-------------------------------------------------------------------------------------
കനോലി പ്ലോട്ടിലേക്ക് പോകണമെങ്കില്‍ കടത്തുവഞ്ചിയില്‍ ചാലിയാര്‍ മുറിച്ചുകടക്കണമായിരുന്നു ഇതുവരെ. പക്ഷെ ഇനി മുതല്‍ കടത്തുവഞ്ചിയെ ആശ്രയിക്കേണ്ട ആവശ്യമില്ല. ആറിന് കുറുകെ ഒന്നാന്തരമൊരു തൂക്കുപാലം വന്നിരിക്കുന്നു. 2 ദിവസത്തിനുള്ളില്‍ ബഹുമാനപ്പെട്ട വനം വകുപ്പുമന്ത്രി ശ്രീ. ബിനോയ് വിശ്വം പാലത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനണം നിര്‍വ്വഹിക്കുകയാണ്. അതുകൊണ്ടുതന്നെ പാലത്തിലൂടെയോ അല്ലാതെയോ ആരെയും കനോലി പ്ലോട്ടിലേക്ക് കടത്തിവിടുന്നില്ല. ഫോറസ്റ്റ് ഓഫീസിനുമുന്നിലെ വഴി ചാലിയാറിനരുകില്‍ അവസാനിക്കുന്നിടത്ത് പൊലീസ് ബന്തവസ്സുമുണ്ട്.
എന്നുവെച്ച് എനിക്ക് കനോലിപ്ലോട്ടിലേക്ക് പോകാതിരിക്കാനാവില്ലല്ലോ ? പൊലീസുകാരെ ചാക്കിട്ടുനോക്കി. രക്ഷയില്ല. ക്യാമറയുടെ സൂം വലിച്ച് പുറത്തേക്ക് നിര്‍ത്തി, ഫോറസ്റ്റ് ഓഫീസറെ ചെന്നുകണ്ട് കാര്യം പറഞ്ഞു.
“സാറെ ഞാന്‍ ഏറണാകുളത്തുനിന്ന് ഈ വഴി വന്നിരിക്കുന്നത് ഈ കനോലി പ്ലോട്ട് കാണാന്‍ വേണ്ടി മാത്രമാ. പറ്റില്ല എന്ന് മാത്രം പറയരുത് ”
ഫോറസ്റ്റ് ഓഫീസര്‍ വളരെ മാന്യമായിത്തന്നെ എന്നെ വിലക്കി.
“എനിക്ക് കര്‍ശനമായ ഓര്‍ഡര്‍ ഉണ്ട് ആരെയും അക്കരേയ്ക്ക് വിടരുതെന്ന്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റുകാര്‍ വന്നിട്ടുവരെ ഞാന്‍ അനുവദിച്ചില്ല. ഇതെന്റെ ജോലിയുടെ ഭാഗമാണ് . സഹകരിക്കണം.”
കനോലി പ്ലോട്ട് കാണാതെ മടങ്ങുകയോ ? എനിക്ക് സഹിക്കാനായില്ല. അവിടന്ന് മടങ്ങാന്‍ മനസ്സനുവദിച്ചുമില്ല. ഒരിക്കല്‍കൂടെ ആറിനരുകിലേക്ക് നടന്നു. കുറച്ചുനേരം പുഴയരുകില്‍ വെറുതെ നില്‍ക്കാനെങ്കിലും അനുവദിക്കണമെന്ന് പൊലീസുകാരോട് പറഞ്ഞു.
പൊലീസുകാരുടെ മനമലിഞ്ഞു. അല്‍പ്പനേരം പുഴക്കരയില്‍ നില്‍ക്കാന്‍ അനുവാദം തന്നു.

ജോലികളെല്ലാം തീര്‍ത്ത് പുഴയില്‍ കുളിച്ച് ശുദ്ധിവരുത്തുന്ന നാട്ടുകാരേയും, 2 നാളുകള്‍ക്കുള്ളില്‍ കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം എന്ന ബഹുമതിയോടെ ഉത്ഘാടനം ചെയ്യപ്പെടാന്‍ പോകുന്ന പാലത്തേയും, ചാലിയാറിനേയുമൊക്കെ നോക്കി കുറച്ചുനേരം അവിടെ ചുറ്റിപ്പറ്റി നിന്നതിനുശേഷം തിരിച്ച് വാഹനത്തിനരുകിലേക്ക് നടന്നു. കനോലി പ്ലോട്ട് കാണാനുള്ള യോഗം പിന്നീടൊരിക്കലാണെങ്കില്‍ അങ്ങനെയാകട്ടെ എന്ന് സമാധാനിച്ചു.
അടുത്ത ലക്ഷ്യം ബംഗ്ലാവ് കുന്നായിരുന്നു. ബസ്സ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള വഴിയിലൂടെ കയറി വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോകുന്ന വഴി ചെന്നവസാനിക്കുന്നത് ബംഗ്ലാവ് കുന്നിന്‍ മുകളിലുള്ള ഒരു പഴയ ഇരുമ്പു ഗേറ്റിന് മുന്നിലാണ്. റോഡിനിരുവശവും ആയുര്‍വ്വേദ സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു എന്നതാണ് ഒരു പ്രത്യേകത. കുന്നിന്റെ മുകളിലുള്ള ബംഗ്ലാവ് ഓഫീസേര്‍സ് കോട്ടേജായിട്ടാണ് ഉപയോഗിക്കുന്നതെന്നാണ് മനസ്സിലാക്കിയതെങ്കിലും അവിടെങ്ങും ആള്‍പ്പാര്‍പ്പ് ഉള്ളതായി തോന്നിയില്ല. കാടുപിടിച്ചുകിടക്കുന്ന ഒരു ഭാര്‍ഗ്ഗവീനിലയം പോലെയാണ് ആ ബംഗ്ലാവിന്റെ അവസ്ഥ. തുരുമ്പിച്ച ഗേറ്റ് തുറന്ന് പുരയിടത്തിനകത്തേക്ക് കടന്നു.

ബ്രിട്ടീഷുകാര്‍ നിര്‍മ്മിക്കുകയും കാലങ്ങളോളം ഉപയോഗിക്കുകയും ചെയ്തിരുന്ന ഒരു ബംഗ്ലാവാണിത്. ചുറ്റും കാടുപിടിച്ചുകിടക്കുന്നതുകൊണ്ട് കെട്ടിടത്തിനു പിന്നിലുള്ള കുതിരകളെ കെട്ടിയിടുന്ന പന്തിയും ഊട്ടുപുരയുമൊന്നും കാണാന്‍ തന്നെ സാധിച്ചില്ല. മാത്രമല്ല ഒരു ഭീകരത അതിനെച്ചുറ്റിപ്പറ്റി നില്‍ക്കുന്നതുപോലെ.
ബംഗ്ലാവിനെച്ചുറ്റിപ്പറ്റി അത്തരത്തിലുള്ള കഥകള്‍ പലതും അന്നാട്ടിലുണ്ട്. ഒക്കെ പ്രേതകഥകള്‍ തന്നെ. അതുകൊണ്ടുതന്നെ ഇവിടെ അസമയത്ത് പോകുവാന്‍ നാട്ടുകാര്‍ക്ക് പേടിയാണ്. പല അമാവാസിരാത്രികളിലും ഇവിടേനിന്നും താഴോട്ട് വളഞ്ഞുപുളഞ്ഞുപോകുന്ന മണ്‍പാതയിലൂടെ
കുതിരക്കുളമ്പടിയും ചാട്ടവാറടിയും കേള്‍ക്കാറുണ്ട് എന്ന് സമീപവാസികള്‍ പറയുന്നു. താഴ്‌വാരത്തെ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ഉണക്കയിലകള്‍
ചതഞ്ഞരയുന്നതും, ചങ്ങലക്കിലുക്കവും, കാല്‍കൊലുസ്സിന്റെ കിലുക്കവും , ആരോ
ഓടിപ്പോകുന്ന സ്വരവുമൊക്കെ കേട്ട് മനോവിഭ്രാന്തി വന്നവര്‍ വരെ ആ ഭാഗത്തുണ്ടത്രേ! ഡോ:കോവൂരിന്റെ അനുയായികളുടെ ആരുടെയെങ്കിലും സേവനം വളരെ അത്യാവശ്യമായിട്ടുള്ള ഒരു പരിസരം തന്നെയാണത്.
പ്രേംനസീര്‍ നായകനായഭിനയിച്ച ‘പൂമഠത്തെ പെണ്ണ് ‘ എന്ന സിനിമയും, ‘പ്രേതങ്ങളുടെ താഴ്‌വര‘ എന്ന മറ്റൊരു സിനിമയുമൊക്കെ ഈ ബംഗ്ലാവിന്റെ പരിസരത്തുതന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ചാലിയാറിന്റെ മറുവശത്തുനിന്ന് ഏതോ അമ്പലത്തില്‍ നിന്ന് ചെണ്ടമേളം കേള്‍ക്കുന്നുണ്ടായിരുന്നു. ദീപാരാധനയ്ക്ക് സമയമാകുന്നു. ഇരുട്ടുവീണുതുടങ്ങുകയായി. ആദ്യദിവസത്തെ ചുറ്റിത്തിരിയത് അവിടെ അവസാനിപ്പിച്ച് താഴേക്ക് മടങ്ങി. രാത്രി താമസം ഏര്‍പ്പാടാക്കിയിരുന്നത് സാബുവിന്റെ ഉടമസ്ഥതയിലുള്ള നിലമ്പൂര്‍ ടൂറിസ്റ്റ് ഹോമിലാണ്. അടുത്ത ദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്തതിനുശേഷം സാബുവും നസീറും അവരവരുടെ വീടുകളിലേക്ക് മടങ്ങി. വെളിയിലിറങ്ങി രാത്രി ഭക്ഷണം കഴിച്ച് തിരക്കൊഴിഞ്ഞ തെരുവിലൂടെ അല്‍പ്പനേരം അങ്ങോട്ടുമിങ്ങോട്ടും നടന്നതിനുശേഷം മുറിയിലേക്ക് മടങ്ങിച്ചെന്ന് നിദ്രാദേവിയെക്കാത്തു കിടന്നു.
രണ്ടാം ദിവസം രാവിലെ പ്രാതല്‍ കഴിഞ്ഞപ്പോഴേക്കും നസീറും സാബുവുമെത്തി. ആദ്യം ലക്ഷ്യമിട്ടിരുന്നത് കോഴിപ്പാറ വെള്ളച്ചാട്ടമായിരുന്നു. എന്റെ വാഹനത്തിന് പോകാന്‍ പറ്റുന്ന വഴിയല്ല കോഴിപ്പാറയിലേക്ക്. അകമ്പാടം ജങ്ക്ഷനില്‍ച്ചെന്ന് ജീപ്പ് ഒരെണ്ണം ഏര്‍പ്പാടാക്കി.

കോഴിപ്പാറയിലേക്കുള്ള വഴികള്‍ പുതുമയുള്ളതും, വന്യമായ ഗ്രാമീണ ഭംഗി നിറഞ്ഞതുമായിരുന്നു. ഒരു വശത്ത് ചാലിയാര്‍ ഒഴുകുന്നത് ജീപ്പിലിരുന്ന് മരങ്ങള്‍ക്ക് മുകളിലൂടെ കാണാം. ഇടയ്ക്കിടയ്ക്ക് ജീപ്പ് നിറുത്തി ആറിനരുകില്‍ പോയി നോക്കുകയും, വഴിയരുകില്‍ കണ്ട ചായപ്പീടികയില്‍ ഒരെണ്ണത്തില്‍ കയറി ചായ കുടിക്കുകയുമൊക്കെ ചെയ്ത് ആ യാത്ര മെല്ലെമെല്ലെ പുരോഗമിച്ചുകൊണ്ടിരുന്നു. മൈലാടിപ്പാടം, റജിക്കുണ്ട് , സെയ്ദാലിക്കുണ്ട്, വെണ്ടേക്കും പൊയില്‍ , വാളം തോട്, ഊര്‍ങ്ങാട്ടിരി, കൂമ്പാറ, എന്നിങ്ങനെ പോകുന്ന വഴിക്കുള്ള സ്ഥലപ്പേരുകളൊക്കെ ഞാനിതുവരെ കേള്‍ക്കാത്തതും രസകരമായതുമായിരുന്നു.

ചിലയിടങ്ങളില്‍ കൂടുതല്‍ കലപില ബഹളം ഉണ്ടാക്കി കുത്തിയൊഴുകുന്ന പുഴയ്ക്ക് മറ്റു ചിലയിടങ്ങളില്‍ ശാന്തസ്വഭാവമാണ്. മിക്കവാറുമിടങ്ങളില്‍ വലിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞു കിടക്കുന്ന പുഴയില്‍ , മഴക്കാലമല്ലാത്തതുകൊണ്ട് വെള്ളം കുറവാണ്. പുഴയ്ക്കിരുവശവും താമസിക്കുന്നവര്‍ക്ക് അക്കരയിക്കരെ പോകാന്‍ പലയിടത്തും കോണ്‍ക്രീറ്റ് പാലങ്ങള്‍ അല്ലെങ്കില്‍ മുളകൊണ്ടുള്ള താല്‍ക്കാലിക പാലങ്ങള്‍ , പുഴയിലെ തെളിവെള്ളത്തില്‍ കുളിക്കുന്ന നാട്ടുകാര്‍ , ദൂരെയായി കാണുന്ന ചീങ്കണ്ണിപ്പാറ, മാണിക്യമൂടി എന്നീ മലകള്‍ , മനസ്സുനിറയ്ക്കാന്‍ പോന്ന കാഴ്ച്ചകള്‍ തന്നെയാണ് എല്ലാം.

അതിനിടയില്‍ ജീപ്പ് പുഴയരുകിലേക്ക് ഓടിയിറങ്ങി, പുഴ മുറിച്ചുകടക്കാന്‍ തുടങ്ങി. ചില സിനിമകളിലോ മറ്റോ അത്തരം രംഗങ്ങള്‍ കണ്ടിട്ടുണ്ടെന്നല്ലാതെ ആദ്യമായിട്ടായിരുന്നു ഒരു വാഹനത്തിലിരുന്ന് ഞാന്‍ ഏതെങ്കിലുമൊരു പുഴ മുറിച്ച് കടക്കുന്നത്. പാലത്തിന്റെ പണി പകുതി തീര്‍ന്ന അവസ്ഥയിലാണ് അവിടെ. പാലം പണി കഴിഞ്ഞാല്‍പ്പിന്നെ ഇങ്ങനൊരു അനുഭവം കിട്ടിയെന്ന് വരില്ല.


ഇടയ്ക്ക് പുഴക്കരുകിലൂടെ കുറേ ദൂരം നടന്നു. ഒരു ആദിവാസി കുടുംബം പാറപ്പുറത്ത് തമ്പടിച്ചിട്ടുണ്ട്. വെപ്പും തീനുമൊക്കെയായി അവരും ഒരു അവധി ദിവസമോ മറ്റോ ചിലവഴിക്കുന്നതാകാം. പുഴക്കക്കരെ എവിടെക്കെയോ ആദിവാസി കോളനികള്‍ ഉണ്ട്.

കുറച്ചൂടെ മുന്നോട്ട് പോയപ്പോള്‍ ഒരു ആദിവാസി വൃദ്ധദമ്പതികള്‍ ജീപ്പിനെതിരേ വന്ന് കൈകാണിച്ചു. ഞങ്ങള്‍ പോകുന്നതിന് എതിര്‍ദിശയിലാണ് അവരുടെ സഞ്ചാരം. അതുകൊണ്ടുതന്നെ ജീപ്പില്‍ കയറ്റാനായില്ല.

അധികം വൈകാതെ കോഴിപ്പാറയിലെത്തി. വഴിയരുകിലുള്ള പുരയിടത്തിന്റെ കമ്പി വേലിയിലൂടെല്ലാം വൈദ്യുതി കടത്തിവിടാനുള്ള സൌകര്യം ചെയ്തിട്ടുണ്ട്. സാധാരണ കാട്ടുമൃഗങ്ങളുടെ ശല്യമുള്ളിടത്താണ് ഈ മാര്‍ഗ്ഗം സ്വീകരിക്കാറ്.

തൊമ്മന്‍ കുത്തിന്റെ അത്രയ്ക്ക് ഉയരത്തിലല്ലെങ്കിലും പലപല തട്ടുകളിലായിട്ടാണ് കോഴിപ്പാറ വെള്ളച്ചാട്ടവും വീഴുന്നത്. മഴക്കാലമല്ലാത്തതിനാല്‍ വെള്ളം വീഴുന്നത് കുറവായതുകൊണ്ട് ഞങ്ങള്‍ക്ക് വെള്ളച്ചാട്ടത്തിന്റെ മുകളിലേക്ക് നടന്ന് കയറിപ്പോകാനായി. സാബു വളരെ അനായാസം നടന്നുകയറുന്നുണ്ടായിരുന്നു. ജീപ്പ് ഡ്രൈവറും ഞങ്ങള്‍ക്കൊപ്പം ആ നടത്തത്തില്‍ പങ്കുചേര്‍ന്നു.
നല്ല വലിയ ഉരുളന്‍ കല്ലുകളില്‍ ചവിട്ടി മുകളിലേക്ക് കയറി ഒഴുക്കിന്റെ ഇരുവശത്തേക്കും പലപ്പോഴും മുറിച്ചുകടന്നുമൊക്കെ ഞങ്ങള്‍ കാടിനുള്ളിലേക്ക് കുറേയെറെ കയറിച്ചെന്നു. നിലമ്പൂരിലൂടെ ഒരു യാത്ര എന്നുപറയുമ്പോള്‍ കാടും കാട്ടാറും വെള്ളച്ചാട്ടവുമൊക്കെ ഇതുപോലെ മുറിച്ചുകടന്ന് ഉള്‍ക്കാടിന്റെ ഭംഗിയറിഞ്ഞുതന്നെ മുന്നോട്ട് പോകാന്‍ പറ്റിയില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാണ്.

കാടിനകത്തുള്ള നല്ലൊരു കുത്തിനടുത്താണ് ഞങ്ങളാ യാത്ര അവസാനിപ്പിച്ചത്. മഴ വന്നാല്‍ കയറിനില്‍ക്കാന്‍ പാകത്തില്‍ പാറക്കെട്ടുകള്‍ക്കകത്ത് ഒരു ചെറിയ ഗുഹപോലൊന്നുണ്ട്. അവിടെ എല്ലാവരും ചേര്‍ന്നുനിന്ന് ഒരു ഫോട്ടോ എടുക്കാനുള്ള ശ്രമത്തിനിടയില്‍ ആ ഭാഗത്തൊക്കെ ധാരാളം അട്ടയുണ്ടെന്ന് മനസ്സിലാക്കാനായി. എന്റെ കൈവിരലില്‍ കടിച്ച നാരുപോലുള്ള ഒരു അട്ട സെക്കന്റുകള്‍ക്കുള്ളില്‍ ചോര കുടിച്ച് വീര്‍ത്തുവരുന്നുണ്ടായിരുന്നു. ചുമ്മാ തട്ടിക്കളഞ്ഞാലൊന്നും അട്ട പിടിവിടില്ല. അട്ടയെ പറിച്ചെറിഞ്ഞ് തിരിച്ചുനടക്കാന്‍ തുടങ്ങി.

തലയില്‍ കാക്ക തൂറുമ്പോളും, ശരീരത്തില്‍ അട്ട കടിക്കുമ്പോളുമൊക്കെ അതിനെ അറപ്പോടും വെറുപ്പോടും കാണുന്നതിനോടൊപ്പം നമ്മള്‍ അതീവ സന്തോഷത്തോടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മളപ്പോള്‍ പ്രകൃതിയോട് വളരെ അടുത്താണ് നില്‍ക്കുന്നത്.