Wednesday, 12 February 2014

'പത്താം മൈൽ' രഹസ്യം തേടി.


കൊച്ചിൻ ട്രക്കിങ്ങ് ക്ലബ്ബ് ശ്രീ.സിബി മൂന്നാറിന്റെ നേതൃത്വത്തിൽ കുറെയേറെ നാളുകളായിട്ട് നടന്നുകൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ്. പക്ഷേ, എനിക്കതിൽ ചേരാനുള്ള അവസരം ഒത്തുവന്നത് ഇക്കൊല്ലം മാത്രമാണ്. ചേർന്നതിന് ശേഷം ഒന്നുരണ്ട് ട്രക്കിങ്ങുകൾ കഴിഞ്ഞെങ്കിലും പങ്കെടുക്കാനായില്ല. അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാനാവില്ലല്ലോ ? അതുകൊണ്ട് ഫെബ്രുവരി 8ന് ക്ലബ്ബ് പദ്ധതിയിട്ട ‘പത്താം മൈൽ‘ നടത്തത്തിൽ പങ്കുകൊള്ളാൻ തന്നെ തീരുമാനമെടുത്തു.


ട്രക്കിങ്ങിനെപ്പറ്റി പറയുന്നതിന് മുന്നേ സിബി മൂന്നാറുമായുള്ള സൌഹൃദത്തെപ്പറ്റി അൽ‌പ്പം പറയാതെ വയ്യ. 2011 ഡിസംബറിൽ മലയാളം വാരികയിൽ ഗീരീഷ് ജനാർദ്ദനൻ എഴുതിയ ലേഖനത്തിലൂടെയാണ് സിബിയെപ്പറ്റി അറിയുന്നത്. പിന്നീട് ഓൺലൈനിലും ഫോണിലുമൊക്കെ പലപ്പോഴും ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും നേരിൽ കാണാൻ പലകാരണങ്ങൾകൊണ്ടും സാധിച്ചില്ല. അതിനുള്ള അവസരം കൂടെയാണ് ഈ ട്രക്കിങ്ങിലൂടെ കിട്ടാൻ പോകുന്നത്.

മലയാളം വാരികയിൽ സിബി മൂന്നാറിനെപ്പറ്റി....
മൂന്നാറിൽ പത്താം മൈൽ എന്ന് പേരുള്ള ഒരുപാട് ഗ്രാമങ്ങളുണ്ട്. അതിന്റെ പിന്നിലൊരു രഹസ്യവുമുണ്ട്. അത് മനസ്സിലാക്കാനും കണ്ടറിയാനും വേണ്ടിയാണ് ഈ യാത്ര. 16 കിലോമീറ്ററോളം വരുന്ന നടത്തം കാട്ടിലൂടെയൊന്നുമല്ല. ഗതാഗതം കുറവായ എസ്റ്റേറ്റ് പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഉപയോഗിക്കേണ്ട പാദരക്ഷ, വെള്ളം എടുക്കാൻ കൊണ്ടുവരേണ്ട കുപ്പി, ചിലവാകാൻ സാദ്ധ്യതയുള്ള പണം, ബസ്സിന്റെ സമയം എന്ന് തുടങ്ങി എല്ലാക്കാര്യങ്ങളും വിശദമാക്കിക്കൊണ്ടുള്ള ഈ-മെയിൽ വന്നു. 20 പേർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ട് പേർ അവസാനദിവസം പിന്മാറി.

രാവിലെ 01:30ന് എറണാകുളം ട്രാൻസ്പോർട്ട് ബസ്സ് സ്റ്റാന്റിൽ നിന്ന് മൂന്നാർ ബസ്സ് ഒരെണ്ണം പുറപ്പെടുന്നുണ്ട്. നേരം വെളുക്കുന്നതോടെ അത് മൂന്നാറെത്തും. ബസ്സിലിരുന്ന് മൂന്നോ നാലോ മണിക്കൂർ ഉറങ്ങാം. ഉറങ്ങിയേ പറ്റൂ. അല്ലെങ്കിൽ 16 കിലോമീറ്റർ നടത്തം വിചാരിച്ചത് പോലെ അനായാസം പൂർത്തിയാക്കാൻ പറ്റിയെന്ന് വരില്ല.

കച്ചേരിപ്പടിയിൽ നിന്ന് ഓട്ടോ പിടിച്ച് ബസ്സ് സ്റ്റാന്റിൽ എത്താമെന്നുള്ള ആഗ്രഹം ഓട്ടോ റിക്ഷാ സമരം കാരണം നടന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ട്രക്കിങ്ങ് ഇങ്ങ് എറണാകുളത്ത് വെച്ചു അർദ്ധരാത്രിക്ക് തന്നെ ആരംഭിച്ചു. സ്റ്റാന്റിൽ ചെന്നപ്പോൽ ഒരു പടയ്ക്കുള്ള ജനമുണ്ട് അവിടെ. എന്നാലും ക്ലബ്ബ് അംഗങ്ങളിൽ പലരേയും ആ തിരിക്കിനിടയിലും തിരിച്ചറിഞ്ഞു. രമേശ് ബാബു. അനിൽ, ജോസ് ജസ്റ്റിൻ, മനു ജസ്റ്റിൻ, അതുൽ ഡോമിച്ചൻ എന്നിങ്ങനെ 10 പേരുണ്ട് എറണാകുളത്തുനിന്ന്. ഒരാൾ ആലുവയിൽ നിന്ന് കയറും. എല്ലാവരും പെട്ടെന്ന് തന്നെ പരിചയക്കാരായി. ഒരാൾ തന്നെ എല്ലാവരുടേയും ടിക്കറ്റെടുത്തു. ബസ്സ് മൂന്നാറിലേക്ക്. ആലുവ എത്തുന്നതിന് മുന്നേതന്നെ ഞാൻ നിദ്രാദേവിയുമായി ചങ്ങാത്തത്തിലായി.

ഉറക്കത്തിനിടയിൽ എപ്പോഴോ കാലാവസ്ഥ മാറിയത് തിരിച്ചറിഞ്ഞു. തണുപ്പ് ചെവി തുളച്ച് കടക്കാൻ തുടങ്ങിയിരിക്കുന്നു. മങ്കിത്തൊപ്പി എടുത്തണിഞ്ഞു. കുറേക്കൂടെ കഴിഞ്ഞപ്പോൾ തണൂപ്പ് ശരീരത്തിലേക്കും പടർന്നുകയറി. ബാഗിലുള്ള വിൻഡ് ചീറ്റർ താൽക്കാലിക രക്ഷയായി.
ശങ്കുപ്പടി സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്. പ്രാഥമിക കർമ്മങ്ങൾക്കുള്ള സൌകര്യം ഏർപ്പാടാക്കിയിരിക്കുന്നത് അവിടെയാണ്. ബസ്സിറങ്ങിയപ്പോൾ ആലിംഗനം ചെയ്ത് സ്വീകരിക്കാൻ ഇരുട്ടത്ത് സ്റ്റോപ്പിൽത്തന്നെ മൂന്നാറിന്റെ തണുപ്പ് വകവെക്കാതെ ആറരയടിയോളം ഉയരത്തിൽ സിബിയുണ്ട്. കാടിന്റെ മർമ്മമറിഞ്ഞ, മലകളുടെ മറുവശം കണ്ട, പ്രകൃതിയുടെ നേരറിഞ്ഞ, സിബിയെ തണുപ്പ് സ്പർശിക്കുന്നുപോലുമില്ലെന്ന് തോന്നി.
എല്ലാവരും പരസ്പരം പരിചയപ്പെടുത്തി. ഇരുട്ട് അൽ‌പ്പം നീണ്ടുനിൽക്കുന്നതുകൊണ്ടും പ്രതീക്ഷിക്കാത്തതിലധികം തണുപ്പുള്ളതുകൊണ്ടും 7 മണിക്ക് ആരംഭിക്കാമെന്ന് കരുതിയിരുന്ന യാത്ര ഒരു മണിക്കൂർ നേരം വൈകിപ്പിച്ചു.

ശങ്കുപ്പടി ജോയ്സ് പാലസിന് മുന്നിൽ സംഘാംഗങ്ങൾ.
അതുൽ ഡൊമിച്ചൻ, റോഹൻ കലനി, അനിൽ പി.എസ്, രമേഷ് ബാബു, അജു ജോൺ, റാസി ഹിദായത്ത്, പ്രദീപ് പി, ജോസ് ജസ്റ്റിൻ, മനു ജസ്റ്റിൻ, ജിഷ്ണു ടി.എസ്, അബിൻ മത്തായി, ടോം വി.സെബാസ്റ്റ്യൻ, സുനന്ദ് എസ്, അൻ‌സാർ, ജീന അൻസാർ, ശ്രീനാഥ് ആർ, മുഹമ്മദ് അൻ‌സാർ, അജ്‌മൽ വി.എച്ച്. ഷെഫിൻ പി.എസ്. സിബി മൂന്നാർ, നിരക്ഷരൻ എന്നിവരാണ് ടീം അംഗങ്ങൾ. അൻസാറും ഭാര്യ ജീനയും കുട്ടിയെ വീട്ടിലാക്കി രാത്രി വൈകിയാണെങ്കിലും കാറോടിച്ചാണ് എത്തിയിരിക്കുന്നത്. ടീമിലെ ഏക പെൺ‌തരി ജീനയാണ്. ജോസ് ജസ്റ്റിനും മനു ജസ്റ്റിനും കൂട്ടുകാരും എറണാകുളത്ത് നിന്നുള്ള വിദ്യാർത്ഥികളാണ്. ബാക്കിയെല്ലാവരും ആ ഘട്ടം കടന്നവർ. എല്ലാവരും പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി.

തൊട്ടടുത്ത നാടൻ ചായക്കടയിൽ നിന്ന് അപ്പം മുട്ടക്കറി പുട്ട് എന്നിങ്ങനെ വീട്ടിലുണ്ടാക്കിയ രുചിയുള്ള പ്രാതൽ കഴിച്ച ശേഷം ആദ്യം വന്ന ബസ്സിൽ ട്രക്കിങ്ങ് സംഘം മൂന്നാർ പട്ടണത്തിലേക്ക് തിരിച്ചു. ശങ്കുപ്പടിയിൽ നിന്ന് 15 കിലോമീറ്ററുണ്ട് മൂന്നാർ പട്ടണത്തിലേക്ക്. അതിനിടയ്ക്ക് ചായക്കടയിലെ പത്രത്തിൽ കണ്ട വാർത്ത ഞെട്ടിച്ചു. “മൂന്നാറിൽ താപനില മൈനസ് മൂന്ന് ഡിഗ്രി“.

പലവട്ടം മൂന്നാറിൽ പോയിട്ടുണ്ടെങ്കിലും ആ വഴി ബസ്സിൽ ഇതാദ്യമാണ്. അതുകൊണ്ടുതന്നെ രണ്ടാം മൈൽ അഞ്ചാം മൈൽ എന്നൊക്കെയുള്ള സ്റ്റോപ്പുകൾ ശ്രദ്ധിക്കുന്നതും ആദ്യമായിട്ടാണ്. പത്താം മൈൽ ചരിത്രം കണ്ടെത്താൻ ഇനിയധികം ദൂരമില്ല.

ട്രക്കിങ്ങ് തുടങ്ങുന്നത് അനുകരണീയമായ ഒരു സംരംഭത്തിന് മുന്നിൽ നിന്നാണ്. ‘കുറിഞ്ഞി‘ എന്നാണതിന്റെ പേര്. തോട്ടം തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള ശാരീരിക ബലഹീനതകൾ ഉള്ള കുട്ടികളാണ് അതിന്റെ പിന്നണിയിൽ. ബേക്കറി മുതൽ കൈകൊണ്ട് ഉണ്ടാക്കുന്ന കടലാസ്, പ്രകൃതിദത്തമായ ഡൈയിംങ്ങ് യൂണിറ്റ്, തുന്നൽ‌പ്പണികൾ, തോട്ടപ്പണികൾ, എന്നിങ്ങനെ പലതുമുണ്ട് ആ സംരംഭത്തിൽ. തോട്ടങ്ങളിലെ മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നിങ്ങനെയുള്ളവരുടെ ഭാര്യമാരുടെ സമയവും കാര്യക്ഷമതയും നല്ല നിലയ്ക്ക് പ്രയോജനപ്പെടുത്താനായി ടാറ്റ സൺസ് ഡയറൿടർ പദവി വരെ എത്തിയ ആദ്യ മലയാളിയായ ശ്രീ.കൃഷ്ണകുമാറിന്റെ ഭാര്യ രത്ന കൃഷ്ണകുമാറാണ് കുറിഞ്ഞി ആസൂത്രണം ചെയ്തത്. അവിടന്ന് എന്തെങ്കിലും വാങ്ങിയാൽ ആ കുട്ടികൾക്ക് അതൊരു പ്രോത്സാഹനമാകും, നടത്തത്തിനിടയിൽ ഞങ്ങൾ കഴിക്കുകയുമാവാം എന്നതുകൊണ്ട് കുറച്ച് ഫ്രൂട്ട് കേക്ക്, വീട്ടിലുണ്ടാക്കുന്ന ചോൿളേറ്റ് എന്നതൊക്കെ അൽ‌പ്പസ്വൽ‌പ്പം പലരും വാങ്ങി ബാക്ക് പാക്കിൽ സ്ഥാപിച്ച് എട്ടേമുക്കാൽ മണിയോടെ ട്രക്കിങ്ങ് ആരംഭിച്ചു.

യാത്ര ഇവിടെ തുടങ്ങുന്നു.

വഴികൾ, കഥകൾ, കാഴ്ച്ചകൾ...

സർക്കാർ ഉടമസ്ഥതയിലുള്ള ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ്ങ് സെന്ററാണ് തൊട്ടടുത്ത്. 1970 വരെ പ്രശസ്തമായിരുന്ന ഒരു കുതിരയോട്ട മൈതാനമായിരുന്നു അത്. ദേവികുളം താലൂക്കിലെ ഏറ്റവും വലിയ ചതുപ്പുനിലം കോടികൾ മുടക്കി മണ്ണിട്ട്‌ നികത്തിയാണ് ഈ ഗ്രൌണ്ട് നിർമ്മിച്ചത്‌. വികസന മോഹങ്ങൾ മനുഷ്യന് പുന:സൃഷ്ടിക്കാൻ കഴിയാത്ത, വീണ്ടെടുക്കാൻ ആകാത്ത പരിസ്ഥിതി നാശം ഉണ്ടാക്കുന്നത്‌ എങ്ങിനെയെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ മൈതാനം.

വഴി മുന്നിലങ്ങനെ നീണ്ട് നീണ്ട് .....

നേരത്തേ പറഞ്ഞിരുന്നത് പോലെ തീരെ ഗതാഗതം ഇല്ലാത്ത സ്ഥലങ്ങളിലൂടെയോ കാട്ടിലൂടെയോ ഒന്നുമല്ല ഈ ട്രക്കിങ്ങ്. ലച്ച്മി എസ്റ്റേറ്റ് വഴി മാങ്കുളത്തേക്ക് പോകുന്ന വഴിയാണ് ട്രക്കിങ്ങ് റൂട്ട്. ചില വാഹനങ്ങളെങ്കിലും ഇടയ്ക്കൊക്കെ കടന്ന് പോകുന്ന ഒരു വഴിയാണത്. കാറിലോ ജീപ്പിലോ ബസ്സിലോ അതല്ല മറ്റേതൊരു ടൂറിസ്റ്റ് വാഹനത്തിൽ ഇരുന്നോ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ യാത്ര ചെയ്യുമ്പോൾ കാണുന്ന ഒരു കാഴ്ച്ച കുറേ അധികം നേരം നോക്കി നിൽക്കാൻ, തേയിലത്തോട്ടങ്ങളിലെ ജീവിതങ്ങൾ അടുത്ത് നിന്ന് കാണാൻ. പത്താം മൈലിന്റെ രഹസ്യം കണ്ടുപിടിക്കാൻ.

തണലുകൾ, തളിരുകൾ, പൂക്കൾ...
ഒന്നുരണ്ട് കിലോമീറ്റർ മുന്നോട്ട് നീങ്ങിയതോടെ വഴിയിലൂടെ വന്നിരുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞുകുറഞ്ഞ് വന്നു. മെല്ലെ മെല്ലെ തണുപ്പും വിട്ടൊഴിഞ്ഞു. എല്ലാവരും ജാക്കറ്റുകളിൽ നിന്ന് മോചനം നേടി. AD 1880 ൽ എ.എച്ച്.ഷാർപ്പ് ആദ്യമായി തേയില കൃഷി ആരംഭിച്ച പാർവതി ഹിൽസ്‌ മുതിരപ്പുഴയോട് ചേരുന്ന താഴ്വരയിലൂടെയാണ് ആദ്യത്തെ എട്ടു കിലോമീറ്റർ ട്രക്കിങ്ങ് നീളുന്നത്.

തൂക്കുപാലം ഒരെണ്ണം കണ്ടപ്പോൾ, പോകേണ്ട വഴി അതല്ലെങ്കിലും എല്ലാവരും അതിലേക്ക് കയറി നിന്നു, കുറേ ക്യാമറകൾ കണ്ണടച്ച് തുറന്നു. വലിയ ആൾനാശവും കൃഷിനാശവും ഉണ്ടാക്കിയ 1924 ലെ മൂന്നാർ വെള്ളപ്പൊക്കത്തിനു ശേഷം നിർമ്മിച്ച തൂക്കുപാലമാണത്. അത്രയും പേർ കയറി നിന്നിട്ടും വയസ്സൻ പാലത്തിന് കാര്യമായ മൂളലും ഞരക്കവുമൊന്നുമില്ല.

തൂക്കുപാലത്തിന്റെ ബലം പരിശോധിക്കുന്നു.
അഞ്ചാം മൈലിന്റെ കല്ല് കഴിഞ്ഞാലുടൻ വെസ്റ്റ് ഡിവിഷനിലെ തൊഴിലാളികളുടെ ചായക്കടയും റേഷൻ ഷോപ്പും പലചരക്ക് കടയുമൊക്കെ ചേർന്ന കെട്ടിടങ്ങളായി. ഓരോ ചായയും കടിയും കഴിക്കാനും അൽ‌പ്പനേരം വിശ്രമിക്കാനുമുള്ള പാതിവഴിയുടെ ഇടവേളയാണവിടെ. ‘കുറിഞ്ഞി’ യിൽ നിന്ന് വാങ്ങിയ കേക്ക് വെള്ളം നിറയ്ക്കാൻ വേണ്ടി ഒരു ചോലയ്ക്ക് മുന്നിൽ നിന്നപ്പോൾ എല്ലാവരും ചേർന്ന്  അകത്താക്കിക്കഴിഞ്ഞിരുന്നു.

ചായക്കടക്കാരൻ സ്ഥലത്തില്ല. ആരോ പോയി വിളിച്ചുകൊണ്ടുവന്നു. ചായയും കട്ടൻ ചായയും ബോണ്ടയും ഉഴുന്ന് വടയും പരിപ്പുവടയുമൊക്കെ അകത്താക്കി യാത്ര തുടർന്നു. ലച്ച്‌മി എസ്റ്റേറ്റിന്റെ തേയിലക്കാടുകൾ കണ്ണെത്താ ദൂരത്തേക്ക് നീണ്ടുകിടക്കുന്നു. ലക്ഷ്മി എന്നല്ല ലച്ച്മി (Letchmi) എന്ന് തന്നെയാണ് പറയുന്നതും എഴുത്തി വെച്ചിരിക്കുന്നതുമൊക്കെ.തമിഴ് വംശജരാണ് തോട്ടം തൊഴിലാളികളിൽ ബഹുഭൂരിഭാഗവും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? നമ്മളിപ്പോൾ തമിഴ്‌നാട്ടിലാണോ എന്ന് ചില അംഗങ്ങൾക്ക് സംശയമുണ്ടായത് സ്വാഭാവികം.

ചായക്കട, ക്ലബ്ബ്, റേഷൻ ഷാപ്പ് ...സമുച്ചയം.

ചായക്കടയുടെ ഉൾവശം.
ഹെൿട്ടറുകണക്കിന് നീണ്ട് പരന്നുകിടക്കുന്ന ഒരു തേയിലത്തോട്ടത്തിന് പല ഡിവിഷനുകളുണ്ടാകും. ഓരോ ഡിവിഷനും ഇതുപോലെ റേഷൻ കടയും പലചരക്ക് കടയും ക്ലബ്ബുമൊക്കെ ഉണ്ടാകും. ആശുപത്രി, സ്ക്കൂൾ, എന്നിങ്ങനെ തൊഴിലാളി സമൂഹത്തിന് ആവശ്യമായ എല്ലാ സൌകര്യങ്ങലും മിതമായ തോതിലാണെങ്കിലും ഏർപ്പാട് ചെയ്ത ശേഷമാണ് തൊഴിലാളികളേയും കുടുംബത്തേയും തോട്ടം പണിക്ക് എത്തിക്കുന്നതെന്ന് തോട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാനാകും. എന്തൊക്കെ സൌകര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും തോട്ടം പണിക്ക് ഒരു അടിമത്ത സ്വഭാവം കണ്ടെത്താൻ ചിലർക്കെങ്കിലും സാധിച്ചെന്ന് വരും. ഒരു ജനതയുടെ ലോകം ഈ ഇട്ടാവട്ടത്തിനകത്ത് ഒതുക്കപ്പെടുന്നതിനെ ആടിമത്തമായി കാണുന്നതിൽ, ജയിലിൽ അടക്കപ്പെടുന്ന പോലത്തെ ഒരു അവസ്ഥയായി വീക്ഷിക്കുന്നതിൽ തെറ്റൊന്നും പറയാനാവില്ല.

ഇതിനൊരു മറുവശം കൂടെ ഈ ട്രക്കിങ്ങിനിടയിൽ ദർശിക്കാനായെന്ന് വരും. ചുരുങ്ങിയ സൌകര്യങ്ങളിലാണ് അവർ ജീവിക്കുന്നത്. ഒന്നോ രണ്ടോ മുറികൾ മാത്രമുള്ള ലൈൻ വീടുകൾ. പക്ഷെ ശുചിത്വമുണ്ട് അവിടെയെല്ലാം. മാലിന്യം എങ്ങും അലക്ഷ്യമായി കുമിഞ്ഞ് കൂടിക്കിടക്കുന്നില്ല. വഴിയിലെങ്ങും പ്ലാസ്റ്റിക്ക് ബാഗുകളൊന്നും കാണാൻ ഞങ്ങൾക്കായില്ല. ശുദ്ധവായുവാണ് അവർ ശ്വസിക്കുന്നത്. നഗരവാസികൾക്ക് ഏറ്റവും മികച്ച എല്ലാ സൌകര്യങ്ങൾക്കിടയിലും നഷ്ടമാകുന്ന പ്രകൃതിയുടെ തലോടൽ, തോട്ടം തൊഴിലാളികൾക്കിവിടെ ആവോളം കിട്ടുന്നുണ്ട്.

ലച്ച്‌മി എസ്റ്റേറ്റ്.
മാലിന്യസംസ്ക്കരണത്തിന്റെ കാര്യം പറയുമ്പോൾ അൽ‌പ്പം കൂടെ വാചാലനാകാതിരിക്കാനാവില്ല. ഓരോ ലൈൻ വീടുകൾക്ക് മുൻപിലും മാലിന്യം ഇടാനുള്ള രണ്ടോ മൂന്നോ ബാഗുകൾ T ആകൃതിയിലുള്ള പോസ്റ്റുകളിൽ തൂക്കിയിട്ടിരിക്കുന്നത് കാണാം. കൂടുതൽ മാലിന്യം ഇടാനായി വളച്ചുകെട്ടിയെടുത്ത പ്രത്യേകയിടവും ഉണ്ട്. തോട്ടങ്ങളിൽ നിന്ന് വിരമിച്ചവരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് മാലിന്യസംസ്ക്കരണം പ്രാവർത്തികമാക്കിയിരിക്കുന്നത്. ഇതൊക്കെ അവരുടെ വീടുകൾക്ക് സമീപത്തുള്ള മാലിന്യത്തിന്റെ കാര്യം. ആ വഴിയിലൂടെ യാത്ര ചെയ്യുന്ന ഒരു ടൂറിസ്റ്റ് പോലും എന്തെങ്കിലും മാലിന്യം കളയാൻ ഒരു കുപ്പത്തൊട്ടിയില്ലാതെ വിഷമിക്കരുതെന്ന് എസ്റ്റേറ്റ് മാനേജ്മെന്റ് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വഴിയോരത്തെല്ലാം കോൺക്രീറ്റിന്റെ കുപ്പത്തൊട്ടികൾ കാണാം. ഒഴുകിവരുന്ന നീർച്ചാലുകളിൽ നിന്ന് വെള്ളമെടുക്കാൻ നിൽക്കുന്ന ഒരാൾ അവിടെ മാലിന്യം നിക്ഷേപിക്കാനുള്ള സാദ്ധ്യതയുണ്ട്. അക്കാരണത്താൽ അരുവികളും, നീരൊഴുക്കുകളും ഉള്ളയിടത്തെല്ലാം കുപ്പത്തൊട്ടികൾ കാണാം.
മാലിന്യനിക്ഷേപത്തിനുള്ള സംവിധാനങ്ങൾ.

നമ്മുടെ നാട്ടിൽ ഏതെങ്കിലും ഒരു പഞ്ചായത്തിൽ അല്ലെങ്കിൽ ഒരു വാർഡിലെങ്കിലും ഇത്തരം ഒന്ന് നടത്തി നോക്കാൻ എന്തുകൊണ്ട് അധികൃതർ ശ്രമിക്കുന്നില്ല. അധികൃതർക്കാവുന്നില്ലെങ്കിൽ എന്തുകൊണ്ട് പാർട്ടി പ്രവർത്തകരോ പൊതുപ്രവർത്തകരോ ദുരിതം അനുഭവിക്കുന്ന ജനങ്ങൾ തന്നെയോ ശ്രമിക്കുന്നില്ല. ഒരു പഞ്ചായത്തിൽ നടപ്പിലാക്കാനായാൽ മറ്റുള്ളയിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധിക്കുന്ന ഇത്തരമൊരു പ്രവർത്തനം ആലോചിക്കേണ്ട വിഷയമല്ലേ ?

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ട് പോകുന്ന കുട്ടിയുടെ കൈയിലുള്ളത് ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ചാക്കുവള്ളികൊണ്ട് കെട്ടിയ പൊതിയാണ്. പ്ലാസ്റ്റിക്ക് ബാഗുകൾ ഉപയോഗത്തിലില്ല എന്ന് സാരം.

ലച്ച്മി എസ്റ്റേറ്റ് കെട്ടിടവും പിന്നിട്ട് ട്രക്കിങ്ങ് പുരോഗമിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് കൂട്ടം തെറ്റി പിന്നിൽ നിൽക്കുന്നവരെ ഒപ്പം ചേർക്കാനായി മുന്നിൽ പോകുന്ന സംഘം അൽ‌പ്പനേരം നിൽക്കും. ആ സമയത്തൊക്കെ തോട്ടം ചരിത്രവും കാട് പരിസ്ഥിതി എന്ന് തുടങ്ങി കസ്തൂരിരംഗൻ വരെയുള്ള ആരോഗ്യപരമായ ചർച്ചകൾക്ക് മരുന്നിടുന്നുണ്ട് സിബി. ഇപ്പറഞ്ഞ വിഷയങ്ങളിലെല്ലാം എന്ത് ചോദിച്ചാലും സുദീർഘം സംസാരിക്കാനുള്ള ജ്ഞാനമുണ്ട് അദ്ദേഹത്തിന്.
അൽ‌പ്പവിശ്രമം, കുറച്ച് അറിവ് പങ്കുവെക്കലും.

നഴ്സറികൾ, മരങ്ങൾക്ക് കീഴെയുള്ള ദേവപ്രതിഷ്ഠകൾ, പാർട്ടിക്കൊടികൾക്ക് വേണ്ടിയുള്ള സിമന്റ് തറകൾ, തേയില തൂക്കിനോക്കാൻ വേണ്ടിയുള്ള കുറ്റികൾ, മീനുമായി വരുന്ന കച്ചവടക്കാരനെ വാലാട്ടിയും കുരച്ചും തടുത്ത് നിർത്തുന്ന വളർത്തുനായ്ക്കൾ, തേയില ഉണാക്കാനുള്ള തറകൾ, മഴമാപിനി, എന്നിങ്ങനെ റോഡരുകിലുള്ള കാഴ്ച്ചകൾക്കൊപ്പം ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കാര്യം കൂടെയുണ്ട്. മൂന്ന് നാലടിയോളം ഉയരമുള്ള അൽ‌പ്പം വലിപ്പമുള്ള ശവകുടീരങ്ങളെപ്പോലുള്ള കൂനകൾ. ചാണകവും തേയിലയുടെ വേസ്റ്റും ചേർത്ത് കമ്പോസ്റ്റാക്കാൻ വേണ്ടി ഇട്ടിരിക്കുന്ന കൂനകളാണത്. ചിലയിടങ്ങളിൽ ജോലിക്കാർ അത് ഇളക്കി വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്ന ജോലിയും നടക്കുന്നുണ്ട്.

തേയില + ചാണകം കമ്പോസ്റ്റ്.
കമ്പോസ്റ്റ് ഇളക്കിയെടുക്കുന്നു.

യാത്ര അവസാനഘട്ടത്തിലേക്കെത്തുകയാണ്. പത്താം മൈലിന്റെ രഹസ്യം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ല.

ഗതാഗത സൌകര്യവും വാർത്താവിനിമയവും ഒന്നും ഇല്ലാതിരുന്ന പഴയ കാലഘട്ടത്തിൽ താഴ്വരയിൽ നിന്ന് ദിവസേന പത്ത് മൈലും അതിലധികം ദൂരവും നടന്ന്, അങ്ങനെ ചിലപ്പോൾ രണ്ടോ മൂന്നോ ദിവസങ്ങൾ നടന്നാണ്  തൊഴിലാളികളും തോട്ടമുടമകളും തൊഴിലിടങ്ങളിൽ എത്തിയിരുന്നത്. ഓരോ പത്തു മൈലിലും  രാത്രി താങ്ങാനുള്ള  സത്രങ്ങൾ  അന്നുണ്ടായിരുന്നു. അത്തരം സത്രങ്ങൾ സ്ഥാപിച്ചിരുന്ന പ്രദേശങ്ങളാണ് പിന്നീട് 'പത്താം മൈൽ' എന്ന പേരിൽ  അറിയപ്പെടാൻ തുടങ്ങിയത്. അക്കാലത്ത് തോട്ടം പണിക്ക് ആളെയെടുക്കാനുള്ള ഒരു മാനദണ്ഡം കൂടെയായിരുന്നു പത്താം മൈൽ നടത്തം. സായിപ്പ് കുതിരപ്പുറത്ത് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും. അയാളുടേതടക്കം സംഘാങ്ങളുടെയൊക്കെ സാധനസാമഗ്രികൾ 10 മൈൽ ദൂരം ചുമന്ന് കൊണ്ട് നടക്കാൻ കെൽ‌പ്പുള്ളവരെ ജോലിക്കെടുക്കും. അതാണ് ഉദ്യോഗാർത്ഥി നേരിടേണ്ട റിക്രൂട്ട്മെന്റ് പരീക്ഷ.

ഇത്തരത്തിൽ ഉണ്ടായ എല്ലാ പത്താം മൈലുകളും ഇന്ന് തെറ്റില്ലാത്ത ടൌൺഷിപ്പുകൾ ആയിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അതിലേക്ക് ഒരു ട്രക്കിങ്ങ് സംഘം ചെന്നുകയറുന്നതിൽ വലിയ കാര്യമില്ലല്ലോ ?

2014 ജനുവരി 5ന് ഇന്ത്യയിലെ തേയില കൃഷിക്ക് പ്രായം 175 പൂർത്തിയായി. മധുര രാജാവിന്റെ പ്രജകൾക്കൊപ്പം കടലുകൾ താണ്ടി എത്തിയ സ്കോട്ട്‌ലാന്റുകാർ മലകൾ ചുരന്ന് കയറി കണ്ണൻ ദേവൻ കുന്നുകളിൽ എത്തി തമ്പടിച്ച് ചോര നീരാക്കി ഉണ്ടാക്കിയ മൂന്നാർ തേയില കൃഷിയാകട്ടെ 134 വയസ്സ് തികച്ചിരിക്കുന്നു. ‘ഒരു ചായ കുടിക്കുന്നത് പോലെ‘ എന്ന പ്രയോഗം എത്ര ലളിതം. പക്ഷെ അതിന് പിന്നിലുള്ള ത്യാഗങ്ങൾ, അതിന് വേണ്ടി വന്ന അദ്ധ്വാനം, അതിന്റെ ചരിത്രം, അതൊന്നും അത്ര നിസ്സാരമല്ല.

തേയിലത്തോട്ടത്തിന്റെ ഒരു ദൃശ്യം.
വിളവെടുപ്പ് കഴിഞ്ഞ തേയിലത്തോട്ടങ്ങളിൽ ചിലതിൽ മരുന്നടിക്കുന്നുണ്ട്. ചില മരുന്നുകൾ തണ്ടിനെ കേടാക്കുന്ന വൈറസിനെ തടുക്കാനുള്ളതാണെങ്കിൽ ചിലത് ഇലയ്ക്ക് വേണ്ടിയുള്ളതാണ്. ചായകുടിക്കുമ്പോൾ ഇതെല്ലാം എത്തരത്തിൽ ബാധിക്കുന്നെന്ന് വേറൊരു പഠനത്തിന് തന്നെ വകുപ്പുണ്ട്.

തോട്ടത്തിൽ മരുന്നടിക്കുന്നു.

ഇടയ്ക്ക് ചില ഇടവഴികളിലോ മരത്തണലിലോ തേയില പ്ലാറ്റ്‌ഫോമിലോ അൽ‌പ്പം വിശ്രമം. അതിനിടയ്ക്ക് ചിലപ്പോൾ ഒരു ഗ്രൂപ്പ് ഫോട്ടോ. ഇടതടവില്ലാതെ സിബിയുടെ വിശദീകരണങ്ങളും ബോധവൽക്കരണങ്ങളും. അവസാനപാദത്തിൽ തേയിലത്തോട്ടം വിട്ട് വി.എസ്.അച്ചുതാനന്ദൻ ഇടിച്ചിട്ട ചില കെട്ടിടങ്ങൾക്കിടയിലൂടെ കാട് മുറിച്ച് കടന്ന് വീണ്ടും റോഡിലേക്കിറങ്ങി മുന്നോട്ട് നീങ്ങി. തകർക്കപ്പെട്ട കെട്ടിടങ്ങൾ ഏതോ പുരാതനമായ കെട്ടിടങ്ങളുടെ അവസ്ഥയിലായിട്ടുണ്ട് ഇപ്പോൾ.
ഇടിച്ചിട്ട കെട്ടിടങ്ങൾക്കിടയിലൂടെ...
റോഡിലേക്ക് ഒരു ഷോർട്ട് കട്ട്.

ട്രക്കിങ്ങ് അവസാനിക്കുന്നയിടത്ത് അരുവിയിലെ ഒരു കുളി പാക്കേജിൽ ഓഫറുണ്ട്. അവിടന്ന് തന്നെ ഉച്ചഭക്ഷണവും കഴിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട് സിബി. യാത്ര അവസാനിക്കാറായെങ്കിലും അധികമാരും ക്ഷീണിതരാണെന്ന് തോന്നിയില്ല. അവസാനത്തെ നാല് കിലോമീറ്ററോളം ഇറക്കമാണ്. ഇറങ്ങുമ്പോൾ ഷൂ ഇട്ടിരിക്കുന്നവർക്ക് വിരലെല്ലാം തിങ്ങി ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു മധുരനൊമ്പരം മാത്രമാണ് എനിക്കുള്ളത്. ശ്രീമതി ജീനയ്ക്ക് അവസാനപാദത്തിൽ അൽ‌പ്പം വേഗത കുറഞ്ഞിട്ടുണ്ട്. ഇത്രയും ദൂരം നടക്കാൻ തയ്യാറായത് എല്ലാവർക്കും ഒരു വെല്ലുവിളി തന്നെയാണ്. അത് വിജയത്തിലേക്കെത്താൽ പോകുന്നതുകൊണ്ട് നടന്ന് തന്നെ ട്രക്കിങ്ങ് പൂർത്തിയാക്കുമെന്ന വാശി നടപ്പിലാക്കുക തന്നെ ചെയ്തു ജീന. ഇതിനിടയ്ക്ക് ഭക്ഷണവുമായി ഞങ്ങളെ കടന്നുപോയ ജീപ്പിന്റെ സൌകര്യം അവസാനത്തെ ഒരു കിലോമീറ്റർ ദൂരത്തേക്ക് പ്രയോജനപ്പെടുത്താൻ അൻസാറും ജീനയും തയ്യാറായില്ല.

താഴ്വരയിലെ നീരൊഴുക്ക്.
പൂത്ത് നിൽക്കുന്ന താഴ്വാരം.

താഴ്വരയിൽ പിങ്ക് നിറത്തിൽ കാട്ടുപൂക്കൾ പൂത്ത് പരന്ന് നിൽക്കുന്നു. അരുവി ഒഴുകി വന്ന് ഒരു ചെറിയ വെള്ളച്ചാട്ടമായിട്ട് പതിക്കുന്ന ഈ ഭാഗത്ത് മറ്റ് സഞ്ചാരികൾ വാഹനം നിർത്തി വെള്ളത്തിൽ ഇറങ്ങുകയും കുളിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ കുറേപ്പേർ അങ്ങോട്ടിറങ്ങി. ചിലർ വസ്ത്രമെല്ലാം മാറ്റി വെള്ളത്തിൽ ഇറങ്ങുകയും ചെയ്തു. പക്ഷെ സിബി ഞങ്ങളെ കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്ന കുളിക്കടവ് അതല്ല. അൽ‌പ്പം മാറി കാടിനുള്ളിൽ ഒരു സ്വകാര്യ കടവുതന്നെ സിബിക്കുണ്ട്. എല്ലാവരും അങ്ങോട്ട് നീങ്ങി.

അടിത്തട്ട് കാണിച്ചുകൊണ്ട് തെളിനീർ ഒഴുകി വരുന്നത് കണ്ടാൽത്തന്നെ എന്തെങ്കിലും ക്ഷീണമുള്ളതെല്ലാം മാറും. ഒട്ടും സമയം പാഴാക്കാതെ വസ്ത്രം മാറി എല്ലാവരും വെള്ളത്തിലേക്കിറങ്ങാൻ തയ്യാറെടുത്തു. കുളിക്കാനുള്ള സൌകര്യമുള്ളതുകൊണ്ട് ഒരു ജോഡി വസ്ത്രം കൂടെക്കരുതണമെന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നതുകൊണ്ട് വസ്ത്രമില്ലല്ലോ തോർത്ത് ഇല്ലെന്നോ ഉള്ള പ്രശ്നങ്ങളൊന്നും ആർക്കുമില്ല.

പക്ഷെ വിചാരിച്ച പോലെ അത്ര എളുപ്പമല്ല വെള്ളത്തിലേക്കിറങ്ങാൻ. കാലെടുത്ത് കുത്തുമ്പോൾത്തന്നെ കോച്ചിവലിക്കുന്ന തണുപ്പാണ് ജലത്തിന്. ശരീരം മുഴുവൻ വെള്ളത്തിൽ മുക്കിയാൽ മരവിച്ച് പോകുമെന്ന അവസ്ഥ. ഘട്ടം ഘട്ടമായി വെള്ളത്തിലേക്ക് ഇറങ്ങുക മാത്രമാണ് പോം വഴി. വെള്ളമെടുത്ത് അൽ‌പ്പാൽ‌പ്പമായി ശരീരത്തിൽ തൂകി അരുവിയുടേയും ശരീരത്തിന്റേയും താപമാനം ഏതാണ് ഒരേ നിലയിൽ കൊണ്ടുവന്നാൽ അൽ‌പ്പമെങ്കിലും ആശ്വാസം കിട്ടും. എന്നിട്ടും വെള്ളത്തിലിറങ്ങിയപ്പോൾ ഓരോ കോശവും വെട്ടിപ്പിളരുന്ന പോലുള്ള തണുപ്പ്. ഉച്ചയ്ക്ക് രണ്ട് മണിക്കുള്ള തണുപ്പ് ഇങ്ങനെയാണെങ്കിൽ രാവിലെയോ മറ്റോ ഇവിടെ കുളിക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. “വെള്ളത്തിലേക്കിറങ്ങാനും തോന്നുന്നില്ല ഇറങ്ങിയാൽ കയറാനും തോന്നുന്നില്ല“ എന്നായിരുന്നു റാസിയുടെ കമന്റ്. അക്ഷരം പ്രതി ശരിയായിരുന്നു ആ അഭിപ്രായം.

അരമണിക്കൂറിലധികം കഴുത്തോളം വെള്ളത്തിലങ്ങനെ കിടന്നു. അവസാനം വന്നവരെ വെള്ളം തെറിപ്പിച്ച് തണുപ്പറിയിപ്പിച്ച് ആസ്വദിച്ചു ആദ്യമിറങ്ങിയവർ. തണുത്ത വെള്ളത്തിലെ കുളി നൽകിയത് പുത്തനൊരു ഉണർവ് തന്നെയാണ്. ഇനിയുമൊരു പത്ത് മൈൽ നടക്കാൻ ബാല്യമുള്ളത് പോലെ. പക്ഷെ അതിനുള്ള സമയമില്ല. 15 കിലോമീറ്റർ ദൂരം വരുന്ന മടക്കയാത്ര ജീപ്പുകളിലാണ്. ഉച്ചയൂണുമായി വന്ന ജീപ്പുകളിൽ പ്രധാന റോഡിലേക്ക് മടങ്ങാം.

കുളിസീൻ.
അയ്യേ.... പിന്നേം കുളിസീൻ.
കാട്ടുചോലയ്ക്കരികിൽ ഉച്ചഭക്ഷണം.

പതിനാറ് കിലോമീറ്റർ ദൈർഘ്യമുള്ള ട്രക്കിങ്ങും അരമണിക്കൂർ നീണ്ട കുളിയുമൊക്കെ കഴിഞ്ഞതുകൊണ്ടാകാം വാഴയിലയിൽ പൊതിഞ്ഞ വെജിറ്റേറിയൻ പൊതിച്ചോറിന് ഇരട്ടി സ്വാദായിരുന്നു.

ട്രക്കിങ്ങ് സംഘം - ഫോട്ടോ: മനു ജസ്റ്റിൻ

അടുത്ത ട്രക്കിങ്ങിനെക്കുറിച്ചുള്ള ചർച്ചകൾ ആദ്യാവസാനം നടക്കുന്നുണ്ടായിരുന്നു. കൊളുക്കുമലയിൽ നിന്ന് താഴെ ബോഡിനായ്ക്കനൂർ വരെ ഒരു ട്രക്കിങ്ങ് ആണ് എനിക്കാഗ്രഹം. സൂര്യനെല്ലിയിൽ നിന്ന് കൊളുക്കുമലയിലേക്ക് ഒരു ട്രക്കിങ്ങിനെപ്പറ്റിയും ആലോചിക്കാവുന്നതാണ്. സിബിയുടെ ലിസ്റ്റിൽ അതിനേക്കാളൊക്കെ ഗംഭീരമായ അര ഡസൺ ട്രക്കിങ്ങ് റൂട്ടുകൾ വേറെയുണ്ട്. വരും നാളുകളിൽ അതൊക്കെയും നടപ്പിലാക്കപ്പെടും. ഒരുവിധം തിരക്കുകളൊക്കെ കണ്ടില്ലെന്ന് നടിച്ച് അതിലെല്ലാം പങ്കെടുക്കാൻ തന്നെയാണ് എന്റെ തീരുമാനം. 

കുറച്ച് ദൂരമായാലും അധികദൂരമായാലും നഗരത്തിൽ ഐ.ടി.ജോലികളിലും മറ്റും പെട്ട് കമ്പ്യൂട്ടറിന് മുന്നിൽ മാത്രമായി ജീവിതം ഒതുങ്ങിപ്പോകുന്നവർ വല്ലപ്പോഴുമെങ്കിലും ഇങ്ങനെയൊരു ട്രക്കിങ്ങ് നടത്തിയിരിക്കണം. പിരിയാൻ നേരത്ത് സിബി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്.

ട്രക്കിങ്ങ് ലീഡർക്കൊപ്പം ഒരു ചിത്രം.

“അടുത്ത കൊല്ലം ഈ ട്രക്കിങ്ങിന്റെ ചിത്രങ്ങൾ എടുത്ത് നോക്കുമ്പോൾ,... ഹോ ഇങ്ങനെയൊക്കെ അന്ന് ചെയ്തിരുന്നല്ലേ എന്ന് തോന്നും. കുറേയേറെ വർഷങ്ങൾക്ക് ശേഷം ഇതേ ചിത്രങ്ങൾ വീണ്ടും എടുത്ത് നോക്കുമ്പോൾ തോന്നും ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങൾ. ” അതെ അപ്പറഞ്ഞതാണ് സത്യം.

ഇതിനിടയിൽ കിട്ടിയ കുറേ അറിവുകളും സൌഹൃദങ്ങളുമെല്ലാം ഏത് കണക്കിൽ വേണമെങ്കിലും വകയിരുത്താം. ആദായ നികുതിയോ ആർഭാട നികുതിയോ കൊടുക്കേണ്ട ആവശ്യമില്ലാത്ത മുതൽക്കൂട്ടാണ് അതൊക്കെയും.

------------------------------------------------------
ചിത്രങ്ങൾക്ക് കടപ്പാട്:- 
അൻസാർ, രമേഷ് ബാബു, മനു ജസ്റ്റിൻ.
------------------------------------------------------
കൊച്ചിൻ ട്രക്കിങ്ങ് ക്ലബ്ബുമായി ബന്ധപ്പെടാൻ.
cochin-trekking-club@googlegroups.com

48 comments:

  1. വലിയൊരു ഇടവേളയ്ക്ക് ശേഷം ചില യാത്രകളിൽ ഒരു യാത്രാവിവരണം. “ പത്താം മൈൽ രഹസ്യം തേടി”. ട്രക്കിങ്ങിന്റെ കൂടുതൽ ചിത്രങ്ങൾക്കായി അൻസാറിന്റെ ഡ്രോപ്പ് ബോക്സ് സന്ദർശിക്കാം.
    https://www.dropbox.com/sh/cnx5xvutlhnulhl/75yWh3QbSC

    ReplyDelete
  2. കുറേയേറെ വർഷങ്ങൾക്ക് ശേഷം ഇതേ ചിത്രങ്ങൾ വീണ്ടും എടുത്ത് നോക്കുമ്പോൾ തോന്നും ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങൾ. ” അതെ അപ്പറഞ്ഞതാണ് സത്യം.

    ReplyDelete
  3. “അടുത്ത കൊല്ലം ഈ ട്രക്കിങ്ങിന്റെ ചിത്രങ്ങള്‍ എടുത്ത് നോക്കുമ്പോള്‍,... ഹോ ഇങ്ങനെയൊക്കെ അന്ന് ചെയ്തിരുന്നല്ലേ എന്ന് തോന്നും. കുറേയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ചിത്രങ്ങള്‍ വീണ്ടും എടുത്ത് നോക്കുമ്പോള്‍ തോന്നും ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങള്‍. ” Exactly... No doubt..

    ReplyDelete
  4. ഗള്‍ഫ് നിര്‍ത്തി ഒരു വര്‍ഷത്തിനുള്ളില്‍ നാട് പിടിക്കണം എന്നതാണ് എന്റെ പ്ലാന്‍. അത് കഴിഞ്ഞുള്ള ട്രക്കിങ്ങുകളില്‍ ഞാനും കൂടാം.

    ReplyDelete
  5. കുറേയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ചിത്രങ്ങള്‍ വീണ്ടും എടുത്ത് നോക്കുമ്പോള്‍ തോന്നും ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങള്‍.

    ReplyDelete
  6. കുറേയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ചിത്രങ്ങള്‍ വീണ്ടും എടുത്ത് നോക്കുമ്പോള്‍ തോന്നും ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങള്‍, (സുനില്‍ ബഹ്‌റൈന്‍)

    ReplyDelete
  7. നിരക്ഷരന്‍ ജി നമ്മുടെ സായിപ്പുണ്ടാക്കിയ റോഡ്കളുടെ നിര്‍മാണത്തിനും പ്രത്യേകതകള്‍ ഏറയുണ്ട്..റോഡുകള്‍ വൃത്യയാക്കുന്ന വിധവും .ഒപ്പം തന്നെ ലയങ്ങലെകുരിച്ചും ഒരു വിവരണം ആകാമായിരുന്നു അടച്ചിട്ടിരിക്കുന്ന എസ്റ്റെ റ്റു കളും ലയത്ത്തിലെ ജീവിതവും കൂടി ഉണ്ടായിരുന്നു വെങ്കില്‍ പൂര്നമാകുമായിരുന്നു ..തൊഴിലാളികളുടെയും ഒപ്പം മനഗേര്മാരുടെയും ജീവിത വാതിയാനങ്ങളും ...വനിതാജീവനക്കാര്‍ ഉള്ള ഈ എസ്റ്റെട്ടുകളില്‍ ..ഹോസ്പിടല്‍ ഫസിലിറ്റിപോലും ഇല്ലാതെ ഗര്‍ഭിണികള്‍ പോലും ബുദ്ധിമുട്ടാറുണ്ട്....കൂടാതെ വന്യജീവികളുടെ അനധികൃത വേട്ടയാടല്‍ ..ലയങ്ങളിലെ നാട്ടുകാരുടെ കൈയ്യേരല്‍ അങ്ങിനെ അങ്ങിനെ മറ്റൊരു വശം കൂടി ഉണ്ട് പത്താം മയിലിനു പറയാന്‍

    ReplyDelete
    Replies
    1. @minimohan - മിനി പറഞ്ഞത് പരമാർത്ഥമാണ്. പക്ഷെ ഈ ട്രക്കിന്റെയെന്നല്ല ഇത്തരത്തിൽ ഒരു യാത്രയുടേയും ഭാഗമായി ലയങ്ങളിലെ ജീവിതത്തെപ്പറ്റി പറഞ്ഞ് തീർക്കാനാവില്ല. ഇത് ബാഹ്യമായ ഒരു കാഴ്ച്ച മാത്രമാണ്. ഉള്ളിലേക്കിറങ്ങിച്ചെന്നാൽ ഏറെപ്പറയാനുണ്ട്. അത് മറ്റൊരു അവസരത്തിൽ ചെയ്യാൻ സിബിയുമായിത്തന്നെ പോകുന്നതാണ്.

      Delete
  8. ട്രെക്കിംഗ് വിശേഷങ്ങൾ വായിച്ചു. ചിത്രങ്ങൾ ഇഷ്ടമായി. ഇത്തരത്തിലുള്ള യാത്രകൾ പോകാൻ സമയവും സാഹചര്യവും ലഭിക്കുന്നത് മുജ്ജന്മ സുകൃതമാണെന്ന് മാത്രം പറഞ്ഞാൽ മതിയല്ലോ! യാത്ര ആസ്വദിച്ചു. :)

    ReplyDelete
  9. ട്രെക്കിംഗ് വിശേഷങ്ങൾ വായിച്ചു. ചിത്രങ്ങൾ ഇഷ്ടമായി. ഇത്തരത്തിലുള്ള യാത്രകൾ പോകാൻ സമയവും സാഹചര്യവും ലഭിക്കുന്നത് മുജ്ജന്മ സുകൃതമാണെന്ന് മാത്രം പറഞ്ഞാൽ മതിയല്ലോ! യാത്ര ആസ്വദിച്ചു. :)

    ReplyDelete
  10. വായനയിലൂടെ ഞാനും ഈ ട്രെക്കിംഗിന്റെ ഭാഗമായി

    ReplyDelete
  11. കൊച്ച്ഇന്‍ ട്രെക്കിങ്ങ് ക്ലബ്ബിനെ പരിചയപ്പെടുത്തിയതിന് ആദ്യം നന്ദി.

    അവസാനത്തെ ഐറ്റം ആണ് ഏറ്റവും ഇഷ്ടമായത്. :)

    ReplyDelete
  12. “ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങൾ.“ മികച്ച യാത്ര. നല്ല വിവരണം.

    ReplyDelete
  13. “ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങൾ.“ മികച്ച യാത്ര. നല്ല വിവരണം.

    ReplyDelete
  14. Enjoyed every bit of it... Was rewinding the whole walk of ours when i was reading... See you at the next trek :)

    ReplyDelete
  15. നിങ്ങളെപോലുള്ളവര്‍ ചെയ്യുന്ന ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്നൊരു സങ്കടം ഉണ്ട്. എന്നെങ്കിലും കഴിയുമായിരിക്കും! എന്നത്തേയും പോലെ നന്നായിട്ട് എഴുതി. വായന നല്ലൊരു അനുഭവമാക്കി. വീണ്ടും എഴുതുക.

    ReplyDelete
  16. അസൂയ തോന്നുണ്ട് മനോജിനോട്..:) അടുത്ത നാട്ടിൽ വരവിലെങ്കിലും ഒരു ദിവസം ഞാനും കൂടട്ടെ? കുറെ നാളുകള്ക്ക് ശേഷം വായിച്ച യാത്ര വിവരണം,നല്ല ഒരു കുളിര്മ നല്കുന്നുണ്ട് മനസ്സിന്.

    ReplyDelete
  17. അസൂയ തോന്നുണ്ട് മനോജിനോട്..:) അടുത്ത നാട്ടിൽ വരവിലെങ്കിലും ഒരു ദിവസം ഞാനും കൂടട്ടെ? കുറെ നാളുകള്ക്ക് ശേഷം വായിച്ച യാത്ര വിവരണം,നല്ല ഒരു കുളിര്മ നല്കുന്നുണ്ട് മനസ്സിന്.

    ReplyDelete
  18. അതെ ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങൾ...
    ഒരുപാട് നാളുകള്ക്ക് ശേഷം ബ്ലോഗ്‌ ഒന്നരിച്ചു പറക്കി ... വെറുതെ ആയില്ല

    ReplyDelete
  19. മനോജേട്ടാ കൊതിപ്പിക്കുന്ന വിവരണങ്ങൾ, നാട്ടിലെത്താൻ കൊതിക്കുന്നു

    ReplyDelete
  20. അല്പം മുൻവിധിയോടെ ആണ് ഈ പോസ്റ്റ് വായിക്കാൻ തുടങ്ങിയത്. പത്താം മൈൽ എന്ന് കണ്ടപ്പോൾ ഞാൻ കരുതിയത് അടിമാലി - മൂന്നാർ (ആനച്ചാൽ, തോക്കുപാറ) വഴി പോകുമ്പോൾ ഒരു പത്താം മൈൽ ഉണ്ട്. ആ സ്ഥലത്തെപ്പറ്റിയാകും എന്നായിരുന്നു എന്റെ അബദ്ധധാരണ. അവിടെ ചില സ്ഥലനാമങ്ങൾ കൗതുകകരമായവയാണ് (ഉദാഹരണം: ചെകുത്താൻമുക്ക്) പിന്നെ ഏഷ്യയീലെ തന്നെ വലുതെന്ന് അവകാശപ്പെടുന്ന പിയാത്തയും അവിടെ പള്ളി അങ്കണത്തിൽ ഉണ്ട്. അതെല്ലാം അറിയാം എന്നും കരുതി. എന്നാലും പോസ്റ്റ് നിരാശപ്പെടുത്തിയില്ല, പുതിയ പല അറിവുകളും തന്നു. കുറെ നാളുകൾക്ക് ശേഷം ചില യാത്രകൾ ഒരു പോസ്റ്റ് കണ്ടതിലും സന്തോഷം. യാത്രകൾ തുടരട്ടെ, അനുഭവങ്ങൾ തുടർന്നും ഞങ്ങളുമായി പങ്കുവെയ്ക്കാൻ സമയം കണ്ടെത്തണം എന്ന അഭ്യർത്ഥനമാത്രം.

    ReplyDelete
  21. അവസാനം ഒരു പോസ്റ്റ്‌ ഇട്ടു അല്ലെ? മനോഹരം ആയൊരിക്കുന്നു... കുറച്ചു അസൂയയും ഉണ്ട് ട്ടോ മനോജിനോട്.

    ReplyDelete
  22. വളരെ നാളുകൾക്കു ശേഷം ഒരു കുറിപ്പ് കണ്ടതിൽ സന്തോഷം. സാധാരണമായ മൂന്നാർ യാത്രകൾ മാത്രം സാധ്യമായിട്ടുള്ളവരെ ഇത്തരം വ്യത്യസ്തമായ സഞ്ചാരങ്ങൾ മോഹിപ്പിക്കുന്നു. എങ്കിലും, രണ്ടടി നടക്കുമ്പോൾ കിതയ്ക്കുന്ന ശരീരം ഇമ്മാതിരി യാത്രകളെക്കുറിച്ച് ഓർക്കുമ്പോൾ ഒരു പരാധീനതായി കുറുകനേ നില്ക്കുന്നു...

    ReplyDelete
  23. സന്തോഷം.....ജീവിതത്തിലെ കുറേ നല്ല നിമിഷങ്ങൾ... അനുഭവങ്ങൾ........ തുടർന്നും ഞങ്ങളുമായി പങ്കുവെക്കുക......

    ReplyDelete
  24. സന്തോഷം ....അനുഭവങ്ങൾ ....യാത്രകൾ.... ഞങ്ങളുമായി വീണ്ടും ...പങ്കുവെക്കുക .

    ReplyDelete
  25. എന്നത്തേയും പോലെ നല്ല വിവരണം. മരുഭൂമിയിൽ കിടക്കുന്നവന് ഇത് വായിച്ചു നേടുവീർപ്പിടാനെ കഴിയൂ. എന്തായാലും അടുത്ത ട്രിപ്പ്‌ നു ഞാനും ഉണ്ടാകും. ഞാൻ നാളെ നാട്ടിൽ എത്തുന്നു നിരെൻ ഭായ്. താങ്ങളെ നേരിൽ കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.

    ReplyDelete
  26. Ithu oru olakkamalay paripaadi aayipoyi....patthaam mail trking ennokka kettappol entho valiya sambavam polay thonni....ITHINU ORU NADATTHAM ENNU paranjaal mathi......veruthy trkinginta Peru kalanju😎😎😎😎

    ReplyDelete
  27. Ithinum trking ennu parayumo....nilavaaram therray kuranju poyi
    Thankalil ninnu ithu pratheekshilla.....ithu verum oru nadattha vivaranam maatram

    ReplyDelete
    Replies
    1. @Muhammed Sadath Kunnath - ട്രക്കിങ്ങ് എന്ന പദത്തിന്റെ നിർവ്വചനം ഇങ്ങനെയാണ്.

      A trek is a long, adventurous journey undertaken on foot in areas where common means of transport are generally not available. Trekking should not be confused with mountaineering.

      ട്രക്കിങ്ങ് എന്നാൽ പർവ്വതാരോഹണം ആണെന്ന് കരുതുന്നതാണ് കുഴപ്പമാകുന്നത്. നിർവ്വചനത്തിൽ പറയുന്ന സാഹസികത ഈ കേസിൽ അൽ‌പ്പം കുറവാണെന്നതൊഴിച്ചാൽ ഇതും ഒരു ട്രക്കിങ്ങ് തന്നെ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇവിടെ കോമൺ ട്രാൻസ്‌പോർട്ട് ഇല്ല. ഇവിടെ ദീർഘദൂരം നടക്കുന്നുണ്ട്. ആന വട്ടം ചാടുന്ന വഴി എന്ന് ബോർഡ് വെച്ചിരിക്കുന്ന വഴികളാണ് ചിലയിടത്ത്. അതിലൂടെ നടന്ന് പോകുന്നതിൽ സാഹസികത തീരെയില്ലാതില്ല.

      പിന്നെ “നിലവാരം തീരെ കുറഞ്ഞുപോയി” എന്ന് പറഞ്ഞത്നോട് മാത്രം ഞാൻ യോജിക്കുന്നു. എന്റെ എഴുത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടത് വായനക്കാർ തന്നെയാണ്. അവരതിന് നിലവാരം ഇല്ല എന്ന് പറഞ്ഞാൽ എനിക്ക് എതിരഭിപ്രായമില്ല. വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)

      Delete
    2. മനോജേട്ടാ ചിലര്‍ ഇങ്ങനെയും കാണും...

      Delete
    3. താങ്കള്‍ നടത്തിയ ട്രെക്കിങുകളെ കുറിച്ച് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്, ഞാനും ഒരു ട്രെക്കിങ് പ്രേമിയാണ്...

      Delete
  28. വീട്ടില്‍ ഇടിച്ചുണ്ടാക്കുന്ന പൂട്ട് പൊടി(പൂട്ട് പോലെ പൂട്ട് ഉണ്ടാക്കുന്ന പരസ്യപ്പൊടിയല്ല)യില്‍ ഉണ്ടാക്കിയ പൂട്ട്. ചിരവയില്‍ ചിരകിയെടുത്ത നാടന്‍ തേങ്ങ ഇടക്കിടെയിട്ട പോലെയുള്ള ഫോട്ടോകള്‍. നീരു, നാളുകള്‍ക്ക് ശേഷം കിട്ടിയ ഈ വിഭവം ഹൃദ്യമായി. ആശംസകള്‍ എല്ലാ മലംകേറികള്‍ക്കും!

    ReplyDelete
  29. Miss aayi poye... Miss aayi poye... :)

    ReplyDelete
  30. സമയം -സന്ദർഭം ഇന്നിവയൊക്കെ
    നിർലോഭം ലഭിക്കുന്ന സുകൃതം ചെയ്തവർക്ക്
    മാത്രം കിട്ടുന്ന അനുഭവങ്ങളാണിതൊക്കെ കേട്ടൊ ഭായ്.

    നന്നായി അവതരിപ്പിച്ചിരിക്കുന്നൂ...

    ReplyDelete
    Replies
    1. @ ബിലാത്തിപ്പട്ടണം - എന്തോന്ന് എന്തോന്ന്...

      >>സമയവും സന്ദർഭവും നിർലോഭം ലഭിക്കുന്നവർക്ക്... <<

      നിന്ന് തിരിയാൻ സമയം ഉണ്ടായിട്ടല്ല. പക്ഷെ ചില കാര്യങ്ങൾ ഒഴിവാക്കിയിട്ടായാലും ഇതിനൊക്കെ സമയം എവിടന്നോ കണ്ടെത്തുന്നതാണ്. സന്ദർഭം പല വട്ടം വന്നിട്ടും സമയം ഇല്ലാത്തതുകൊണ്ട് സാധിക്കുന്നില്ല എന്നതാണ് പരമമായ സത്യം.

      Delete
  31. മനോജേട്ടാ
    ഞാനും മനോജേട്ടന്റെ കൂടെ യാത്ര ചെയ്തത് പോലെയുള്ള അനുഭവമാണ്‌ തോന്നിയത്
    വായനക്കാരനെ ഒപ്പം കൊണ്ടുപോവുക എന്നുള്ളതാണ് എഴത്തുകരന്റെ ഏറ്റവും വലിയ
    വിജയം ഇനിയും കുടുതൽ യാത്രാവിവരണങ്ങൾ പ്രതീക്ഷിക്കുന്നു എല്ലാ അഭിനന്ദനങ്ങളും

    ReplyDelete
  32. നിങ്ങള്‍ യാത്ര പ്ലാന്‍ ചെയ്തപ്പോ തന്നെ ഞാനീ ബ്ലോഗ്‌ കാത്തിരിക്കുകയായിരുന്നു കൂടെ വരാന്‍ പറ്റാത്ത വിഷമം ഒന്നൂടെ അധികരിച്ചു .....നന്നായി ട്ടോ .അടുത്ത യാത്ര കൂടി മുന്നേ അറിയിക്കുമല്ലോ ......ഇനി ഒരു വട്ടം കൂടി വിഷമിക്കാനുള്ള മനക്കട്ടി ഇല്ല എന്തായാലും വരും

    ReplyDelete
  33. “വെള്ളത്തിലേക്കിറങ്ങാനും തോന്നുന്നില്ല ഇറങ്ങിയാൽ കയറാനും തോന്നുന്നില്ല“ എന്നായിരുന്നു റാസിയുടെ കമന്റ്.

    chuma ithe vare ninnittilla manojetta :( :P

    ReplyDelete
    Replies
    1. റാസി, നീ എവിടെപ്പോയാലും വെള്ളത്തിലാണല്ലേ?

      Delete
  34. Lovely account of your trekking experience.

    ReplyDelete
  35. നല്ലൊരു വായന ,,ഉന്മേഷം ലഭിക്കുന്ന ഒരു യാത്ര പോലെ ..

    ReplyDelete
  36. മനോജേട്ടാ കുറേകാലത്തിനു ശേഷം മനസ്സറിഞ്ഞ് വായിച്ചു... ഒരു ട്രെക്കിങ്ങ് ചെയ്ത സുഖം,..

    ReplyDelete
  37. ചില യാത്രാനുഭവങ്ങളുടെ വായന തന്നെ ഒരു അനുഭവമാണ്. അത്തരം അനുഭവങ്ങൾ നമ്മുടെ മനസ്സിൽതോന്നിക്കുന്നത്, "ഒരിക്കൽ ഞാനും" എന്ന ഒരു നിശ്ചയവും. സിബിച്ചേട്ടൻ പറഞ്ഞത് തന്നെ വാസ്തവം, ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടക്ക് അൽപ്പനേരം നീക്കിവെക്കാൻ പറ്റിയാൽ അതാവും നമ്മുടെ ഏറ്റവുമധികം ഓർമ്മിക്കപ്പെടുന്ന നിമിഷങ്ങൾ.

    ReplyDelete
  38. വളരെ അധികം പോസിറ്റീവ് എനർജി കിട്ടി വായനയിലൂടെ. കൊടെയ്കനാൽ മുതൽ മുന്നാർ വരെ ഒരു ട്രെക്കിംഗ് ഉണ്ടെന്നു തവണ കൊടെയ്കനാൽ വച്ച കണ്ട ഒരാൾ പറഞ്ഞു അതിനെ പറ്റി വല്ലതും ???

    ReplyDelete
  39. എന്തായാലും എറണകുളത്തു നിന്നും തുടങ്ങിയ ട്രക്കിങ്ങ് പത്താം മൈലിലെ രഹസ്യം വരെ എത്തിയല്ലൊ? സത്യത്തില്‍ പത്താം മൈലില്‍ ഞാന്‍ പോയിട്ടുണ്ടെങ്കിലും ഈ രഹസ്യങ്ങള്‍ ഒന്നും അറിയാതെയാണു തിരിച്ചെത്തിയത്‌..ഞാന്‍ ഒരു വാട്ടര്‍ പ്രൊജെക്ടിന്റെ ഫീസിബിലിറ്റി പഠനത്തിന്റെ ഭാഗമായാണ് പോയതു..2001 ല്‍, പക്ഷെ അവിടെത്തെ തണുപ്പിപ്പോഴും മനസ്സിലുണ്ട്...

    ReplyDelete
  40. എന്റെ കണ്ണിൽ പെടാതെ ഇത്രയും നാൾ ഒളിച്ചിരിക്കുകയായിരുന്നു ഈ ബ്ലോഗ്‌ ..വ്യത്യസ്തമായ യാത്രാനുഭവം .

    ReplyDelete
  41. നല്ല വിവരണം
    മൂന്നാരിലൂടെ ഒന്നു കറങ്ങി വന്നപോലെ.


    10 വർഷങ്ങൾക്ക് മുൻപ് എൻ. എസ് .എസിന്റെയും നാച്ചുറൽ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അവിടെ ഒരു ക്യാമ്പിൽ പങ്കെടുക്കാൻ എനിക്കും ഒരു അവസരം കിട്ടിയിരുന്നു.

    തേയില തോട്ടത്തിനിടയിലുള്ള താമസവും, രാവിലെ ആ കുന്നിൻ ചരിവിലൂടെ വെറുതെയൊന്നു നടന്നതും, തേയിലചെടിയുടെ ഇടയിലൂടെ ഒഴുകുന്ന തണുത്ത ചെറിയ നീരൊഴുക്കും, തൊട്ടു തൊട്ടില്ലെന്ന രീതിയിൽ കടന്നുപോയ മേഘ ശകലങ്ങലും ഒരിക്കൽ കൂടി ഓർത്തുപോയി......

    നന്ദി.....
    http://a4aneesh.blogspot.in/2010/10/blog-post_26.html?m=1

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.