാന്‍ പോയോണ്ടാണോ?
    എന്തായാലും, പുട്ടുതിന്നാനും ഇത്രയും ബുദ്ധിമുട്ടുണ്ടെന്നു്‌ ഇപ്പോഴാണു്‌ മനസ്സിലായതു്‌. ബംഗാളികളും, മലയാളികളും തമ്മില്‍ ഒരുപാടു്‌ സമാനതകളുണ്ടെന്നു്‌ കേട്ടിട്ടുണ്ട്‌. അവമ്മാരോടു്‌ കുറച്ച്‌ അടുത്തെവിടെയെങ്കിലും പുട്ടുണ്ടാക്കാന്‍ പറ. ഞാന്‍ വേണേല്‍ പോളിറ്റ്‌ ബ്യൂറോ വഴി ഒരു ശ്രമം നടത്താം

    നിരക്ഷരന്‍
    (അന്നും, ഇന്നും, എപ്പോഴും)

    ReplyDelete
  12. എന്റെ നിരക്ഷരാ, ഇതിനുമുമ്പ് ഇവിടെ വന്ന ഇഡലി കൊതിയന്‍ ശ്രീപറഞ്ഞാണ് ഇവിടെയെത്തിയത്. കഷ്ടം.. വായില്‍ വെള്ളമൂറിച്ചതല്ലാതെ ഒരു കഷ്ണം പോലും ... (ദുഷ്ട്!!) ഒരു ഫോട്ടോയെങ്കിലും ഇവിടെ ഇടാമായിരുന്നു.

    ReplyDelete
  13. ഇതു വായിച്ചിട്ട് എനിക്കും രാമശ്ശേരിയില്‍ പോയി ഇഡ്ഡലി തിന്നാന്‍ തോന്നുന്നു. :)

    ReplyDelete
  14. യാത്രയെപ്പറ്റി നല്ലതുതന്നെ തോന്നി.കൂടെ പുതിയൊരറിവ് തന്നതിന് നന്ദിയും.
    എഴുത്ത് നന്നായിട്ടുണ്ട്.

    ReplyDelete
  15. അപ്പൂ, ആഷ, സതീഷ്...ഇഡ്ഡലി തിന്നാന്‍ വന്നതിന്‌ ഒരുപാട് നന്ദി.
    അപ്പൂസേ അന്നെനിക്ക് പടമെടുക്കാന്‍ പറ്റിയില്ല. ബാഗ്ലൂര്‍ യാത്രയ്ക്കിടയിലായിരുന്നല്ലോ ഇഡ്ഡലി തീറ്റ. ക്യാമറ ബാഗിലെവിടെയോ എടുക്കാന്‍ പറ്റാത്തിടത്തായിപ്പോയി.

    സാരമില്ല. ജിഹേഷ് ഇഡ്ഡലി തിന്നാന്‍ പോയിട്ടുണ്ട്.
    ചിലപ്പോള്‍ കുറച്ച് പടവും കൊണ്ടുവരുമായിരിക്കും.

    ReplyDelete
  16. Dear Manoj.
    What you said about iddli at 5 star hotel is right. I visited there in 1993/1994 and my host explained about Ramassei Iddli.
    I was not at all a iddli fan and
    only becos of his explanation I tasted it and was very nice.
    Now after reading your blog I got confused....if that was not prepared as per their traditional way, then how tasty the original will be.....now I have to make a trip to ramasseri for it.......

    thanks for the mouth watering writing....great....

    Faizal
    (iniyippo blog cheyyan oru thattikoottu perum kandupidikanamallo.....)

    ReplyDelete
  17. Dear Manoj
    That was a good post ,i did one similar after tasting those delicious idlis ,below is the link
    http://hariwrite.blogspot.com/2009/07/ramaserry-idlis.html

    ReplyDelete
  18. നന്നായിരിക്കുന്നു

    ReplyDelete
  19. യാത്രാ വിവരണം നന്നായിരിക്കുന്നു...കൊതിവരുവോള്ളം ഇഡ്ഡലിയെ കുറിച്ചു വര്‍ണ്ണിച്ചു.. ആ ഇഡ്ഡലിയുടെ ഫോട്ടോ കൂടി പോസ്റ്റ്‌ല്‍ ഉള്‍പ്പെടുതാമായിരുന്നു...

    ReplyDelete
  20. vazhi thetty ethichernnathanu....

    mothathil ishttapettuu......

    ReplyDelete
  21. Hi,
    Got the link to the blog through MR Linu, Bahrain.

    Great write up... Some photos along with would have made it more interesting. Going through other posts

    Saji Antony

    ReplyDelete
  22. ഈ യാത്രാവിവരണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാന്‍ ഇതുവഴി വഴി പോകൂ. മൊഴിമാറ്റം നടത്തിയത് ശ്രീമതി ഗീതാ മനോജ്.

    ReplyDelete
  23. How to write malayalam here?

    ReplyDelete
  24. @anoop kurumathur - ഈ ലിങ്ക് വഴി പോയി നോക്കി വായിച്ച് അപ്രകാരം ചെയ്താൽ മനോഹരമായി മലയാളം എഴുതാം.
    http://shijualex.blogspot.com/2011/03/blog-post_16.html

    ReplyDelete
  25. Hi,
    I am Santhosh.K.C and likes to contact with you my number is 9495039817,santhoshkc111@gmail.com.
    With regards

    ReplyDelete
  26. Hi
    I am santhosh.K.C and likes to have a contact with you.My number is 09495039817,e mail- santhoshkc111@gmail.com
    With regards

    ReplyDelete
  27. Chetta valare nandi ee vartha njanum vayichu boardum kandu , kazhkan pattya stalam paranju tanathnu nandi

    ReplyDelete
  28. iddali kazhicha pratheethi. lalithamaaya bhaashayil rasakaramaaya ezhuth.ottum boaradippichilla. asooya maathram ezhuthinodum yaathrakalodum

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.