Friday 6 April 2012

കുരിശിന്റെ വഴിയേ ഒരു യാത്ര

“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.

കുട്ടിക്കാലം മുതൽ കാണുന്ന ചില കാഴ്ച്ചകളും ശബ്ദങ്ങളുമൊക്കെ നമ്മിൽ ഒരുപാട് താൽ‌പ്പര്യം ജനിപ്പിക്കും, അതുമായി മാനസ്സികമായി കൂടുതൽ അടുപ്പിച്ച് നിർത്തും. ഈസ്റ്റർ സമയം ആകുന്നതോടെ കുരിശുചുമന്ന് മരമണിയുമടിച്ച് മലയാറ്റൂർക്ക് പോകുന്ന കാവിവസ്ത്രധാരികളായ വിശ്വാസികളുടെ ദൃശ്യം, പള്ളിപ്പുറം ഇടവക അതിർത്തിക്കാരനായ എനിക്ക് അത്തരമൊന്നാണ്. മറ്റ് പല കുന്നുകളും മലകളും ഇക്കാലത്തിനിടയ്ക്ക് പലവട്ടം കയറിയിട്ടുണ്ടെങ്കിലും മലയാറ്റൂർ മല കയറാനായിട്ടില്ല. പ്രവാസമൊക്കെ മതിയാക്കി നാട്ടിൽ സ്ഥിരതാമസമായ സ്ഥിതിയ്ക്ക്, അതാത് കാലങ്ങളിൽ എല്ലാ ആഘോഷങ്ങളിലും ആചാരങ്ങളിലും പങ്കാളിയാകുക തന്നെ. ദുഖഃവെള്ളിയാഴ്ച്ചയ്ക്ക് മുന്നേ മലയാറ്റൂർ മല കയറണമെന്ന് തീരുമാനമെടുത്തപ്പോൾ ആദ്യം വിളിച്ചത് ജോ യെ ആണ്.

വിശ്വാസികൾ കുരിശ് ചുമന്ന് മലയാറ്റൂർ മലയിലേക്ക്.
“വെള്ളിയാഴ്ച്ച നല്ല തിരക്കായിരിക്കും, പെസഹാ വ്യാഴാഴ്ച്ച അതിരാവിലെ പോയാൽ തിരക്ക് കൂടുന്നതിന് മുന്നേ തിരിച്ചിറങ്ങാം. കുടുംബവും കുടുംബസുഹൃത്തുക്കളുമൊക്കെയായി ഞാൻ പോകുന്നുണ്ട്.” ജോ യുടെ മറുപടി കിട്ടിയ പാടെ ഞാനാ സംഘത്തിലെ ഒരാളായി.

യാത്ര ഈ ശുഭ്രവസ്ത്രധാരിക്ക് മുകളിലാണ്.
രാവിലെ ആറര മണിക്ക് നെടുമ്പാശ്ശേരി എയർപ്പോർട്ടിന്റെ മുന്നിൽ ഒത്തുചേർന്ന് അവിടന്ന് കാലടി വഴി മലയാറ്റൂർ; അതായിരുന്നു പദ്ധതി. എന്റെ യാത്ര, പുതുതായി വാങ്ങിയ ഹോണ്ട ഏവിയേറ്ററിൽ ആണ്. വർഷങ്ങൾ ഒരുപാടാകുന്നു ഇത്രയധികം ദൂരം ഏതെങ്കിലും ഇരുചക്രവാഹനം ഓടിച്ചിട്ട്. ചൂടുകാലമാണെങ്കിലും അതിരാവിലെ ആയതുകൊണ്ട് ചെറിയൊരു തണുപ്പ് അനുഭവപ്പെടുന്നുണ്ട്. റോഡിൽ വാഹനത്തിരക്ക് ആയിത്തുടങ്ങിയിട്ടില്ല; എന്നാലും വഴിയിലെങ്ങും പല വലിപ്പത്തിലുള്ള കുരിശുകളും ചുമന്ന് കാൽനടയായി നീങ്ങുന്ന വിശ്വാസികളുണ്ട്. ചിലർ ഒരുപാട് ദൂരെ നിന്ന് കുറേയധികം ദിവസങ്ങളെടുത്ത് വരുന്നവരാണെന്ന് വ്യക്തം. പലരും വേച്ചുവേച്ചാണ് നടക്കുന്നത്. ദൈവപുത്രൻ അനുഭവിച്ച ത്യാഗത്തോളം വരുന്നില്ല തങ്ങളുടെ ഈ നേർച്ചയെന്ന് കൃത്യമായി ധാരണയുള്ള വിശ്വാസികൾ തന്നെയാണെല്ലാവരും. ചാട്ടവാറടിയും മുൾക്കിരീടവും അവർക്കനുഭവിക്കേണ്ടി വരുന്നില്ലല്ലോ.

രണ്ടുപേർ ചേർന്ന് വലിയ കുരിശുമായി.
കുരിശ് ചുമന്നുള്ള മലകയറ്റത്തിന്റെ നേർച്ച പല തരത്തിലാണ്. കൈയ്യിൽ ഒതുങ്ങിയിരിക്കുന്ന കൊച്ചുകൊച്ച് കുരിശുകൾ മുതൽ കൃസ്തുദേവൻ ചുവന്ന വലിപ്പത്തോളം പോന്നതും അതിനേക്കാൾ വലിയതുമായ കുരിശുകൾ ചുമക്കാമെന്ന് നേർച്ചനേരാം. ഒന്നിലധികം പേർ ചേർന്നും ഒറ്റയ്ക്കുമൊക്കെ അത്തരത്തിലുള്ള വലിയ കുരിശുകളും ചുമന്ന് പ്രാർത്ഥനകൾ ചൊല്ലി മരമണി മുഴക്കി നടന്നുനീങ്ങുന്ന വിശ്വാസികളുടെ എണ്ണം മലയാറ്റൂരെത്തുന്നതോടെ അധികമായി കണ്ടുതുടങ്ങി.

മരമണി
താഴ്‌വാരത്തിലുള്ള തടാകത്തിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇഷ്ടം പോലെ സ്ഥലമുണ്ട്. സ്കൂട്ടർ പാർക്ക് ചെയ്ത് കഴിയുന്നതിനുമുന്നേ മെഴുകുതിരി കച്ചവടക്കാർ വളഞ്ഞു. മലകയറാൻ തുടങ്ങിയാൽ ഇടയ്ക്കിടയ്ക്കുള്ള എല്ലാ കുരിശടികളിലും കത്തിക്കാനുള്ള തിരികളാണത്. സീസണായാൽ താഴ്വാരം മുഴുവൻ വഴിവാണിഭക്കാരെക്കൊണ്ട് നിറയുന്നു. മെഴുകുതിരി കച്ചവടം തന്നെയാണ് പ്രധാനം. വെള്ളിപൂശിയ ആൾരൂപം മുതൽ നാഗരൂപങ്ങൾ വരെ നേർച്ചക്കാർക്ക് വേണ്ടി നിരത്തിയിട്ടുണ്ട്. കയറ്റം ആരംഭിക്കുന്നതിന് മുന്നേ രണ്ട് കൂട് മെഴുകുതിരിയും ഒരു കുപ്പി വെള്ളവും വാങ്ങി തോൾസഞ്ചിയിൽ നിക്ഷേപിച്ചു. കുത്തിനടക്കാനുള്ള ചൂരലിന്റെ വടി ഒരെണ്ണം വാങ്ങുക കൂടെ ചെയ്തപ്പോൾ മലകയറാൻ തയ്യാർ. കയറ്റത്തിൽ കാര്യമായ ആവശ്യം വരില്ലെങ്കിലും, ഇറങ്ങുന്ന സമയത്ത് കുത്തിപ്പിടിക്കാൻ പാകത്തിന് ഒരു വടി നന്നായി പ്രയോജനപ്പെടുമെന്ന് എനിക്കനുഭവമുണ്ട്.

പൊന്മല കേറ്റം മുത്തപ്പാ...
പലയിടത്തും മുഴുത്ത ഉരുളൻ കല്ലുകൾക്കിടയിലൂടെയാണ് കയറ്റം. ആദ്യത്തെ കുരിശടി വരെ കുറച്ച് ദൂരമുണ്ട്. പിന്നീടങ്ങോട്ട് അടുത്തടുത്താണ് കുരിശടികൾ. സമുദ്രനിരപ്പിൽ നിന്ന് 1990 അടിയോളം ഉയരത്തിലേക്കാണ് കയറേണ്ടത്. ആകെ 14 കുരിശടികളാണുള്ളത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതുമുതൽ ഗാഗുൽത്താ മലയിലേക്കുള്ള പീഢന യാത്രയും കുരിശ് മരണവും കല്ലറയിൽ അടക്കം ചെയ്യുന്നതുമടക്കമുള്ള പ്രധാന സംഭവങ്ങളെയാണ് 14 കുരിശടികൾ പ്രതിനിധാനം ചെയ്യുന്നത്. കുരിശിനോടൊപ്പമുള്ള ചിത്രങ്ങളിൽ ആ സംഭവങ്ങളെല്ലാം കാണിക്കുന്നുണ്ട്. എല്ലായിടത്തും തിരികൾ കത്തിക്കാനുള്ള സംവിധാനമുണ്ട്. ഓരോ കുരിശടിയിലും തിരി കൊളുത്തി അൽ‌പ്പനേരം പ്രാർത്ഥിച്ച് നിന്നതിന് ശേഷമാണ് വിശ്വാസികളുടെ യാത്ര പുരോഗമിക്കുന്നത്. കുരിശുചുമക്കുന്നവർ എല്ലാ കുരിശടികൾക്കും കീഴെ, തോളിൽ നിന്ന് കുരിശിറക്കി പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നു, വീണ്ടും അടുത്ത കുരിശടിയിലേക്ക് നീങ്ങുന്നു.

പ്രാർത്ഥനാ നിരതരായി സംഘാഗങ്ങൾ.
ജോയുടെ മകൻ മിലിന്ദ് അടക്കം, സംഘത്തിലുള്ള കുട്ടികൾ ഓടിയോടിയാണ് മല കയറുന്നത്. ബാല്യത്തിന്റെ നിഷ്ക്കളങ്കത നഷ്ടമാകുന്നതോടെ എല്ലാ മനുഷ്യന്റേയും പാപഭാരം കൂടിക്കൂടി വരുന്നു. ചെറിയ കയറ്റങ്ങൾ പോലും അവർക്ക് വലിയ പീഡാനുഭവങ്ങളായി മാറുന്നു. പാപം ചെയ്തവരും ചെയ്യാത്തവരുമെല്ലാം മലകയറുന്നത് നല്ലതാണ്. ലോകജനതയ്ക്ക് വേണ്ടി പീഡനങ്ങൾ മുഴുവൻ ഏറ്റുവാങ്ങിയ ദൈവപുത്രനോടുള്ള ആദരവ് പ്രകടിപ്പിക്കാം; അതോടൊപ്പം, ശരീരത്തിൽ കുമിഞ്ഞ് കൂടിയ ദുർമ്മേദസ്സ് കുറേയെങ്കിലും വിയർപ്പായി ഒഴുക്കിക്കളയാം.

ഒന്നാമത്തെ കുരിശടി.
കുരിശടിക്ക് കീഴെ വിശ്വാസികൾ
കുരിശ് ചുമന്ന് മലകയറാമെന്ന് നേർച്ച എടുക്കുന്നത് പോലെ തന്നെ, മുട്ടിലിഴഞ്ഞ് മല കയറാമെന്ന് നേരുന്നവരും വിശ്വാസികൾക്കിടയിലുണ്ട്. അൻപതിനടുക്കെ പ്രായം ചെന്ന ഒരു സ്ത്രീ മുട്ടിലിഴഞ്ഞ് മല കയറാൻ പ്രയാസപ്പെടുന്നു. ഒരിക്കൽ അതുപോലെ മുട്ടിലിഴഞ്ഞ് മലകയറിയാൽ പിന്നീടൊരിക്കലും പാപം ചെയ്യാൻ തോന്നിയെന്ന് തന്നെ വരില്ല. വെള്ളിയാഴ്ച്ച ആകുന്നതോടെ മുട്ടിലിഴഞ്ഞ് മല കയറുന്നവരുടേതടക്കം മലയാറ്റൂർ മല ജനസമുദ്രമായി മാറും. കാലടി കഴിഞ്ഞാൽ റോഡുകളിൽ വാഹനങ്ങൾ തിങ്ങിനിറയും.

പാറക്കല്ലുകൾക്കിടയിലൂടെ മുകളിലേക്ക്.
കുരിശ് ചുമന്നുകൊണ്ട് വന്ന ഒരുപാട് പേർ ഞങ്ങളേയും കടന്ന് മുകളിലേക്ക് കയറിപ്പോയി. ദിവസങ്ങളോളം നീണ്ട യാത്രയുടെ അവസാന പാദമാണതെങ്കിലും അവരുടെ വേഗതയ്ക്ക് കുറവൊന്നുമില്ല.

പൊന്നും കുരിശ് മുത്തപ്പാ
പൊന്മല കേറ്റം,
പാപികൾ ഞങ്ങൾ
പാദം ബലം താ,
പാപികൾ ഞങ്ങൾ
ദേഹം ബലം താ.

എന്നിങ്ങനെയുടെ ഭക്തിനിർഭരമായ വിളികളാണ് അവരുടെ കയറ്റം അനായാസമാക്കുന്നത്. ആ പ്രാർത്ഥനയ്ക്ക് ഏതൊരു മല കയറ്റത്തിന്റേയും ശ്വാസതാളമാണ്.

മറ്റൊരു വിശ്വാസി സംഘം കുരിശുകളുമായി.
മൂന്നാമത്തെ കുരിശടിക്ക് കീഴെ വിശ്വാസികൾ.
ഒൻപതാമത്തെ കുരിശടി.
എല്ലാ കുരിശടികളിലും തിരികൾ കത്തിച്ച് ഫോട്ടോകളെടുത്ത് എന്റെ മലകയറ്റവും പുരോഗമിച്ചുകൊണ്ടിരുന്നു. കുട്ടികൾ പലരും ഇതിനിടയ്ക്ക് ഞങ്ങളുടെ സംഘത്തിൽ നിന്ന് അപ്രത്യക്ഷമായി. മകനെവിടെ എന്ന് ജോയോട് ചോദിച്ചപ്പോൾ ‘മുകളിൽ എത്തിക്കാണും’ എന്നായിരുന്നു മറുപടി. ഇത്രയും ആൾക്കാർക്കിടയിൽ കുട്ടി കൂട്ടം തെറ്റിപ്പോകുമെന്ന ആധി തീരെയില്ല ആ വാക്കുകളിൽ. ദൈവ സമക്ഷത്തിലേക്കല്ലേ പോയിരിക്കുന്നത്, കുഴപ്പമൊന്നും സംഭവിക്കില്ല എന്ന ഉറച്ച വിശ്വാസമാണത്. ആദ്യത്തെ മൂന്ന് കുരിശടികൾ കഴിഞ്ഞതോടെ ഞാനും കൂട്ടത്തിൽ നിന്ന് വേർപിരിഞ്ഞുകഴിഞ്ഞിരുന്നു.

തിരിതെളിയിച്ച് പ്രാർത്ഥനയോടെ.....
അവസാനത്തെ കുറച്ച് ഭാഗങ്ങളിൽ പടികൾ കെട്ടിയിട്ടുണ്ട്. 14 കുരിശടികളും കഴിഞ്ഞാൽ വലത്തുഭാഗത്തുള്ള മരങ്ങളോട് ചേർന്ന് എല്ലാ കുരിശുകളും ഉപേക്ഷിക്കപ്പെടുന്നു. വലിയ കുരിശുകൾ മരങ്ങളോട് ചേർത്ത് കെട്ടി നിർത്തിയിട്ടുണ്ട്. തൊട്ടുമുന്നേ കയറി വന്ന ഒരു സംഘം കുരിശ് മരത്തിൽ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഞാൻ അവരുടെ കുറച്ച് ചിത്രങ്ങളെടുത്തു.

കുരിശുകൾ മരങ്ങളിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.
മരത്തിൽ കുരിശ് ഉറപ്പിക്കുന്നു.
‘മോശ ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരെ വിളിച്ചു പറഞ്ഞു. കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ പെസഹാ ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍. പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്‌സോപ്പുകമ്പ് മുക്കി രണ്ട്  കട്ടിളക്കാലുകളിലും മേല്‍പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്. എന്തെന്നാല്‍, ഈജിപ്റ്റുകാരെ സംഹരിക്കുന്നതിനുവേണ്ടി കര്‍ത്താവ് കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്‍പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്തം കാണുമ്പോള്‍ കര്‍ത്താവ് നിങ്ങളുടെ വാതില്‍ പിന്നിട്ട് കടന്നുപോകും. സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല. ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്‍പനയായി ആചരിക്കണം. കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ച് നിങ്ങള്‍ക്ക് തരുന്ന സ്ഥലത്ത് ചെന്നുചേര്‍ന്നതിന് ശേഷവും ഈ കര്‍മ്മം ആചരിക്കണം. ഇതിന്റെ അര്‍ത്ഥമെന്താണെന്ന് നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം. ഇത് കര്‍ത്താവിനര്‍പ്പിക്കുന്ന പെസഹാബലിയാണ്. അവിടുന്ന് ഈജിപ്റ്റിലുണ്ടായിരുന്ന ഇസ്രായേല്‍കാരുടെ ഭവനങ്ങള്‍ കടന്നുപോയി, ഈജിപ്റ്റുകാരെ സംഹരിച്ചപ്പോള്‍ അവിടുന്ന് ഇസ്രായേല്‍കാരെ രക്ഷിച്ചു. അപ്പോള്‍ ജനം കുമ്പിട്ട് ദൈവത്തെ ആരാധിച്ചു. അനന്തരം ഇസ്രായേല്‍കാര്‍ അവിടം വിട്ടുപോയി. കര്‍ത്താവ് മോശയോടും അഹറോനോടും കല്‍പിച്ചതു പോലെ ജനം പ്രവര്‍ത്തിച്ചു.‘

മല മുകളിലുള്ള പള്ളിയിൽ കുർബാന ആരംഭിച്ചിരിക്കുന്നു. വൈദികന്റെ ശബ്ദം മലഞ്ചെരുവുകളിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികളിലൂടെ ഒഴുകിവന്നുകൊണ്ടിരുന്നു.

കുരിശുകളുടെ കൂമ്പാരം.
കുരിശുകൾക്കിടയിലൂടെ.....
എനിക്കെന്തായാലും ഇന്നൊരു സ്മരണ ദിവസം തന്നെ. നാളിത്രയും മരമണിയും മുഴക്കി കുരിശും ചുമന്ന് മുന്നിലൂടെ കടന്നുപോയിരുന്ന വിശ്വാസികളുടെ ഭാഗമാകാൻ ഈ പെസഹാ വ്യാഴാഴ്ച്ച എനിക്കായിരിക്കുന്നു.

14 കുരിശടിയും കഴിഞ്ഞാൽ മാർത്തോമ്മാ മണ്ഡപത്തിലേക്കാണ് ചെന്ന് കയറുന്നത്. തോമാസ്ലീഹയുടെ വലിയൊരു പ്രതിമയാണ് അതിനകത്ത്.

മാർത്തോമ്മാ മണ്ഡപം.
മണ്ഡപത്തിനകത്തെ തോമസ് സ്ലീഹായുടെ രൂപം.
മണ്ഡപത്തിന് പിന്നിൽ പുതിയ പള്ളിയുടെ തുറന്ന അൾത്താര. മൈക്കിളാഞ്ചലോയുടെ പ്രശസ്തമായ ‘പിയാത്ത’ ശിൽ‌പ്പത്തിന്റെ മാതൃക അൾത്താരയ്ക്ക് മുകളിലായി കാണാം. കുരിശുമരണം വരിച്ച യേശുവിനെ മടിയിൽ കിടത്തിയ മാതാവിന്റെ ശിൽ‌പ്പമാണ് 'പിയാത്ത'. ദിവ്യബലി കഴിഞ്ഞിട്ടില്ല. വിശ്വാസികൾ തുറസ്സായ ഇടങ്ങളിൽ ഇരുന്ന് പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നു.

പുതിയ പള്ളിയുടെ അൾത്താര.
മലകയറുന്നതിന് മുന്നേ മധുരമിട്ട ചായ കുടിക്കരുതെന്നാണ് ജോഹർ പറഞ്ഞിരുന്നത്. വെള്ളം പോലും കുടിക്കേണ്ടതില്ല. മുകളിൽ സഭയുടെ സ്റ്റാളിൽ നിന്ന് ചുക്ക് കാപ്പി കിട്ടും. അതൊരെണ്ണം മതി ക്ഷീണമകറ്റാൻ. സംഭവം ശരിയാണ്. ഒരു ചുക്കുകാപ്പി പകർന്ന് തന്നത് ചോർന്നുപോയ അത്രയും ഊർജ്ജമാണെന്ന് തോന്നി.

പുതിയ പള്ളിയുടെ വലത് വശത്തായി കാണുന്നത് ആനകുത്തിയ പള്ളിയാണ്. 1595ലാണ് ഇത് ഉണ്ടാക്കപ്പെട്ടത്. 1968 വരെ മലയാറ്റൂർ കുരിശുമുടി ഘോരവനമായിരുന്നതുകൊണ്ട് കാട്ടാനകളുടെ ആക്രമണം നിത്യസംഭവമ്മായിരുന്നു. ഇതിന്റെ പുറകുവശത്തെ ചുമരിൽ ഒരടിയോളം ആഴത്തിൽ ആനക്കൊമ്പ് തുളഞ്ഞ് കയറിയതിന്റെ പാടുകളുണ്ട്. ഇപ്പോൾ അതെല്ലാം ചില്ലിട്ട് സംരക്ഷിച്ചിരിക്കുന്നു.

ആനകുത്തിയ പള്ളിയുടെ പിൻഭാഗത്തെ ചുമർ. കുത്തിയ പാടുകൾ ഇവിടെ കാണാം.
ആനകുത്തിയ പള്ളിയുടെ മുൻ‌ഭാഗം.
ആനകുത്തിയ കപ്പേളയ്ക്ക് മുന്നിലായി പഴയ പള്ളി. വളരെ പഴക്കമുള്ള ഒരു കെട്ടിടമാണത്. വാതിലുകളുടേയും ജനലുകളുടേയും കട്ടിളകൾ തീർത്തിരിക്കുന്നത് കല്ലിലാണ്. വരാന്തയിലുള്ള തൂണുകളും കല്ലുകൊണ്ടുള്ളതാണ്.

പഴയ പള്ളിയ്ക്ക് പഴമയുടെ പ്രൌഢി.
പഴയ പള്ളി ഒരു പാർശ്വ വീക്ഷണം.
ജനലുകൾക്കും വാതിലുകൾക്കുമൊക്കെ പഴമയുടെ ഭംഗിയും വ്യത്യസ്തതയുമുണ്ട്. പഴയ പള്ളിക്ക് മുൻപിലായി പൊൻ‌കുരിശിന്റെ കൂടാരം. അവിടെ തിരി കത്തിക്കാൻ അനുവാദമില്ല. വിശ്വാസികൾ കുരിശിന്റെ കൂടിൽ മുത്തി തൊഴുത് പ്രാർത്ഥിക്കുന്നു. എ.ഡി. 52ൽ ഭാരത സന്ദർശന വേളയിൽ തോമാസ്ലീഹ ഈ മലമുകളിൽ വന്നെന്നും പ്രാർത്ഥിച്ചെന്നുമാണ് ഐതിഹ്യം. പൊന്നിൻ കുരിശ് മുത്തപ്പൻ എന്ന് പ്രകീർത്തിക്കുന്നത് യേശുവിന്റെ ശിഷ്യനായ വിശുദ്ധ തോമസ്സിനെത്തന്നെയാണ്.

മലയുടെ ചരിവിൽ നിന്നുള്ള താഴ്വരക്കാഴ്ച്ച അതിമനോഹമാണ്. ചിലയിടങ്ങളിൽ കൃഷിക്കായി അതിരുകൾ കെട്ടി തിരിച്ചിട്ട ഭൂമിയും കാണാം. മലകയറി ക്ഷീണിച്ച് വന്നവർ കുരിശിന്റെ ഭാരം തീർക്കാനായി ചരിവിലുള്ള പാറപ്പുറത്ത് വിശ്രമിക്കുന്നു.

ഇനി പ്രകൃതിയിൽ ലയിച്ച് അൽ‌പ്പം വിശ്രമം.
പഴയ പള്ളിക്ക് മുന്നിലൂടെ താഴേക്കിറങ്ങിയാൽ മറ്റൊരു പ്രധാന കാഴ്ച്ചകൂടെയുണ്ട്. തോമാസ്ലീഹയുടെ കാൽമുട്ടും പാദങ്ങളും പതിഞ്ഞ ഒരു പാറയാണ് അത്. ചില്ലുകൂടിനുള്ളിലൂടെ പാദമുദ്ര കാണുക തന്നെ വളരെ ശ്രമകരമാണ്. ഫോട്ടോ എടുക്കുക അതിനേക്കാൾ ബുദ്ധിമുട്ട്.

സെന്റ് തോമസിന്റെ പാദമുദ്ര പതിഞ്ഞ കല്ലുള്ള തിരുക്കൂട്.
എനിക്ക് മലയിറങ്ങാനുള്ള സമയമായി. മൊബൈൽ സിഗ്നൽ ഇല്ലാത്ത സ്ഥലമായതുകൊണ്ട് കൂടെ വന്ന സംഘത്തെ കണ്ടുപിടിക്കാൻ മാർഗ്ഗമൊന്നുമില്ല. ഞാൻ മലയിറങ്ങാൻ തുടങ്ങി. പെട്ടെന്ന് പുറകിൽ നിന്ന് ജോയുടെ ശബ്ദം. ഒരു സമൂഹഫോട്ടോ കൂടെ എടുത്തശേഷം ഞങ്ങൾ പിരിഞ്ഞു. അൽ‌പ്പനേരം കൂടെ പ്രാർത്ഥനകളിൽ പങ്കുകൊണ്ടതിനുശേഷമേ ജോയും സംഘവും മടങ്ങൂ.

യാത്രാസംഘം.
വിശ്വാസിസംഘങ്ങൾ കൂടുതലായി മലകയറി വന്നുകൊണ്ടേയിരുന്നു. തിരക്ക് വർദ്ധിച്ച് വരുകയാണ്. ദുഖവെള്ളി ആകുന്നതോടെ രാവും പകലും ഭക്തർ മലകയറിക്കൊണ്ടേയിരിക്കും. വഴിയിൽ ഉടനീളം മരങ്ങളിലും തൂണുകളിലുമൊക്കെ വെളിച്ചത്തിനായി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. എത്രയൊക്കെ തിരക്കുണ്ടെന്ന് പറഞ്ഞാലും ഈസ്റ്റർ ദിനങ്ങളിൽത്തന്നെ മലയാറ്റൂർ കുരിശുമല കയറുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. വിശ്വാസത്തിന്റേയും ഭക്തിയുടേയും നേർക്കാഴ്ച്ചയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്.

കൂടുതൽ വിശ്വാസികൾ മലമുകളിലേക്ക്...
ഈസ്റ്ററൊക്കെ കഴിഞ്ഞയുടനെ ആൾത്തിരക്കൊന്നുമില്ലാത്ത ഒരു സാധാരണ ദിവസം ഒരു പ്രത്യേക ലക്ഷ്യത്തോടെ മലയാറ്റൂർ മല വീണ്ടും കയറാൻ ഞാനൊരുക്കമാണ്. ഇക്കഴിഞ്ഞ ശബരിമല മണ്ഡലകാലത്തിന് ശേഷം, പമ്പ മുതൽ സന്നിധാനം വരെയുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക്കുമൊക്കെ വാരിക്കൂട്ടി വൃത്തിയാക്കിയ ഒരു സ്വകാര്യം കമ്പനിയെപ്പറ്റി എനിക്കറിയാം.

മാലിന്യക്കൂമ്പാരം - ഇതൊരു സാമ്പിൾ മാത്രം
അങ്ങനെ ഏതെങ്കിലും ഒരു സ്ഥാപനത്തിന്റേയോ സന്നദ്ധരായ ജനങ്ങളുടെ സഹകരണത്തോടെയോ ഒരു വൃത്തിയാക്കൽ മലയാറ്റൂർ പൊന്മലയിലും ആവശ്യമാണ്. അത്രയ്ക്കുണ്ട് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ഈ തീർത്ഥാടന കേന്ദ്രത്തിൽ. പ്രകൃതിയിൽ നിന്നകന്ന് പോകുമ്പോൾ ഈശ്വരനിൽ നിന്നും അകന്നുകൊണ്ടിരിക്കുന്നെന്ന് മനസ്സിലാക്കാൻ വിശ്വാസികളും അധികാരികളും വൈകുന്നിടത്തോളം കാലം ഇത്തരം വൃത്തിയാക്കലുകൾ ആരെങ്കിലുമൊക്കെ ഏറ്റെടുത്തേ പറ്റൂ.
..
..