Friday 10 February 2012

വെനീസിലേക്ക്

ഹോളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ ട്രെവീസോ വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ ലിസ്റ്റിലുള്ള പേര് മാത്രമല്ലേ ഉള്ളൂ എന്ന ചിന്തയുമായി വിമാനത്തിലേക്ക് നീങ്ങുമ്പോൾ അതാ വീണ്ടും അമ്പരപ്പിക്കൽ. ഇപ്രാവശ്യം അത് ഇരട്ടിയാണ്. രാജ്യം വിടുന്നതായി പാസ്പ്പോർട്ടിൽ Exit മുദ്രയൊന്നും അടിച്ചില്ലെന്ന് മാത്രമല്ല, വിമാനത്തിലേക്ക് കയറുന്നതിന് മുൻപ് ബോർഡിങ്ങ് പാസ് പോലും കീറിയെടുത്തിയില്ല. ആദ്യമായിട്ടാണ് ബോർഡിങ്ങ് പാസ് മുഴുവനുമായി കൈയ്യിൽത്തന്നെ സൂക്ഷിച്ചുകൊണ്ട് ഒരു പറക്കൽ.

ബോർഡിങ്ങ് പാസ്, ഒരു സോവനീർ.
ആ ബോർഡിങ്ങ് പാസ് ഒരു വലിയ ഓർമ്മത്തുണ്ടാണെന്ന് എനിക്ക് തോന്നി. ഒരു കാലത്ത് എത്രയോ ലന്തക്കാർ കടൽ മാർഗ്ഗം വന്നിറങ്ങിയിരിക്കുന്നു കേരളത്തിൽ! അക്കാലത്തൊക്കെ പാസ്പോർട്ട് എന്ന സംവിധാനം ഉണ്ടായിരുന്നോ ? അതെല്ലെങ്കിൽ മറ്റെന്തെങ്കിലും യാത്രാരേഖകൾ ? കച്ചവടത്തിന് വന്നവർ നാട്ടുരാജ്യങ്ങൾ പിടിച്ചടക്കുകയും ഭരിക്കുകയും നാട്ടുകാരോടെന്ന പോലെ മറ്റ് യൂറോപ്യൻ ശക്തികളോടും പടവെട്ടുകയും, തോറ്റ് മടങ്ങുകയുമൊക്കെ ചെയ്തു. ചിലർ കേരളത്തിന്റെ മണ്ണിൽത്തന്നെ അന്ത്യവിശ്രമമായി. കാര്യമായ രേഖകളൊന്നും അവശേഷിപ്പിക്കാതെ നമ്മുടെ നാട്ടിൽ വന്നുപോകുകയും പട്ടുപോകുകയുമൊക്കെ ചെയ്തവരുടെ നാട്ടിലേക്ക് ഞങ്ങൾ ചെന്നുമടങ്ങുന്നതും പാസ്‌പോർട്ടിൽ രേഖകളൊന്നും അവശേഷിപ്പിക്കാതെ തന്നെ.

ട്രാൻസാവിയ എന്ന വിമാനക്കമ്പനിയുടേതാണ് ആകാശ നൌക. ഡച്ച് വിമാനക്കമ്പനിയായ KLM ന്റെ കൂട്ട് കച്ചവടക്കാരാണവർ. അതുകൊണ്ട് തന്നെ ബോർഡിങ്ങ് പാസ്സിൽ വെലുങ്ങനെ എഴുതിയിരിക്കുന്നത് KLM എന്ന പേരാണ്. യാത്ര ഇറ്റലിയിലേക്കായതുകൊണ്ടായിരിക്കണം വിമാനത്തിൽ നിന്ന് കിട്ടിയ ചിക്കൻ സാൻ‌വിച്ചിൽ ഇറ്റാലിയൻ പെസ്റ്റോ യുടെ ആധിക്യമുണ്ടായിരുന്നു.

വൈകീട്ട് നാല് മണിയോടെ വിമാനം ട്രെവീസോ എയർപ്പോർട്ടിൽ ഇറങ്ങി. വിരലിൽ എണ്ണാവുന്ന ലാന്റിങ്ങുകൾ മാത്രം നടക്കുന്ന വളരെ ചെറിയ ഒരു വിമാനത്താവളമാണത്. ഇറ്റലിയിലേക്ക് ഇതെന്റെ ആദ്യത്തെ യാത്രയാണെങ്കിലും മുഴങ്ങോടിക്കാരിക്ക് ഇത് രണ്ടാമത്തെ ഇറ്റാലിയൻ സന്ദർശനമാണ്. എണ്ണപ്പാടത്തെ പൊരിവെയിലിൽ പച്ചവെള്ളം ക്രൂഡോയിലാക്കാനുള്ള സാങ്കേതിക വിദ്യകൾ എന്തെങ്കിലും വികസിപ്പിച്ചെടുക്കാൻ പറ്റുമോ എന്നാലോചിച്ച് ഞാൻ നിന്ന് വിയർത്തിരുന്ന ദിവസങ്ങളിൽ എപ്പോഴോ, സഹപ്രവർത്തകയായ അനു കപൂറിനൊപ്പം അവർ ഇറ്റലിയിൽ വന്ന് ചുറ്റിയടിച്ചിട്ടുണ്ട്.

അത്രേയുള്ളൂ എയർപ്പോർട്ട് കെട്ടിട സമുച്ചയം.
നെതർലാൻഡ്‌സുമായി ഇറ്റലിക്ക് സമയവ്യത്യാസമൊന്നും ഇല്ലാത്തതുകൊണ്ട് വാച്ചിന്റെ ചെവിക്ക് പിടിക്കേണ്ടി വന്നില്ല. വെനീസിലെ ലിഡോ എന്ന ദ്വീപിലാണ് ഞങ്ങൾക്ക് പോകേണ്ടത്. ഹോട്ടൽ മുറി ബുക്ക് ചെയ്തിരിക്കുന്നത് അവിടെയാണ്. എയർപ്പോർട്ടിൽ ക്യൂ നിന്ന് ബസ്സ് പിടിച്ച് വെനീസിന്റെ കായൽത്തീരങ്ങളിൽ എവിടെയെങ്കിലും ചെന്ന് Vaporetto എന്ന് വിളിക്കുന്ന ബോട്ടിലേക്ക് മാറിക്കയറി വേണം ലിഡോയിൽ എത്താൻ.

എയർപ്പോർട്ടിന് വെളിയിൽ സഞ്ചാരികളേയും കാത്ത് ബസ്സുകൾ.
യൂറോ ബസ്സിന്റെ ATVO എന്ന സർവ്വീസ് നല്ല ആർഭാടമുള്ള കോച്ചുകളാണ്. നല്ല ക്ഷീണമുണ്ട്, പക്ഷെ ഒരുപോള കണ്ണടക്കാൻ പാടില്ല. തെരുവുകാഴ്ച്ചകളെല്ലാം മിഴിച്ചുനോക്കി ഇരുന്നേ പറ്റൂ. ഒൻപത് ദിവസം നീളുന്ന ഈ യാത്രയിൽ ക്ഷീണം, അസുഖം എന്നതൊന്നും അറിഞ്ഞോ അറിയാതെയോ പോലും കടന്നുവരാൻ പാടില്ല.

ഒരു മണിക്കൂറുകൊണ്ട് ബസ്സ് കായൽത്തീരമണഞ്ഞു. ചുറ്റുമുള്ള കെട്ടിടങ്ങൾക്കെല്ലാം പഴമയുടെ പ്രൌഢി. ബഹുനിലക്കെട്ടിടങ്ങളെന്ന് പറയാൻ ഒന്നും തന്നെ ആ പരിസരത്തെങ്ങുമില്ല. റോഡുകളേക്കാൾ തിരക്ക് കായലിലാണ്. കരയും കായൽ നിരപ്പുമായി ഒരടിയിൽ കൂടുതൽ വ്യത്യാസമില്ല. ഒരു ചെറിയ വേലിയേറ്റം പോലും കരയിൽ വെള്ളക്കെട്ടുണ്ടാക്കും എന്ന മട്ടിലാണ് എവിടേയും ജലനിരപ്പ്.

ഒരു വെനീസ് കായലോര ദൃശ്യം.
ഇനി ലഗേജ് എല്ലാം തൂക്കി Vaporetto യിലേക്ക് കയറണം. ഒരു യാത്രയ്ക്ക് 6.5 യൂറോ എന്നതാണ് വാപൊറെറ്റോ ടിക്കറ്റ് നിരക്ക്. പക്ഷെ, 48 മണിക്കൂർ ടിക്കറ്റെടുത്താൽ ഒരാൾക്ക് 28 യൂറോ കൊടുത്താൽ മതി. അടുത്ത ദിവങ്ങളിൽ വാപറേറ്റോയിൽ ഒരുപാട് യാത്രകൾ ഉണ്ടാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞങ്ങൾക്ക് അഭികാമ്യം 28 യൂറോയുടെ ടിക്കറ്റുകൾ തന്നെ. റൂട്ടുകൾ പ്രദർശിപ്പിക്കുന്ന ഇലൿട്രോണിൿ ബോർഡുകളും ആവശ്യത്തിന് ലൈഫ് റിങ്ങുകളും ഓരോ വാപൊറെറ്റോയുടേയും മുകളിലുണ്ട്. ദൂരെ നിന്നുവരുന്ന ബോട്ടുകളിൽ ഒന്നിൽ ലിഡോ എന്ന ബോർഡ് കണ്ടതും ബാഗെല്ലാമെടുത്ത് ഞങ്ങൾ പാലത്തിൽ കടന്നുനിന്നു.

ഒരു വാപൊറെറ്റോ ജെട്ടി.
യാത്രക്കാരെല്ലാം സുരക്ഷിതമായി കയറിയെന്ന് ഉറപ്പായതും ബോട്ട് ജെട്ടി വിട്ടു. സമയം വൈകീട്ട് അഞ്ചര മണി കഴിഞ്ഞിരിക്കുന്നു. ടഗ് ബോട്ടുകൾ, വാപൊറെറ്റോ, ബാർജുകൾ മൂന്നോ നാലോ പേർക്ക് കയറാവുന്ന സ്പീഡ് ബോട്ടുകൾ, വലിയ ആഢംബരക്കപ്പലുകൾ, ഇടത്തരം വലിപ്പമുള്ള വ്യക്തിഗത ആഢംബര സ്പീഡ് ബോട്ടുകൾ, എന്നിങ്ങനെ വിവിധതരം ജലനൌകകൾ കായലിൽ അങ്ങിങ്ങായി തെന്നി നീങ്ങുന്നു. വെനീസിലെ ഏറ്റവും വലിയ ആകർഷണം ഈ ജലനൌകകളും ജലസവാരികളും തന്നെ. ആലപ്പുഴയെ വെനീസുമായി താരത‌മ്യം ചെയ്തത് ആരായാലും അയാൾ തെറ്റിയിട്ടില്ലെന്നത് ഉറപ്പ്. കുഞ്ഞ് കുഞ്ഞ് ഓളങ്ങളുള്ള വേമ്പനാട് കായലിന്റെ വിശാലമായ ജലപ്പരപ്പും, പിന്നീട് ഓളങ്ങൾ ഒതുക്കി ചെറു തോടുകളായി ജനവാസകേന്ദ്രങ്ങളിലെ തുരുത്തുകൾക്കും തിട്ടകൾക്കുമിടയിലേക്ക് പടർന്ന് നിൽക്കുന്ന ആലപ്പുഴയിലെ കായൽക്കാഴ്ച്ചയുടെ വലിയൊരു പതിപ്പ് തന്നെയാണ് വെനീസിൽ. ജലപ്പരപ്പിന്റെ നിറത്തിലും വൃത്തിയിലും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അന്തരമുണ്ടെന്ന് മാത്രം.

ടഗ് ബോട്ട്.
പഴയ പായ്‌ക്കപ്പലിന്റെ മാതൃകയിൽ ഒരു നൌക.
ജട്ടിയിലെ വാപൊററ്റോകൾ, പിന്നിൽ കൂറ്റൻ യാത്രാക്കപ്പൽ
ബോട്ടുകളുടെ വിഭാഗങ്ങളിൽ നോട്ടം പിടിച്ചുപറ്റുന്നത് നമ്മുടെ നാട്ടിലെ വഞ്ചികളുടെ മാതൃകയിലുള്ള ജലനൌകകളാണ്. ഗോണ്ടോളാ എന്നാണതിന്റെ പേര്. തുഴക്കാരൻ എഴുന്നേറ്റ് നിന്നാണ് നീളമുള്ള തുഴകൾ ചലിപ്പിക്കുന്നത്. വളരെ നന്നായി മോടിപിടിപ്പിച്ച ഇരിപ്പിടങ്ങളാണ് അതിന്റേത്. നാല് യാത്രക്കാരിൽ അധികം യാത്ര ചെയ്യുന്ന ഗോണ്ടോളകൾ വിരളമാണ്. എടുത്ത് പറയേണ്ട ഒരു പ്രത്യേകത, ഓളങ്ങൾ ഉണ്ടാകുമ്പോൾ തുഴക്കാരനടക്കം മുങ്ങിപ്പോകും എന്ന തരത്തിൽ ഗോണ്ടോള ഒരു വശത്തേക്ക് ചരിഞ്ഞ് നിൽക്കുമെങ്കിലും അതിനപ്പുറത്തേക്ക് അതിന് മറിയാൻ കഴിയുന്നില്ല എന്നതാണ്. ഇതിനേക്കാൾ വലിപ്പമുള്ള നാട്ടിലെ വഞ്ചികൾ ബോട്ടുകളുടെ ഓളങ്ങളിൽ  മുങ്ങിപ്പോകുമോ എന്ന ആശങ്ക എപ്പോളും ഉണ്ടാക്കാറുണ്ട്. നമ്മുടെ നാടൻ വഞ്ചികളേക്കാൾ സന്തുലനം, ഗോണ്ടോളയ്ക്ക് ഉണ്ടെന്നുള്ളത് സ്പഷ്ടമാണ്. വെനീസിൽ നിന്ന് മടങ്ങുന്നതിന് മുന്നേ ഗോണ്ടോളയിൽ ഒരു സവാരി ഞങ്ങളുടെയൊരു മോഹമാണ്.

ഗോണ്ടോളയിൽ ഒരു കുടുംബം.
കായൽ യാത്രകൾ ഒരുപാട് നടത്തിയിട്ടുള്ള ഒരു വൈപ്പിൻ കരക്കാരൻ ആയിട്ടും, വെനീസിലെ കായൽക്കാഴ്‌ച്ചകൾ കണ്ടുകൊണ്ടുള്ള വാപൊറെറ്റോ സവാരി ഒട്ടും തന്നെ മുഷിപ്പിച്ചില്ല. പുതിയൊരു സ്ഥലത്ത് ചെന്നുകഴിഞ്ഞാൽ അതിന്റെയൊരു ത്രസിപ്പ് യാത്രികരെ അവരറിഞ്ഞോ അറിയാതെയോ പിടികൂടുന്നുണ്ട്. എത്ര സമാനമായ സവാരിയാണെങ്കിലും, കാഴ്ച്ചകളാണെങ്കിലും അത്തരം വികാരത്തിന്റേയും അതിന്റെ തുടർ ചിന്തകളുടേയും മേൽക്കോയ്മ കാഴ്ച്ചകൾക്ക് മറ്റൊരു മാനം പകരുമെന്നതാണ് എന്റെ അനുഭവം.

ബോട്ട് പല ജട്ടികളിൽ നിർത്തി ആളെ കയറ്റിയും ഇറക്കിയും നീങ്ങിക്കൊണ്ടിരുന്നു. ഭൂപടം നിവർത്തി ഞങ്ങൾക്ക് ഇറങ്ങാനുള്ള ജെട്ടി കൃത്യമായി മനസ്സിലാക്കി വെച്ചിരുന്നതുകൊണ്ട് കാര്യമായ വേവലാതികൾ ഒന്നുമില്ലാതെ യാത്ര പുരോഗമിച്ചു. ലിഡോ ദ്വീപിലേക്ക് അരമണിക്കൂറിലധികം സഞ്ചാരമുണ്ടായിരുന്നു.

വാപൊറെറ്റോ യുടെ അകത്തെ ഒരു ദൃശ്യം.
ലിഡോ ദ്വീപിൽ ഞങ്ങളടക്കം മിക്കവാറും എല്ലാവരും ഇറങ്ങി. ഗൾഫ് ഓഫ് വെനീസിനും വെനീസിനും ഇടയ്ക്ക് നിലകൊള്ളുന്ന 12 കിലോമീറ്റർ നീളവും 300 മീറ്റർ മുതൽ 1 കിലോ മീറ്റർ വരെ വീതിയുമുള്ള ഒരു കരയാണിത്. ഒരു വിധത്തിൽ പറഞ്ഞാൽ എറണാകുളത്തിനും അറബിക്കടലിനും ഇടയിൽ നിൽക്കുന്ന വൈപ്പിൻ കരയോട് സാദൃശ്യമുള്ള ഒരിടം.

വെനീസ് - ലിഡോ ഗൂഗിൾ ഭൂപടം.
ഭൂപടം പ്രകാരം 10 മിനിറ്റെങ്കിലും നടക്കാനുള്ള ദൂരമുണ്ട് മുറി ബുക്ക് ചെയ്തിരിക്കുന്ന വില്ലാ പാർക്കോ (Villa Parco) ഹോട്ടലിലേക്ക്. ഞങ്ങൾ വഴി തിരയുകയാണെന്ന് മനസ്സിലാക്കിയ ഒരു വൃദ്ധനും വൃദ്ധയും സഹായവുമായി അടുത്തേക്ക് വന്നു. പക്ഷെ, ഭാഷ ഞങ്ങൾക്കിടയിൽ മതില് തീർത്തു. പരസ്പരം മനസ്സിലാക്കാനാവാത്തതിന്റെ ശോകഭാവം അവരുടെ മുഖത്തുണ്ട്. ഞങ്ങൾക്കും വിഷമമായി. എന്തായാലും ഏത് ദിശയിലേക്കാണ് നടക്കേണ്ടതെന്ന് സഹായിക്കാനെങ്കിലും അവർക്കായി.

വിലെ പാർക്കോ ഹോട്ടൽ
നേരെ ചെന്ന് കയറിയത് ഹോട്ടലിലേക്കാണ്. വളരെ പഴക്കമുള്ള ഒരു വീട് ഹോട്ടലാക്കി മാറ്റിയിരിക്കുന്നു; അഥവാ വീടിന്റെ പ്ലാനിനുള്ള ഒരു ഹോട്ടലാണത്. ഫർണീച്ചറുകളെല്ലാം എന്റെ മനസ്സിളക്കാൻ പാകത്തിൽ പഴമയുടെ ഭംഗി വാരിച്ചൊരിഞ്ഞിട്ടുള്ളത് തന്നെ. അരമണിക്കൂറിലധികം റിസപ്ഷനിൽ കാത്തുനിന്നതിനുശേഷമാണ് ഒരാളെങ്കിലും തുറന്ന് മലർത്തിയിട്ടിരിക്കുന്ന ആ കെട്ടിടത്തിനകത്ത് പ്രത്യക്ഷപ്പെട്ടത്. ഞങ്ങളെപ്പോലെ കാത്തിരിക്കുന്ന രണ്ടുപേർ ഇംഗ്ലണ്ടിൽ നിന്നുള്ള കമിതാക്കളാണ്. സ്തൂലശരീരമുള്ള കാമുകിയും ഈർക്കിൽ പോലെ മെലിഞ്ഞ കാമുകനും കിങ്ങ്‌സ്റ്റൺ യൂണിവേർസിറ്റി വിദ്യാർത്ഥികളാണ്.

ലീഡോ ദ്വീപിലെ ഒരു തോട്.
ചെക്കിൻ ചെയ്ത ശേഷം വെളിയിലേക്കിറങ്ങി. ദ്വീപിന്റെ മറുവശം ഗൾഫ് ഓഫ് വെനീസ് ആയതുകൊണ്ട് ബീച്ചുകൾക്ക് ക്ഷാമമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ലിഡോയെ നെടുകെ മുറിച്ച് കടക്കുന്ന റോഡുകളിലൂടെ ഞങ്ങൾ ബീച്ചിനെ ലക്ഷ്യമാക്കി നടന്നു. വിശാലമായ നടപ്പാതകൾ, അതിന്റെ ഓരത്തെല്ലാം തണൽ വൃക്ഷങ്ങൾ, അങ്ങിങ്ങായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ പലതും വിന്റേജ് മോഡലുകൾ, നല്ലൊരളവിൽ ബൈക്കുകളും നിരത്തുകളിലുണ്ട്.

ലിഡോയിലെ തെരുവുകളിൽ ഒന്ന്
സൂര്യന്റെ ചൂട് കുറഞ്ഞാൽപ്പിന്നെ പാശ്ചാത്യർക്ക് ബീച്ചിനോടുള്ള പ്രണയം കുറവാണല്ലോ ? എല്ലാ ബീച്ചുകളിലും ആളൊഴിഞ്ഞ് കഴിഞ്ഞിരിക്കുന്നു. പകൽച്ചൂടിൽ ഈ ബീച്ചുകളിലെല്ലാം സൂര്യസ്നാനം ചെയ്യാനായി അർദ്ധനഗ്നശരീരങ്ങൾ നിരന്നുകിടക്കുമെന്ന് ലക്ഷണം വെച്ച് നോക്കിയാൽ മനസ്സിലാക്കാം. കൊച്ചുകൊച്ചു കുടിലുകളാണ്(Shack) കടൽത്തീരം നിറയെ. എണ്ണ തേക്കാനും, വസ്ത്രങ്ങളും ബാഗുമൊക്കെ വെക്കാനും, അത്യാവശ്യം ടോയ്‌ലറ്റ് സൌകര്യവും, മാത്രമാണ് അതിനകത്തുള്ളത്. എണ്ണ തേച്ച് കഴിഞ്ഞാൽ ഉണങ്ങാനായി മലർന്ന് കിടക്കാനായി ബീച്ച് മുഴുവനും നിരത്തിയിട്ടിട്ടുള്ള ബഞ്ചുകളും അത്യാവശ്യം തണല് വേണമെന്നുണ്ടെങ്കിൽ അതിനുള്ള കുടകളും സ‌മൃദ്ധമായിട്ടുണ്ട്. ചെറിയ വാടക കൊടുത്ത് ദിവസം മുഴുവനും കിടന്ന് വെയിൽ കായാനായി വെനീസിലെത്തുന്ന സഞ്ചാരികളിൽ നല്ലൊരു ഭാഗം ആശ്രയിക്കുന്നത് ലിഡോ ദ്വീപിലെ ഈ ബീച്ചുകളാണ്. കണ്ണെത്താ ദൂരത്തിൽ ബീച്ചിലെ അത്തരം സജ്ജീകരണങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഇടയ്ക്കിടയ്ക്ക് ചില റസ്റ്റോറന്റുകൾ ഉണ്ടെങ്കിലും വൈകുന്നേരത്ത് ബീച്ചിൽ ആളൊഴിയുന്നതോടെ അവയിൽ ഭൂരിഭാഗവും നിർജ്ജീവമായിരിക്കുന്നു.

ബീച്ച് ഷാക്കുകൾ
ഉച്ച കഴിഞ്ഞാൽ ലൈഫ് ഗാർഡിന്റെ സേവനങ്ങൾ കുറവാണെന്ന് മുന്നറിയിപ്പ് ബോർഡുകൾ വെച്ചിട്ടുണ്ട്. കടലിന് നടുവിലേക്ക് കല്ലിട്ട് നീട്ടിയിരിക്കുന്ന പാലത്തിലൂടെ നടന്ന് മുനമ്പിൽ ചെന്ന് കടൽക്കാറ്റേറ്റ് നിന്നപ്പോൽ മുനമ്പം അഴിമുഖത്തെ പുലിമുട്ടിനെ സ്മരിക്കാതിരിക്കാനായില്ല. അൽ‌പ്പനേരം കൂടെ ബീച്ചിലൂടെ നടന്നശേഷം ഞങ്ങൾ വീണ്ടും റോഡിലേക്ക് കടന്നു. ഇനി അൽ‌പ്പനേരത്തിനുള്ളിൽ ഇരുട്ട് പടരും. അതിന് മുന്നേ അത്താഴം കഴിക്കാനായി കൊള്ളാവുന്നൊരു റസ്റ്റോറന്റ് കണ്ടുപിടിക്കേണ്ടതുണ്ട്.

മറ്റൊരു ബീച്ച് ഷാക്ക് കൂട്ടം
വീഞ്ഞും സംഗീതവുമെല്ലാം യഥേഷ്ടം ഒഴുകുന്ന ഒരു ഇറ്റാലിയൻ ഭോജനശാല കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അതൊരു റോമാന്റിക്ക് സംഗമസ്ഥാനം ആണെന്ന് തോന്നി. എല്ലാ മേശകളിലും യുവമിഥുനങ്ങളും ദമ്പതികളും മാത്രം. റോസാപ്പൂക്കൾ വിൽക്കാനായി ഇടയ്ക്കിടയ്ക്ക് വെളിയിൽ നിന്ന് ചിലർ മേശകൾക്കരുകിലേക്ക് വന്നുകൊണ്ടിരുന്നു.

“ ഇൻ‌ഡിയാനോ ? “

ഞങ്ങളെ കണ്ടതും അതിലൊരു പൂക്കച്ചവടക്കാരൻ കുശലം ചോദിച്ചു. മറുപടിയെന്നോണം പട്ടരുടെ ബൊമ്മയെപ്പോലെ ഞാൻ തലയിളക്കി.

ഡിന്നർ കഴിഞ്ഞപ്പോഴേക്കും തെരുവുകളിലെല്ലാം ഇരുട്ടിന്റെ കമ്പളം വീണുകഴിഞ്ഞിരുന്നു. ഹോട്ടലിലേക്കുള്ള വഴി കൃത്യമായി അറിയാമായിരുന്നെങ്കിലും മറ്റൊരു വഴിയിലൂടെയാണ് തിരിച്ച് നടന്നത്. ദൂരെയെവിടെയോ ഒരു ബഹളം കേൾക്കുന്നുണ്ട്. അതിനെ ലക്ഷ്യമാക്കി നടന്നു. ഒരു ബാസ്‌ക്കറ്റ് ബോൾ സ്റ്റേഡിയത്തിലാണ് എത്തിച്ചേർന്നത്. കുട്ടികളുടെ കളി പൊടിപൊടിക്കുകയാണ്. കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ ഞങ്ങളാ ഗാലറിയിലെ ആരവങ്ങളുടെ ഭാഗമായി.

ബാസ്കറ്റ് ബോൾ സ്റ്റേഡിയത്തിൽ അൽ‌പ്പനേരം.
വെനീസ് എന്ന് കേൾക്കുമ്പോൾ എപ്പോളും ഓർമ്മ വരുന്നത് രണ്ട് കാര്യങ്ങളാണ്. സ്ക്കൂളിൽ പഠിച്ചിട്ടുള്ള ‘വെനീസിലെ വ്യാപാരി‘ എന്ന കഥയും, ആലപ്പുഴയെ കിഴക്കിന്റെ വെനീസാക്കിയുള്ള താരത‌മ്യവും. അതിൽക്കൂടുതലെന്തെങ്കിലും അറിയാൻ ശ്രമിച്ചത്, ഇപ്പോൾ ഇങ്ങനെയൊരു യാത്രയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയപ്പോളാണ്. കേട്ടറിഞ്ഞ കഥകളിലേയും വായിച്ച് മനസ്സിലാക്കാൻ ശ്രമിച്ച ചരിത്രത്തിലേയും വെനീസിനെ കാണാനായി ഇനിയുള്ള രണ്ട് ദിവസങ്ങൾ ഈ ജലപ്പരപ്പുകളിലും തെരുവുകളിലും ഞങ്ങളുണ്ടാകും.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

37 comments:

 1. സച്ചിൻ ടെൻഡുൽക്കർ നൂറാമത്തെ സെഞ്ച്വറി അടിച്ചിട്ടാകാം എന്ന് കരുതി ഇതുവരെ കാത്തു. ഇനിയും അങ്ങേർക്ക് വേണ്ടി കാത്തുനിൽക്കാനാവില്ല. എന്റെ ആദ്യത്തെ ബ്ലോഗ് സെഞ്ച്വറി ദാ അടിച്ചിരിക്കുന്നു.

  ‘ചില യാത്രകളിൽ’ ഇത് നൂറാമത്തെ പോസ്റ്റ്

  ReplyDelete
 2. സെഞ്ച്വറിക്കഭിനന്ദനങ്ങള്‍....

  ReplyDelete
 3. ആശംസകള്‍, അഭിനന്ദനങ്ങള്‍. വീണ്ടും നല്ല ഒരു വായനാനുഭവം......സസ്നേഹം a

  ReplyDelete
 4. നിരക്ഷരന്‍ ചേട്ടാ.....നൂറ് തികച്ചതിനു അഭിനന്ദനങ്ങള്‍ ....

  "എണ്ണപ്പാടത്തെ പൊരിവെയിലിൽ പച്ചവെള്ളം ക്രൂഡോയിലാക്കാനുള്ള സാങ്കേതിക വിദ്യകൾ എന്തെങ്കിലും വികസിപ്പിച്ചെടുക്കാൻ പറ്റുമോ എന്നാലോചിച്ച് ഞാൻ...." എന്ന വരികള്‍ വായിച്ചപ്പോള്‍ ഒരു സംശയം..പച്ചവെള്ളം ക്രൂഡോയിലാക്കാനുള്ള സാങ്കേതികവിദ്യയാണോ അതോ ക്രൂഡോയില്‍ പച്ചവെള്ളമാക്കാനുള്ള വിദ്യയാണോ ആലോചിച്ചത്...എണ്ണപ്പാടത്ത്‌ പച്ചവെള്ളത്തിനായിരിക്കില്ലേ ദൌര്‍ലഭ്യം.....മനസ്സില്‍ തോന്നിയ ഒരു സംശയമാണ്....തെറ്റാണെങ്കില്‍ ക്ഷമിക്കണം കേട്ടോ...

  ReplyDelete
  Replies
  1. :):) രണ്ട് അർത്ഥത്തിലാണ് അങ്ങനെ പറഞ്ഞത്.

   1. പല സ്ഥലങ്ങളിലും ഡ്രില്ലിങ്ങ് കഴിഞ്ഞാൽ എണ്ണയ്ക്ക് പകരം കിട്ടുന്നത് വെള്ളമായിരിക്കും. അപ്പോൾ അതിനെ എണ്ണയാക്കാനുള്ള മാർഗ്ഗമല്ലേ അലോചിച്ച് പോകുക ?

   2. ദൈവപുത്രൻ വെള്ളം വീഞ്ഞാക്കിയത് പോല, വെള്ളം ക്രൂഡോയിൽ ആക്കിയാൽ കുറേ പ്രശ്നങ്ങൾ തീരുമല്ലോ ? എണ്ണയ്ക്ക് വേണ്ടിയാണല്ലോ ഇപ്പോൾ നടക്കുന്ന യുദ്ധങ്ങൾ?!

   Delete
  2. നിരക്ഷരന്‍ ചേട്ടാ....ദേ വീണ്ടും സംശയങ്ങള്‍ ....
   സംശയങ്ങള്‍ മനുഷ്യസഹജമായിപ്പോയില്ലേ...അന്തമില്ലാത്ത സംശയങ്ങള്‍ തീര്‍ക്കാന്‍ കൊട്ടേഷന്‍ കൊടുക്കരുത്.

   1"ഡ്രില്ലിങ്ങ് കഴിഞ്ഞാൽ എണ്ണയ്ക്ക് പകരം കിട്ടുന്നത് വെള്ളമായിരിക്കും. അപ്പോൾ അതിനെ എണ്ണയാക്കാനുള്ള മാർഗ്ഗമല്ലേ അലോചിച്ച് പോകുക ? " എന്ന് പറഞ്ഞല്ലോ.?
   ഒരു ലിറ്റര്‍ പെട്രോളിന് 0.80 റിയാല്‍ (80 ദിര്‍ഹം) ആണെങ്കില്‍ 300 മില്ലി ബോട്ടില്‍ വെള്ളത്തിനു 2 റിയാല്‍ ആണ്. അങ്ങനെയാണെങ്കില്‍ മരുഭുമിയില്‍ എണ്ണക്ക് പകരം വെള്ളം കിട്ടുന്നത് തന്നെയല്ലേ ലാഭകരം.

   2.എണ്ണക്ക് വേണ്ടിയാണല്ലോ ഇപ്പോള്‍ നടക്കുന്ന യുദ്ധങ്ങള്‍ എന്ന് പറയുന്നത് ശരിയാണെങ്കിലും ഭാവിയില്‍ ലോകരാജ്യങ്ങള്‍ യുദ്ധം ചെയ്യുവാന്‍ പോകുന്നത് വെള്ളത്തിന്‌ വേണ്ടിയായിരിക്കും എന്നല്ലേ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്..

   Delete
  3. ഷൈജൂ -

   ഉത്തരം 1:‌- അങ്ങനെ വ്യാവസായിക അടിസ്ഥാനത്തിൽ കുപ്പിവെള്ളം ഉണ്ടാക്കാനുള്ള വെള്ളമൊന്നും കിട്ടില്ല എണ്ണപ്പാടത്തുനിന്ന്. കിട്ടിയിട്ടും കാര്യമില്ല. ഈ വെള്ളം ശുദ്ധീകരിച്ചെടുക്കുന്നതിലും ചിലവ് കുറച്ച് കടൽ വെള്ളം ശുദ്ധമാക്കി എടുക്കാൻ പറ്റും.

   ഉത്തരം 2:‌- ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ കടൽ വെള്ളമെടുത്താണ് ശുദ്ധജലം വ്യാവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കുന്നത് എന്ന് തോന്നുന്നു. വെള്ളത്തിന് വേണ്ടി യുദ്ധം വന്നാലും ഇല്ലെങ്കിലും ആ മാർഗ്ഗം തന്നെ സ്വീകരിച്ചാൽ മതിയാകും ഇനിയുള്ള കാലത്തും. എണ്ണപ്പാടത്തുനിന്ന് കിട്ടുന്ന വെള്ളത്തിലില്ലാത്ത മാരകമായ ഘടകങ്ങൾ ഒന്നുമില്ല. അതൊരു കവിൾ കുടിച്ചാൽ മതിയാകും കാലപുരി പൂകാൻ.

   Delete
 5. അവിടെ നമ്മുടെ വെനീസിലെ വ്യാപാരിയുടെ കടയെങ്ങാനും കണ്ടീരുന്നുവോ ഭായ്..

  ReplyDelete
 6. ആശംസകള്‍......

  ReplyDelete
 7. മനോജ്‌ ആശംസകള്‍ നൂറാമത്തെ പോസ്റ്റിനു.
  ഒരു സംശയം. വിരളമായി മാത്രം ലങ്ടിംഗ് ഉള്ള വിമാനത്താവളത്തില്‍ ഇത്ര അധികം ബസ്സുകള്‍ ?
  ഈ അടുത്ത കാലത്ത് വായിച്ച ഏറ്റവും നല്ല വായനാനുഭവത്തിന് നന്ദി

  സജീവ്‌

  ReplyDelete
 8. പുതിയൊരു സ്ഥലത്ത് ചെന്നുകഴിഞ്ഞാൽ അതിന്റെയൊരു ത്രസിപ്പ് യാത്രികരെ അവരറിഞ്ഞോ അറിയാതെയോ പിടികൂടുന്നുണ്ട് ... ഇതു പകരാനാകുന്നുണ്ട് താങ്കൾക്ക്. വെനീസ് ഇഷ്പ്പെട്ടു. ഷൈലോക്കിനെ കണ്ടില്ലെ? മൂപ്പരല്ലേ, ബ്ലേഡ് കമ്പനി ആദ്യമായി സ്ഥാപിച്ചത്?

  ReplyDelete
 9. വെനീസ്...... പഴമ ഒരുപാടു ഉണ്ട് അവിടേം അല്ലെ... പഴമ കണ്ടാല്‍ ഞാനും അവിടെ വീണു പോകും....:)))))
  നൂറാം പോസ്റ്റിനു അഭിനന്ദനങ്ങള്‍....,...

  ReplyDelete
 10. wooow..thatz nice..we r planning an Italial Escapade!!!

  ReplyDelete
 11. ദിലീപ് തൃക്കാരിയൂർ13 February 2012 at 06:40

  മനോജേട്ടാ...... കലക്കീ......എന്നത്തേതും പോലെ, നല്ല അവതരണം....

  ReplyDelete
 12. ഇത്ര അടുത്തു കിടന്നിട്ടും , ഇറ്റലിയിൽ 2-3 തവണ പോയിട്ടും വെനീസിൽ പോകാൻ കഴിഞ്ഞിട്ടില്ല...എപ്പോളെങ്കിലും പോകണം.. ബാക്കി വിവരണങ്ങൾക്കു കാത്തിരിക്കുന്നു...

  പിന്നെ ഷെങ്കൻ സ്റ്റേറ്റുകൾക്കിടയിൽ യാത്ര ചെയ്യുമ്പോൾ പാസ്സ്പോർട്ടിൽ സീൽ പതിക്കാറില്ല...

  ReplyDelete
  Replies
  1. @ പഥികൻ - അത് എനിക്കറിയില്ലായിരുന്നു. നന്ദി ഈ പുതിയ അറിവിന്. പക്ഷെ ബോർഡിങ്ങ് പാസ്സും കീറില്ലാന്നുണ്ടോ ? :)

   Delete
 13. മനോജേട്ടാ..
  നൂറാമത്തെ പോസ്റ്റിനു ആശംസകള്‍
  എന്നത്തെയും പോലെ മികച്ച വിവരണം. ഇവിടെ അമേരിക്കയില്‍ വന്നിട്ട് ചില സ്ഥലങ്ങളില്‍ ഒക്കെ പോയി എങ്കിലും ഒന്നും പകര്‍ത്തുവാന്‍ കഴിഞ്ഞിട്ടില്ല. യാത്രകളെ കുറിച്ച് എഴുതുമ്പോള്‍ ഭാഷ മികച്ചതാവണം. നല്ല വിവരണത്തിന് ഭാഷയ്ക്ക് നന്ദി.

  ReplyDelete
 14. ബൂലോകം ഓണ്‍ ലൈന്‍ സൂപ്പര്‍ ബ്ലോഗര്‍ 2011 ആയി തിരഞ്ഞെടുക്കപ്പെട്ട സുഹൃത്തിന് അനുമോദനങ്ങള്‍ :)

  ReplyDelete
 15. മനോജേട്ടാ ആദ്യമായി രണ്ട് അഭിനന്ദനങ്ങൾ. ചിലയാത്രകൾ നൂറ് എപ്പിസോഡുകൽ പൂർത്തിയാക്കിയതിന്റേയും, സൂപ്പർ ബ്ലോഗറായി തിരഞ്ഞെടുക്കപ്പെട്ടതിന്റേയും. എന്നത്തേയും പോലെ നല്ല വിവരണം. വെനീസിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ വെനീസ് വിശേഷങ്ങൾക്കായി കാത്തുനിൽക്കുന്നു.

  പിന്നെ ഒരു ഓഫ് ടോപ്പിക്ക് കൂടെ. നമ്മുടെ പേരുകൾ പാസ്സ്‌പോർട്ടിൽ വരുന്ന രീതി പലപ്പോഴും പാശ്ചാത്യർക്ക് ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. ഇവിടെ തന്നെ ബോർഡിങ് പാസ്സിൽ അടിച്ചിരിക്കുന്നത് സാറിന്റെ പേരാണ്. ഇങ്ങനെ വരുന്നത് വിദേശയാത്രകളിൽ എപ്പോഴെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? കാരണം Mr.മനോജ് എന്ന് വിളിക്കേണ്ടതിനു പകരം ആരെങ്കിലും Mr.രവീന്ദ്രൻ എന്നു വിളിച്ചാൽ പെട്ടന്ന് നമ്മൾ ഗൗനിക്കണമെന്നില്ലല്ലൊ.

  ReplyDelete
  Replies
  1. @ മണീ - അമേരിക്കൻ വിസയുടെ അപേക്ഷയുമായി മദ്രാസ് കോൺസുലേറ്റിൽ പോയപ്പോൾ, എന്റെ പേര് 10 പ്രാവശ്യം വിളിച്ചിട്ടും കേട്ട ഭാവം ഞാൻ കാണിച്ചില്ല. പാസ്‌പോർട്ടിൽ Ponath Ravindran Manoj എന്നാണ് പേര് എഴുതിയിരിക്കുന്നത്. അവരവിടെ കിടന്ന് ‘മിസ്റ്റർ പൊനത് .... മിസ്റ്റർ പൊനത് ‘എന്ന് വിളിച്ച് കൂവിയാൽ നമ്മളുണ്ടോ മൈൻഡ് ചെയ്യുന്നു :) സ്ഥിരമായി വിദേശയാത്രകൾ തരമാകാൻ തുടങ്ങിയതിൽ‌പ്പിന്നെ അങ്ങനൊരു പ്രശ്ശം ഉണ്ടായിട്ടില്ല. മിമിക്രിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ.. ‘പിന്നീട് അതൊരു ശീലമായി’.

   ആദ്യത്തെ അഭിനന്ദനങ്ങൾ സ്വീകരിക്കുന്നു. രണ്ടാമത്തേത് തൽക്കാലം സ്വീകരിക്കാൻ വയ്യ. വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നാണ് അറിഞ്ഞത് :)

   Delete
  2. വിദേശയാത്രകൾ നടത്തിയിട്ടുള്ള പലർക്കും പാസ്സ്‌പോർട്ടിലെ പേര് ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാക്കി കാണും, ചിലത് രസകരമാകും ചിലത് ആ വ്യക്തിയുടെ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിച്ചതും.
   ഒരിക്കൽക്കൂടി നന്ദി മനോജേട്ടാ.

   Delete
 16. സൂപ്പര്‍ ബ്ലോഗ്ഗര്‍ ആയി തിരഞ്ഞെടുക്കപെട്ട നിരക്ഷരന് അഭിനന്ദനങ്ങള്‍

  ReplyDelete
 17. അഭിനന്ദനങ്ങള്‍ സൂപ്പെര്‍ ബ്ലോഗര്‍ക്ക്

  ReplyDelete
 18. പ്രീയ സുഹൃത്തേ നിരക്ഷരാ,
  അഭിനന്ദനങ്ങള്‍,പൂമാലകള്‍ തുടങ്ങിയവ
  ഇപ്പോള്‍ കെട്ടുകണക്കിന്വീട്ടുപടിക്കല്‍
  എത്തിക്കാനും എന്ന് വിശ്വസിക്കുന്നു.
  ഒപ്പം ഈയുള്ളവന്റെ ഒരു ചെറിയ പൂച്ചെണ്ടും!
  യാത്ര തുടരുക! എല്ലാ ആശംസകളും!
  വീണ്ടും കാണാം.
  ഏരിയല്‍ ഫിലിപ്പ്
  സിക്കന്ത്രാബാദ്

  ReplyDelete
 19. കുറച്ചു ദിവസം മുന്പ് സഞ്ചാരം ടി.വി.യില്‍ കാണിച്ചപ്പോള്‍ വെനീസ് എപ്പിസോഡ് കണ്ടിരുന്നു. ഇത് അതിന്റെ ഒരു തുടര്‍ച്ചയായി തോന്നുന്നു ചേട്ടാ. അഭിനന്ദനങ്ങള്‍.

  ReplyDelete
 20. മനോജ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..ആദ്യത്തേത് യാത്രയുടെ താളുകളിൽ 100 സഞ്ചാരങ്ങൾ തികച്ചതിനുതന്നെ.. ഈ ഒരു യാത്രാവിവരണമാണ് ചില യാത്രാക്കുറിപ്പുകൾ എഴുതുവാൻ എന്നെയും പ്രേരിപ്പിച്ചത്. അതിന് പ്രത്യേക നന്ദിയും അറിയിക്കുന്നു.

  രണ്ടാമത്തേത് സൂപ്പർ ബ്ലോഗ്ഗറായി തിരഞ്ഞെടുക്കപ്പെട്ടതിന്. ബൂലോകത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ വച്ചുനോക്കുമ്പോൾ മനോജ് അതിനു തീർച്ചയായും അർഹൻ തന്നെ...വിവാദങ്ങൾ അതിന്റെ വഴിക്കുപോകട്ടെ.. നമുക്ക് അർഹതപെട്ടത് നമുക്കുതന്നെ വന്നുചേരും..ഒരിക്കൽ കൂടി നേരുന്നു...ഹൃദയത്തിന്റെ ഭാഷയിൽ.. അഭിനന്ദനങ്ങൾ....

  ReplyDelete
 21. സെഞ്ച്വറി അഭിനന്ദനങ്ങള്‍..സൂപ്പര്‍ ബ്ലോഗറെ....:)

  ReplyDelete
 22. ഞാനും പോയിട്ടുണ്ട് വെനീസിൽ.
  ഇച്ചിരി കിഴക്കുള്ള വെനീസാണെന്നു മാത്രം!

  സ്വയമ്പൻ പോസ്റ്റ്!

  ReplyDelete
 23. ഭാഗ്യവാന്‍ ..ഇങ്ങിനെ നാട് മുഴുവന്‍ ചുറ്റി നടക്കാനുള്ള അവസരം കിട്ടുന്നുണ്ടല്ലോ.......വിവരണം നന്നായിട്ടുണ്ട്...

  ReplyDelete
 24. venicine kurichu kooduthal ariyan kazhinju.... aashamsakal..... blogil puthiya post.... URUMIYE THAZHANJAVAR ENTHU NEDI...... vayikkumallo.......

  ReplyDelete
 25. പതിവു പോലെ, നല്ല വിവരണം. എന്റെ അടുത്ത യാത്രാലക്ഷ്യമാവന്‍ വെനീസിനു ഭാഗ്യമുണ്ടാകട്ടെ!!! :-)

  ReplyDelete
 26. പ്രിയപ്പെട്ട നിരക്ഷരന്‍ ......മുതിര്‍ന്ന ആള്‍ ആയതോണ്ട് മാഷെ എന്ന് വിളിക്കുകയാണ് ....മാഷേ നിങ്ങള്‍ എങ്ങനെയാ നിരക്ഷരന്‍ ആവുന്നത് ?അക്ഷരങ്ങള്‍ മൊത്തം നിങ്ങളുടെ കൈകളില്‍ ആണല്ലോ ?മാതൃഭൂമി ആണ് താങ്കളെ പരിചയപെടുത്തിയത് ...ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ ബ്ലോഗും തന്നത് വായനയുടെ നല്ല ലോകമാണ് ...ഇതും അങ്ങനെ തന്നെ ...ആശംസകള്‍ ...

  ReplyDelete
 27. നല്ല വിവരണം. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 28. വെനീസ് യാത്ര തുടരുന്നു. രണ്ടാം ഭാഗം - സെന്റ് മാർക്സ് സ്ക്വയർ

  ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.