Wednesday 24 March 2010

1000 തൂണുകളുള്ള ജൈനക്ഷേത്രം

‘കൊച്ചി മുതല്‍ ഗോവ വരെ‘ ഭാഗം 1, 2, 3, 4, 5, 6, 7, 8, 9, 10.
------------------------------------------------------

നന്തപുരയില്‍ നിന്ന് ദേശീയ പാതയിലേക്ക് കടക്കുന്നതോടെ കേരള സംസ്ഥാനത്തോട് വിടപറയുകയാണ്. അനന്തപുര ക്ഷേത്രം കേരള കര്‍ണ്ണാടക അതിര്‍ത്തിയിലാണ് നിലകൊള്ളുന്നത്.

രാത്രി തങ്ങാനായി മുറി ബുക്ക് ചെയ്തിരുന്നത് മംഗലാപുരത്തെ ജിഞ്ചര്‍ ഹോട്ടലിലാണ്. ഹോട്ടലില്‍ വിളിച്ച് കൃത്യമായ അഡ്രസ്സും റോഡിന്റെ പേരുമൊക്കെ സംഘടിപ്പിച്ചു. അതെല്ലാം നേവിഗേറ്ററില്‍ ഫീഡ് ചെയ്തു. ഇരുട്ട് വീണുകഴിഞ്ഞിരിക്കുന്നു. പരിചയമുള്ള വഴിയുമല്ല. പക്ഷെ നേവിഗേറ്റര്‍ തുണച്ചു. മൂന്നാം ദിവസത്തെ യാത്രയ്ക്ക് വിരാമമിട്ടുകൊണ്ട് വാഹനത്തെ കൃത്യമായി ഹോട്ടലില്‍ കൊണ്ടെത്തിച്ചു.

നാലാം ദിവസത്തെ യാത്ര ജൈന മതത്തിന്റെ കാശി എന്നറിയപ്പെടുന്ന മൂഡബിദ്രിയിലേക്കാണ്. ബേദ്ര എന്നും മൂഡുവേണുപുര എന്നുമൊക്കെ ഈ സ്ഥലത്തിന് പേരുകളുണ്ട്. നിറയെ ജൈനര്‍ ഇപ്പോഴും ജീവിക്കുന്ന മൂഡബിദ്രി ഇന്ത്യയിലെ തന്നെ ഒരു പ്രധാന ജൈനതീര്‍ത്ഥാടനകേന്ദ്രമാണ്.

ഒന്നുരണ്ട് പ്രധാന ജൈനക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക, ജൈനമതത്തെപ്പറ്റി കൂടുതല്‍ അറിവുണ്ടാക്കുക എന്നതൊക്കെയാണ് യാത്രാലക്ഷ്യങ്ങള്‍ . ജൈനക്ഷേത്രങ്ങളോടുള്ള താല്‍പ്പര്യം വയനാട് ജില്ലയില്‍ നിന്ന് തുടങ്ങിയതാണ്. വയനാട്ടിലെ ചില ജൈനക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം ജൈനമതത്തോടുള്ള താല്‍പ്പര്യം ശ്രാവണബേളഗോളയിലേക്കും ബേലൂരിലേക്കും ഹാളേബീഡുവിലേക്കുമൊക്കെ എന്നെ പിടിച്ചുവലിച്ചുകൊണ്ടുപോയത് കണ്ടപ്പോള്‍ ഞാനെങ്ങാനും കേറി ജൈനമതം സ്വീകരിച്ചുകളയുമോ എന്ന് മുഴങ്ങോടിക്കാരിക്ക് സംശയം തോന്നിയിട്ടുണ്ടെങ്കില്‍ അത്ഭുതമില്ല. പ്രത്യേകിച്ച് ഒരു മതവും സ്വീകരിക്കാതെ തന്നെ എല്ലാ മതത്തിലും പറഞ്ഞിട്ടുള്ള, എനിക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ അനുവര്‍ത്തിക്കാനാവുമെന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു മത പരിവര്‍ത്തനത്തിന്റെ ആവശ്യമില്ല എന്നൊരു വിശ്വാസം അന്തമില്ലാത്ത ഈ ജീവിതയാത്രയിലുണ്ട്. വിശ്വാസം, അതാണല്ലോ എല്ലാം.

മൂഡബിദ്രിയിലേക്ക് വഴി ചോദിച്ചപ്പോള്‍ ജിഞ്ചര്‍ ഹോട്ടലുകാര്‍ അത് പറഞ്ഞുതന്ന് കുഴപ്പമാക്കി. ചിലരങ്ങനെയാണ്. നാലഞ്ച് വഴികള്‍ പറഞ്ഞ് തരും. അവസാനം കേട്ടുനില്‍ക്കുന്നവന്‍ ആകപ്പാടെ ചിന്താക്കുഴപ്പത്തിലാകും. ഞങ്ങള്‍ വീണ്ടും നേവിഗേറ്ററിനെത്തന്നെ അഭയം പ്രാപിച്ചു. റോഡുകളുടെ സ്ഥിതി എങ്ങനാണെന്ന് മനസ്സിലാക്കാന്‍ മാത്രമാണ് ഹോട്ടലില്‍ വഴി ചോദിച്ചത്. നേവിഗേറ്റര്‍ പറഞ്ഞ് തരുന്ന വഴി കുണ്ടും കുഴിയും ഇല്ലാത്തത് ആകണമെന്നില്ല.

ഇതുവരെ തീരദേശത്തുകൂടെ വടക്കോട്ട് നീങ്ങിയ ഞങ്ങള്‍ ആദ്യമായിട്ടിതാ അല്‍പ്പം തെന്നി വടക്ക് കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങുകയാണ്. മംഗലാപുരത്ത് നിന്ന് 37 കിലോമീറ്റര്‍ കൊണ്ടുപോയി കൃത്യമായി മൂഡബിദ്രിയിലെത്തിച്ചു നേവിഗേറ്റര്‍ . മുന്‍‌കാലങ്ങളില്‍ , നിറയെ മുളകള്‍ വളര്‍ന്നിരുന്ന ഇടമെന്ന നിലയ്ക്കാണ് മൂഡബിദ്രിയെന്ന പേര് ഈ സ്ഥലത്തിനുണ്ടായത്. മൂഡു എന്നാല്‍ കിഴക്ക് എന്നും ബിദിരു എന്നാല്‍ മുള എന്നുമാണ് കന്നടഭാഷയിലെ അര്‍ത്ഥം. 1000 തൂണുകളുള്ള ഒരു ജൈനക്ഷേത്രമാണ് മൂഡബിദ്രിയിലെ പ്രധാന ആകര്‍ഷണം. ത്രിഭുവന തിലക ചൂഡാമണി ബസതി അല്ലെങ്കില്‍ സാവിരകമ്പട ബസതി എന്ന പേരിനേക്കാളൊക്കെ അധികമായി 1000 തൂണുകളുള്ള ക്ഷേത്രമെന്ന പേരിലാണ് ഈ ജൈന ദേവാലയം അറിയപ്പെടുന്നത്.
1000 തൂണുള്ള ക്ഷേത്രത്തിന്റെ കവാടം
ടാറിട്ട പ്രധാന പാതയില്‍ നിന്ന് അകത്തേക്ക് കയറി ക്ഷേത്രത്തിലേക്ക് പോകുന്ന താരതമ്യേനെ വീതികുറഞ്ഞ വഴിയോരത്ത് വാഹനം പാര്‍ക്ക് ചെയ്ത്, ക്യാമറകളൊക്കെ എടുത്ത് ഞങ്ങള്‍ നടന്നു. ദൂരെയായി ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടും പടിപ്പുരയും കാണാം. സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ വലിയ സംഘങ്ങള്‍ ഒന്നു രണ്ട് ബസ്സുകളിലായി ക്ഷേത്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. അധികം തിരക്കുള്ളത് എനിക്കത്ര ഇഷ്ടമുള്ള കാര്യമല്ല. നേരേ ചൊവ്വേ കാര്യങ്ങള്‍ കണ്ടുമനസ്സിലാക്കാനും പടങ്ങളെടുക്കാനും അത് തടസ്സമാകും.
ചുറ്റുമതിലിനോട് ചേര്‍ന്നുള്ള പടിപ്പുര
ക്ഷേത്രത്തിന്റെ ഗേറ്റ് കടന്ന് ചെന്നുനില്‍ക്കുന്നത് 50 അടി ഉയരമുള്ള ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത മാനസ്തംഭത്തിന്റെ മുന്നിലേയ്ക്കാണ്‍. അതിരിക്കുന്ന കല്ലുകൊണ്ടുള്ളപീഠത്തിന് 8 അടി ഉയരമുണ്ട്. ഒറ്റക്കല്ലില്‍ ഇതുപോലുള്ള മഹാത്ഭുതങ്ങള്‍ വിരിയിക്കുന്ന ശില്‍പ്പികളുടെ കഴിവിന് മുന്നില്‍ തലകുനിക്കാതെ ആ സ്തൂഭത്തിന് കീഴെ നില്‍ക്കാനാവില്ല. കാര്‍ക്കളയിലെ റാണിയായിരുന്ന നാഗളാദേവിയാണ് ഈ മാനസ്തംഭ ഉണ്ടാക്കിച്ചത്. ആകാശത്തിലൂടെ സഞ്ചരിക്കുന്ന ഗന്ധര്‍വ്വന്മാരും കിന്നരന്മാരും ഗരുഡനും, ഇന്ദ്രന്‍ മുതല്‍ വായു വരെയുള്ള ദേവന്മാരെയുമൊക്കെ തങ്ങളുടെ യാത്രകള്‍ക്കിടയില്‍ ഇവിടൊരു ക്ഷേത്രമുണ്ടെന്ന് അറിയിക്കലാണ് മാനസ്തംഭത്തിന്റെ ദൌത്യം.

മാനസ്തംഭവും കൊടിമരവും
ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനകത്തേക്ക് കടന്നപ്പോള്‍ത്തന്നെ ക്യാമറയ്ക്ക് ടിക്കറ്റെടുക്കണമെന്ന് മനസ്സിലായി. കൂട്ടത്തില്‍ ഒരു ഗൈഡിനെക്കൂടെ സംഘടിപ്പിച്ചു. ഗൈഡിന്റെ പേര് ചന്ദ്രരാജ് ബല്ല്യപ്പ. അദ്ദേഹം ജൈനമതസ്ഥനായതുകൊണ്ട് ജൈനമതത്തെപ്പറ്റി കുറേയധികം കാര്യങ്ങള്‍ കൂടെ മനസ്സിലാക്കാന്‍ പറ്റി. ഇംഗ്ലീഷും ഹിന്ദിയുമൊക്കെ അദ്ദേഹം സംസാരിക്കുമെന്ന് പറഞ്ഞെങ്കിലും കക്ഷിയുടെ ഇംഗ്ലീഷ് ആക്‍സന്റ് പിന്തുടരാന്‍ ബുദ്ധിമുട്ടായതുകൊണ്ട് വിവരണം ഹിന്ദിയില്‍ത്തന്നെ മതിയെന്നായി ഞാന്‍. ഹിന്ദിയായാലും ഇംഗ്ലീഷായാലും പഠിച്ച് വെച്ചിരിക്കുന്ന കാര്യങ്ങള്‍ തത്തമ്മേ പൂച്ച പൂച്ച എന്ന കണക്കിന് പറഞ്ഞുപോകുകയാണ് ബല്ല്യപ്പ. അതിന് വെളിയിലേക്ക് പോകുന്ന എന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമൊന്നും കക്ഷിയുടെ കൈകളില്‍ ഇല്ല. ‘ഒന്നുമില്ലാത്തതിലും ഭേദം എന്തെങ്കിലും‘ എന്നാണല്ലോ.
ഗൈഡ് - ചന്ദ്രരാജ് ബല്ല്യപ്പ
A.D. 1430 ല്‍ ക്ഷേത്രത്തിന്റെ പണി തുടങ്ങി. 32 വര്‍ഷമെടുത്ത് 1462 ലാണ് നിര്‍മ്മാണപ്രക്രിയ പൂര്‍ത്തിയായത്. ക്ഷേത്രശില്‍പ്പികളില്‍ ഭൂരിഭാഗവും മദ്രാസില്‍ നിന്നുള്ളവരായിരുന്നു. ഭരണാധികാരികളും വ്യവസായികളും സാധാരണക്കാരുമടക്കം 60 ല്‍പ്പരം പേര്‍ ചേര്‍ന്നാണ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ക്ഷേത്രത്തിന്റെ ഭാഗികമായ പാര്‍ശ്വവീക്ഷണം
മുന്‍‌വശത്ത് കാണുന്നതും വിജയനഗര ശൈലിയില്‍ കൊത്തുപണികളുള്ള തൂണുകളോടെ നിര്‍മ്മിച്ചതുമായ ചുമരുകളില്ലാത്ത മണ്ഡപമാണ് ക്ഷേത്രത്തിലെത്തുന്ന സാധാരണ സന്ദര്‍ശകര്‍ക്ക് വിശദമായി നടന്ന് കാണാനും വിശ്രമിക്കാനുമൊക്കെ പറ്റുന്ന ഒരിടം. അതിന്റെ തറയില്‍ 200 വര്‍ഷത്തോളം പഴക്കമുള്ള വിദേശ ടൈലുകള്‍ പാകിയിരിക്കുന്നു. മൈസൂര്‍ പാലസ്സില്‍ വിരിച്ചിട്ടുള്ള തറയോടുകളുടെ ജനുസ്സില്‍പ്പെട്ട ഇറ്റാലിയന്‍ തറയോടുകളാണത്.
200 വര്‍ഷം പഴക്കമുള്ള ഇറ്റാലിയന്‍ തറയോടുകള്‍
മഹാദ്വാര്‍ , ഭൈരദേവി, ചിത്രാദേവി, നമസ്ക്കാര, തീര്‍ത്ഥനങ്കര, ഗര്‍ഭഗൃഹ എന്നിങ്ങനെ 8 ദേവ മണ്ഡപങ്ങളാണ് ക്ഷേത്രത്തിനകത്തുള്ളത്. 8 അടി ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത ചന്ദ്രനാഥസ്വാമികളുടെ പ്രതിമയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. മുഖമണ്ഡപത്തില്‍ നിന്ന് നോക്കിയാല്‍ അല്‍പ്പം ദൂരെയായി ഗര്‍ഭഗൃഹത്തിലെ ചന്ദ്രനാഥസ്വാമികളുടെ പ്രതിഷ്ഠ കാണാം. അകത്തേക്ക് കടന്നുപോകാന്‍ നമുക്കനുവാദമില്ല. നടയ്ക്ക് അകത്ത് തെളിഞ്ഞിരിക്കുന്ന വൈദ്യുതദീപങ്ങളുടെ വെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന പ്രതിഷ്ഠയുടെ, ഫോട്ടോ എടുക്കുകയെന്നത് അത്ര എളുപ്പമല്ല. വളരെയധികം ശ്രമിച്ചതിനുശേഷം കൈകള്‍ വിറയ്ക്കാതെ ഒരു ഫോട്ടോ ഞാന്‍ എടുത്തൊപ്പിച്ചു.
ഗര്‍ഭഗൃഹത്തിലെ ചന്ദ്രനാഥസ്വാമികളുടെ വെങ്കല പ്രതിഷ്ഠ
ചന്ദ്രനാഥസ്വാമി പ്രതിഷ്ഠ - ചിത്രത്തിന് കടപ്പാട് ക്ഷേത്രസമിതിയോട്
രണ്ടാമത്തേയും മൂന്നാമത്തെയും നിലയിലേക്ക് ജൈനരല്ലാത്തവര്‍ക്ക് പോകാന്‍ കഴിയില്ല. പെട്ടെന്ന് ഒരാള്‍ അകത്തേക്ക് പോയാല്‍ അയാള്‍ ജൈനനാണോ എന്ന് എങ്ങനെ മനസ്സിലാക്കാനാകുമെന്ന എന്റെ ചോദ്യത്തിന് ബല്ല്യപ്പയ്ക്ക് കൃത്യമായി ഉത്തരമുണ്ടായിരുന്നു.

ക്ഷേത്രഭാരവാഹികളുടെ കണ്ണുവെട്ടിച്ച് അങ്ങനെ ആര്‍ക്കും മുകളിലേക്ക് കയറിപ്പോകാനാവില്ല. താഴെ നടയില്‍ നിന്ന് തീര്‍ത്ഥജലം വാങ്ങുമ്പോള്‍ത്തന്നെ ഒരു ജൈനന്‍ തിരിച്ചറിയപ്പെടുന്നു. ഹിന്ദുമതവിശ്വാസിയാണെങ്കില്‍ കുറച്ച് തീര്‍ത്ഥം കുടിക്കുകയും അല്‍പ്പം തലയില്‍ ഉഴിഞ്ഞ് ഒഴിക്കുകയും ചെയ്യുന്നു. ജൈനന്‍ ആണെങ്കില്‍ തീര്‍ത്ഥം വായിലേക്ക് മാത്രമായിരിക്കും പോകുക. ഇനി അക്കാര്യം അറിയാവുന്ന ആരെങ്കിലും തട്ടിപ്പ് നടത്താമെന്ന് കരുതിയാലും അത്ര എളുപ്പം നടക്കില്ല. തന്ത്രപൂര്‍വ്വം പഞ്ചനമസ്ക്കാര മന്ത്രം അവരോട് ചോദിക്കും. പഞ്ചനമസ്ക്കാരമന്ത്രം പറയാന്‍ പറ്റാത്തവന്‍ ജൈനനല്ല. അത് മാത്രം മതിയാകും ആള്‍മാറാട്ടക്കാരെ പിടിക്കാന്‍ . ഇതൊന്നുമല്ലെങ്കിലും ഇറങ്ങിപ്പോകുന്നതിന് മുന്നേ പറ്റിപ്പ് പാര്‍ട്ടികള്‍ പിടിക്കപ്പെട്ടിരിക്കും. ഞാന്‍ പോയിട്ടുള്ള മറ്റ് ജൈനക്ഷേത്രങ്ങളിലൊന്നും ഇങ്ങനെയൊരു വിലക്ക് ഞാന്‍ കണ്ടിട്ടില്ല. താല്‍പ്പര്യമുള്ളവരെ കയറാന്‍ വിടണമെന്നാണ് എന്റെ അഭിപ്രായം.
തൂണുകള്‍ നിറഞ്ഞ മുഖമണ്ഡപത്തിന്റെ പാര്‍ശ്വവീക്ഷണം
ഞങ്ങള്‍ മുഖമണ്ഡപത്തില്‍ നില്‍ക്കുമ്പോള്‍ വ്യത്യസ്തമായ ഒരു കാഴ്ച്ച കണ്ടു. പൂര്‍ണ്ണഗര്‍ഭിണിയെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ പെട്ടെന്ന്‍ ക്ഷേത്രനടയിലൂടെ ഗര്‍ഭഗൃഹത്തിലേക്ക് കയറിപ്പോയി. ബല്ല്യപ്പയോട് ചോദിച്ചപ്പോളാണ് കാര്യം മനസ്സിലായത്. 7 -)0 മാസത്തിലാണ് ഗര്‍ഭിണികള്‍ക്ക് അവസാനമായി ഈ ക്ഷേത്രത്തിനകത്ത് കയറാന്‍ അനുവാദമുള്ളത്. സീമന്തപൂജ എന്ന ചടങ്ങ് നടത്താന്‍ വേണ്ടിയാണിത്. അതും ജൈനസ്ത്രീകള്‍ക്ക് മാത്രം.
ക്ഷേത്രമതിലടക്കമുള്ള മറ്റൊരു ഭാഗികമായ പാര്‍ശ്വവീക്ഷണം
മൂന്ന് നിലയിലുമായാണ് 1000 തൂണുകളുള്ളത്. 237 ല്‍പ്പരം ഡിസൈനുകളാണ് ക്ഷേത്രത്തൂണുകളില്‍ കൊത്തിയിരിക്കുന്നത്. മൂന്നിലൊന്ന് തൂണുകള്‍ പോലും ജൈനനല്ലാത്ത ഒരാള്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയാവുന്നത് 1000 തൂണുകളും ഒന്നിനൊന്ന് വ്യത്യസ്ഥമാണെന്നുള്ളതാണ്. 1000 - )മത്തെ തൂണായി കണക്കാക്കപ്പെടുന്നത് മുഖമണ്ഡപത്തിലുള്ള തൂണുകളിലൊന്നാണ്. ഒരു കടലാസോ ചരടോ മറ്റോ ഈ തൂണിനടിയിലെ ചെറിയ വിടവിലൂടെ കടത്തി മറുവശത്തുകൂടെ വലിച്ചെടുക്കാമെന്നത് ഈ തൂണിന്റെ ഒരു സവിശേഷതയാണ്. നടുഭാഗത്ത് മാത്രമാണ് തൂണ് ഉറപ്പിച്ചിരിക്കുന്നത്.
തൂണിനടിയിലെ വിടവിലൂടെ കടന്നുവരുന്ന കടലാസ്
എനിക്കാ കാഴ്ച്ചയില്‍ ഒരു പുതുമയും തോന്നിയില്ല. മുന്‍പ് ഒരിക്കല്‍ ബേലൂര്‍ ക്ഷേത്രത്തിലും ഇതേ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബേലൂരില്‍ ഇപ്രകാരം നിര്‍മ്മിച്ചിരിക്കുന്നത് വിജയസ്തംഭമാണ്. വയനാട്ടുകാരനായ സുഹൃത്ത് ഹരിയും ഞാനും കൂടെ അന്ന് ഒരു ടവ്വല്‍ വിജയസ്തംഭത്തിനടിയിലൂടെ കടത്തി വലിച്ചെടുത്ത സംഭവം എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ട്.

മുഖമണ്ഡപത്തിന്റെ താഴെ ഒരു വശത്ത് യോഗസനങ്ങളെ പ്രതിനിധീകരിക്കുന്ന വിധത്തിലുള്ള കൊത്തുപണികളാണെങ്കില്‍ മറുവശത്ത് മൃഗങ്ങളുടെ രൂപങ്ങളാണ് കൊത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ശ്രദ്ധയില്‍പ്പെടുന്ന ഒന്ന് നമുക്കൊക്കെ നന്നായി പരിചയമുള്ള സാങ്കല്‍പ്പിക മൃഗമായ ചൈനീസ് ഡ്രാഗണ്‍ ആണ്. ക്ഷേത്രനിര്‍മ്മാണസമയത്ത് , 1403 ല്‍ ഇതുവഴി വന്ന ഒരു ചൈനീസ് വ്യാപാരി അദ്ദേഹത്തിന്റെ ഗ്രാമത്തിലെ ഒരു മൃഗമാണെന്ന്‍ പറഞ്ഞ് കൊടുത്ത രേഖാചിത്രത്തിന്റെ ചുവടുപിടിച്ചാണ് ചൈനീസ് ഡ്രാഗണ്‍ കല്ലില്‍ കൊത്തിയിരിക്കുന്നത്.
കല്ലില്‍ കൊത്തിയിരിക്കുന്ന ചൈനീസ് ഡ്രാഗണ്‍
മുഖമണ്ഡപത്തിലെ തൂണുകളിലെ വളരെ ശ്രദ്ധേയമായ കാഴ്ച്ചകളിലൊന്നാണ് ‘നവനാരീകുഞ്ചര‘. 9 പെണ്ണുങ്ങളുടെ രൂപം ചേര്‍ത്തുവെച്ച് ഉണ്ടാക്കിയിട്ടുള്ള ആനയുടെ രൂപത്തിലുള്ള കൊത്തുപണിയാണത്. സംസ്കൃതത്തില്‍ ആനയ്ക്ക് കുഞ്ചര എന്നാണ് പറയുന്നത്.
നവനാരീകുഞ്ചര
മറ്റൊരു മനോഹരമായ കൊത്തുപണിയാണ് ‘പഞ്ചനാരീതുരഗ‘. 5 പെണ്ണുങ്ങളുടെ ശരീരം ചേര്‍ന്ന് ഒരു കുതിരയുടെ രൂപമാകുന്ന ശില്‍പ്പഭംഗിയാണ് അതിലുള്ളത്. തുരഗ എന്ന പദത്തിനര്‍ത്ഥം കുതിര എന്നാണ് സംസ്കൃതഭാഷയില്‍ .
പഞ്ചനാരീതുരഗ
അഭിമന്യുവിനെ കുഴക്കിക്കളഞ്ഞ ചക്രവ്യൂഹം കൊത്തിയെടുക്കുന്ന കാര്യത്തില്‍ ശില്‍പ്പി അല്‍പ്പം പോലും കുഴഞ്ഞിട്ടില്ലെന്ന് തോന്നിപ്പോകും വിധമാണ് തൂണിലൊന്നിലെ കലാചാതുരി.
ചക്രവ്യൂഹത്തെ ശിലയിലേക്ക് ആവാഹിച്ചപ്പോള്‍
ചക്രവ്യൂഹത്തിന്റെ മുകളില്‍ തൂണിലെ നാലുവശങ്ങളിലുമുള്ള കൊത്തുപണി ഒരു കുതിരയുടേതാണ്. ഒരു ജാലവിദ്യയുടെ ഭാഗമെന്നപോലെയാണ് ആ ശില്‍പ്പം. ഇരു കൈകളും ഉപയോഗിച്ച് അതിന്റെ വശങ്ങള്‍ മറച്ചുപിടിച്ച് നോക്കിയാല്‍ ശില്‍പ്പം പെട്ടെന്നൊരു ആനയുടെ മസ്തകമായി മാറും. കല്ലില്‍ കവിതയും ഇന്ദ്രജാലവും വിരിയിച്ചിരുന്ന ശില്‍പ്പികളെ മനസ്സാ തൊഴുതുപോകുന്ന കാഴ്ച്ചകളാണതൊക്കെ.
കുതിര ആനയായി മാറുന്ന മാന്തികശില്‍പ്പം
ബല്ല്യപ്പയുമായി ക്ഷേത്രത്തിന് ഒരു വലം വെച്ചുവന്നതിനുശേഷം ഫോട്ടോകളെടുക്കാനായി ഞാന്‍ ഒരിക്കല്‍ക്കൂടെ ക്ഷേത്രത്തിന്റെ ചുറ്റും കറങ്ങി നടന്നു. 2 അടി ഇടവിട്ട് തൂണുകളാണ് ചുറ്റിലും. എണ്ണാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ 1000 ന് മുകളില്‍ തൂണുകള്‍ ഉണ്ടെന്ന് തോന്നിപ്പോകുന്ന വിധത്തില്‍ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമൊക്കെ തൂണുകള്‍ തന്നെ തൂണുകള്‍ . തൂണുകളിലും ചുമരുകളിലും മേല്‍ക്കൂരയിലെ കല്‍പ്പാളികളിലുമൊക്കെയായി സമൃദ്ധമായി കൊത്തുപണികള്‍ . ശില്‍പ്പികള്‍ ചോരനീരാക്കി കല്ലുളി വെച്ച് കടഞ്ഞെടുത്ത മനോഹരമായ സൃഷ്ടികള്‍ .
ക്ഷേത്രത്തിന്റെ മുകള്‍ഭാഗത്തിന്റെ ഒരു ദൃശ്യം
മൂന്ന് നിലയുള്ള ക്ഷേത്രത്തിന്റെ മേല്‍ക്കൂര മുഴുവനും ചെമ്പുകൊണ്ടുള്ളതാണ്. നേപ്പാളി ശൈലിയിലുള്ള ചില ക്ഷേത്രനിര്‍മ്മിതി ഇതിലെവിടെയോ കലര്‍ന്നുകിടക്കുന്നപോലെ എനിക്ക് തോന്നിയത് യാദൃശ്ചികമാവാം. കല്ലുകളില്‍ ഇക്കണ്ട തൂണുകളും മേല്‍ക്കൂരകളും മറ്റും ഉണ്ടാക്കിയിരിക്കുന്നത് പോരാഞ്ഞിട്ട് മുകളിലെ നിലയിലെ മരയഴിയിട്ട ചുമരുകളിലുമുണ്ട് മരത്തിലുണ്ടാക്കിയ ശില്‍പ്പങ്ങള്‍ നിറയെ.
മുകളിലെ നിലയില്‍ മരത്തിലുള്ള കൊത്തുപണികള്‍
ജൈനക്ഷേത്രങ്ങളോടും ജൈനമതത്തോടുമൊക്കെയുള്ള എന്റെ താല്‍പ്പര്യം എരി തീയില്‍ ഏവിയേഷന്‍ സ്പിരിട്ട് ഒഴിച്ചതുപോലെ ആളിപ്പടരുകയായിരുന്നു ആ ക്ഷേത്രവളപ്പില്‍ .
ക്ഷേത്രവരാന്തയുടെ ഒരു നെടുനീളന്‍ ദൃശ്യം
വരാന്തകളിലൂടെ ഒരുവട്ടം കൂടെ കറങ്ങിവന്നപ്പോഴേക്കും കൂടുതല്‍ സ്ക്കൂള്‍ കുട്ടികള്‍ ക്ഷേത്രത്തിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു. മുഖമണ്ഡപത്തില്‍ ചമ്രം പടിഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് അദ്ധ്യാപകര്‍ ക്ഷേത്രചരിതമൊക്കെ കന്നടയില്‍ ഉറക്കെയുറക്കെ വിവരിച്ചുകൊടുക്കുന്നുണ്ട്. ഗര്‍ഭഗൃഹത്തില്‍ നിന്ന് ഇടവിട്ടിട്ടിടവിട്ട് മണിനാദം കേള്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ക്ഷേത്രം വിട്ട് പോകാന്‍ സമയമാകുന്നു. പിന്നീടൊരിക്കല്‍ക്കൂടെ ജൈന ഉത്സവങ്ങള്‍ നടക്കുന്ന സമയത്ത് മൂഡബിദ്രിയിലേക്ക് വരണം. ജൈനര്‍ ഒരുപാട് ജീവിക്കുന്ന ഇടമായതുകൊണ്ട് ജൈനരുടെ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഒരു പഞ്ഞവുമുണ്ടാകില്ല ഈ ഭാഗത്തൊക്കെ.
ചരിത്രവും പഴമയുമൊക്കെയാണ് ക്ഷേത്രങ്ങളിലേക്ക് നയിക്കുന്നത്, വിശ്വാസമല്ല.
ഇന്നത്തെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. ഇന്ന് ഇനിയുമുണ്ട് ജൈനക്ഷേത്രങ്ങള്‍ പലതിലും കയറിയിറങ്ങാന്‍. വൈകീട്ട് യാത്ര അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതും പ്രസിദ്ധമായ ഒരു ക്ഷേത്രസന്നിധിയില്‍ത്തന്നെ.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday 17 March 2010

അനന്തപുര തടാക ക്ഷേത്രം

‘കൊച്ചി മുതല്‍ ഗോവ വരെ‘ ഭാഗം 1, 2, 3, 4, 5, 6, 7, 8, 9.
-------------------------------------------------------------------

ചില സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ പലപ്പോഴും വര്‍ഷങ്ങള്‍ക്ക് മുന്നേ മനസ്സില്‍ കുറിച്ചിട്ടിട്ടുള്ളവയായിരിക്കും. കുറേയധികം നാള്‍ മുന്‍പൊരിക്കല്‍ ഏതോ ഒരു പുസ്തകത്തില്‍ കണ്ട ഒരു ക്ഷേത്രത്തിന്റെ മനോഹരമായ ഒരു ചിത്രമുണ്ട്. അന്നെടുത്ത തീരുമാനമാണ് ഇപ്പോള്‍ ഈ യാത്രയിലെ അടുത്ത ലക്ഷ്യമായി മാറാന്‍ പോകുന്നത്. മറ്റെവിടേയും പോയില്ലെങ്കിലും ഈ യാത്രയില്‍ പോയിരിക്കും എന്ന് കരുതിയിരുന്ന ആ സ്ഥലമാണ് കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുര ക്ഷേത്രം.
അനന്തപുര തടാക ക്ഷേത്രം
കാസര്‍ഗോഡുനിന്ന് 11 കിലോമീറ്റര്‍ വടക്കുദിക്കിലേക്ക് പോയാല്‍ കുമ്പള, അവിടന്ന് വലത്തേക്ക് തിരിഞ്ഞ് 4 കിലോമീറ്റര്‍ പോയാല്‍ നായ്ക്കാപ്പ്. ടാറിട്ട റോഡിന്റെ വലത്തുവശത്ത് ക്ഷേത്രത്തിന്റെ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. വീതികുറഞ്ഞ ആ വഴിയിലേക്ക് തിരിഞ്ഞ് കഷ്ടി ഒരു കിലോമീറ്റര്‍ കൂടെ പോയാല്‍ അനന്തപുരയായി. വിശാലമായ ഒരു ഭൂപ്രദേശത്തേക്കാണ് ചെന്നുകയറിയത്. മതില്‍ക്കെട്ട് ഒരെണ്ണം കാണാമെങ്കിലും ചിത്രത്തില്‍ കണ്ടിരിക്കുന്ന പോലുള്ള ഒരു ക്ഷേത്രം അതിനകത്ത് കാണാനായില്ല. വാഹനത്തില്‍ നിന്നിറങ്ങി മതില്‍ക്കെട്ടിനകത്തേക്ക് നടന്നു.

ക്ഷേത്രത്തെപ്പറ്റി എന്തെങ്കിലും പറയണമെങ്കില്‍ അത് ഈ മതില്‍ക്കെട്ട് മുതല്‍ തുടങ്ങണം. ഏകദേശം 3 മീറ്റര്‍ ഉയരത്തില്‍ ചുവന്ന കല്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ മതില്‍ക്കെട്ടിനെ ‘സര്‍പ്പക്കെട്ട് ‘എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള നിര്‍മ്മാണശൈലി മഹാക്ഷേത്രങ്ങളുടെ അടയാളമായിരുന്നെന്ന് ഒരു കാലത്ത് കണക്കാക്കപ്പെട്ടിരുന്നു. കേരളത്തില്‍ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രമേ ഇത്തരം മതില്‍ക്കെട്ടുകള്‍ കാണാന്‍ സാധിക്കൂ. ഏത് തരത്തിലുള്ള മതിലുകളിലും ഇഴജന്തുക്കള്‍ക്ക് കയറാനാകുമെങ്കിലും ‘സര്‍പ്പക്കെട്ട് ‘ മതിലുകളിലേക്ക് പാമ്പുകള്‍ക്കും മറ്റും കയറാനാവില്ലെന്നുള്ളത് ഒരു പ്രത്യേകതയാണ്.

മതില്‍ക്കട്ടിനകത്തേക്ക് കടന്നിട്ടും ക്ഷേത്രദര്‍ശനം സാദ്ധ്യമായില്ല. മേല്‍ക്കൂരകള്‍ മാത്രം കാണാം. കുറച്ച് പടികള്‍ താഴേക്ക് പോകുന്നുണ്ട്. പടികളിറങ്ങി താഴേക്ക് ചെന്നു.

അവിടന്ന് കിട്ടിയ ക്ഷേത്രദര്‍ശനം വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. വൈകുണ്ഠ സദൃശ്യമായ ക്ഷേത്രം തടാകത്തിന്റെ മദ്ധ്യത്തില്‍ . അനങ്ങാതെ കിടക്കുന്ന ജലത്തില്‍ ക്ഷേത്രത്തിന്റെ പ്രതിബിംബം തലകീഴായി നില്‍ക്കുന്നു. സ്ഥലജലവിഭ്രാന്തി ഉണ്ടാകാന്‍ പോന്ന രംഗം. ഫോട്ടോയില്‍ മാത്രം കണ്ടുമോഹിച്ച ആ മനോഹര ദൃശ്യം നേരിട്ട് കണ്ടപ്പോള്‍ മാറ്റ് പതിന്മടങ്ങായെന്ന് പറഞ്ഞാല്‍ അതില്‍ തീരെ അതിശയോക്തിയില്ല. കുറേ നേരം ഞാനാ നയനമനോഹരമായ കാഴ്ച്ച കണ്ണിമവെട്ടാതെ നോക്കിനിന്നു. ജനിച്ചിട്ടിതുവരെ കണ്ടിട്ടുള്ള ഒരു ക്ഷേത്രവും ഇത്ര ഭംഗിയുള്ളതായിട്ട് തോന്നിയിട്ടില്ല. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുന്നത് ഇതുപോലുള്ള അത്യന്തം വ്യത്യസ്ഥമായ ക്ഷേത്രങ്ങള്‍ക്ക് കൂടെ നിലകൊള്ളുന്ന ഇടമെന്ന നിലയ്ക്കാണോ ?
തടാകവും മുഖമണ്ഡപവുമൊക്കെ ചേര്‍ന്ന ക്ഷേത്രചിത്രം
ക്ഷേത്രനടയിലേക്ക് നടക്കുന്നതിന് മുന്നേതന്നെ വഴിപാട് രസീത് കൊടുക്കുന്ന ശങ്കരനാരായണ ഭട്ടുമായി ലോഹ്യം കൂടി. തുളു ചുവ നല്ലവണ്ണമുണ്ട് അദ്ദേഹത്തിന്റെ മലയാളത്തിന്. വേണമെങ്കില്‍ ഹിന്ദിയും ഇംഗ്ലീഷുമൊക്കെ അദ്ദേഹം സംസാരിക്കുമെന്ന് മനസ്സിലാക്കാനായി. ക്ഷേത്രത്തെപ്പറ്റി കൂടുതല്‍ ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിനും താല്‍പ്പര്യമായി. എവിടന്നാണ് വരുന്നതെന്നും മുന്‍പ് വന്നിട്ടുണ്ടോ എന്നൊക്കെ കുശലം ചോദിച്ചതിനുശേഷം ക്ഷേത്രചരിത്രവും ഐതിഹ്യങ്ങളുമൊക്കെ ഭട്ട് വിവരിച്ചുതന്നു. ഇടയ്ക്കിടയ്ക്ക് ഭക്തര്‍ക്ക് വഴിപാട് രസീത് കീറിക്കൊടുക്കുമ്പോള്‍ മാത്രം സംസാരത്തിന് വിഘ്നം നേരിട്ടുകൊണ്ടിരുന്നു. കേട്ട കാര്യങ്ങളെല്ലാം തലച്ചോറില്‍ കുത്തിക്കയറ്റാന്‍ ആ ഇടവേളകള്‍ എനിക്ക് സാവകാശം തന്നു.
ക്ഷേത്രത്തിന്റെ മറ്റൊരു ദൃശ്യം
കേരളത്തിന്റെ തെക്കേ അറ്റമായ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമിയുടെ മൂലസ്ഥാനമാണ് വടക്കേ അറ്റത്തുള്ള അനന്തപുര ക്ഷേത്രം. അനന്തന്‍ കാടാണ് ശ്രീപത്മനാഭന്റെ മൂലസ്ഥാനമെന്നാണ് സിംഹഭാഗം ജനങ്ങളും തെറ്റായി ധരിച്ച് വെച്ചിരിക്കുന്നത്. അനന്തന്‍ കാടിന് ഈ ക്ഷേത്രവുമായുള്ള ബന്ധത്തെപ്പറ്റി പറയണമെങ്കില്‍ കൃഷ്ണാമൃതം കാവ്യമെഴുതിയ വില്വമംഗല സ്വാമികള്‍ എന്ന ദിവാകര മുനികളുടെ കഥയിലൂടെ തുടങ്ങേണ്ടി വരും.
ഗോശാല കൃഷ്ണക്ഷേത്രവും മഠവും
ഈ മുനിശ്രേഷ്ഠന്‍ തടാകത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായുള്ള ഗോശാലകൃഷ്ണ ക്ഷേത്രത്തില്‍ കുറേക്കാലം ധ്യാനപൂജാദി കര്‍മ്മങ്ങള്‍ ചെയ്ത് ജീവിച്ചിരുന്നെന്ന് ഐതിഹ്യമുണ്ട്. വില്വമംഗലസ്വാമികളെ സഹായിക്കാനായി ഒരു ബാലന്‍ പതിവായി അവിടെ വരുമായിരുന്നു. ബാലന്‍ ആരാണെന്നോ എവിടന്ന് വരുന്നെന്നോ ഉള്ള കാര്യങ്ങളൊന്നും സ്വാമികള്‍ തിരക്കിയിരുന്നില്ല. ഒരിക്കല്‍ തന്റെ പൂജാസാമഗ്രികള്‍ എടുത്ത് കുസൃതി കാട്ടിയ ബാലനെ സ്വാമികള്‍ തന്റെ ഇടംകൈകൊണ്ട് തള്ളിമാറ്റുകയും, തള്ളലിന്റെ ശക്തിയില്‍ ബാലന്‍ കുറേ ദൂരേയ്ക്ക് തെറിച്ച് വീഴുകയും ചെയ്തു.

“ഇനി എന്നെക്കാണണമെങ്കില്‍ അങ്ങ് അനന്തന്‍ കാട്ടിലേക്ക് വരേണ്ടിവരും” എന്ന് പറഞ്ഞ് ബാലന്‍ അപ്രത്യക്ഷനായി.

ദീര്‍ഘജ്ഞാനിയായ സ്വാമികള്‍ക്ക് ബാലന്‍ ആരാണെന്നുള്ള കാര്യം മനസ്സിലായി. ബാലന്‍ പോയി വീണ സ്ഥലത്ത് ഒരു വലിയ ഗുഹ പ്രത്യക്ഷപ്പെട്ടു. സ്വാമികള്‍ ഗുഹയില്‍ അപ്പോള്‍ പ്രത്യക്ഷപ്പെട്ട ഒരു ജ്യോതിക്ക് പിന്നാലെ നീങ്ങാന്‍ തുടങ്ങി. ജ്യോതി മുന്നോട്ട് നീങ്ങുകയും സ്വാമികള്‍ അതിനെ പിന്തുടരുകയും ചെയ്തുകൊണ്ടിരുന്നു. കുറേ ദിവസങ്ങളോളം സഞ്ചരിച്ച് കേരളത്തിന്റെ തെക്കേ അറ്റത്ത് എത്തിയപ്പോള്‍ ആ ദിവ്യതേജസ്സ് ബാലന്റെ രൂപത്തിലും തന്റെ ആരാധനാമൂര്‍ത്തിയായ വിഷ്ണു ഭഗവാന്റെ രൂപത്തിലും സ്വാമികള്‍ക്ക് ദര്‍ശനം നല്‍കി. ഈ സംഭവം നടന്ന സ്ഥലമാണ് അനന്തന്‍ കാട് (തിരുവനന്തപുരം) എന്ന് കരുതപ്പെടുന്നു. അവിടെയാണ് ഇപ്പോള്‍ തിരുവനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നത് എന്നാണ് വിശ്വാസം.
ഗുഹയും അതിന് മുകളിലുള്ള ഗണപതി ക്ഷേത്രവും
ഭട്ടിനോട് കുറേ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയതിനുശേഷം ഞങ്ങള്‍ ക്ഷേത്രനടയിലേക്ക് നീങ്ങി. ദീപാരാധനയ്ക്ക് നട തുറക്കാന്‍ പോകുന്നതിന്റെ ചെറിയ തിരക്കുണ്ടവിടെ 20 ല്‍ താഴെ വരുന്ന ജനങ്ങള്‍ അവിടവിടെയായി ഉണ്ട്. ബാക്കിയുള്ള ഐതിഹ്യങ്ങളും കഥകളും ചരിത്രവുമൊക്കെ ദീപാരാധനയ്ക്ക് ശേഷം ചോദിച്ച് മനസ്സിലാക്കാമെന്നും, നടതുറക്കുന്നതിന് മുന്നേ തടാകത്തിന് ഒരു വലം വെച്ച് വരാനും ഞങ്ങള്‍ തീരുമാനിച്ചു.
ക്ഷേത്രത്തിന്റെ തെക്കുവശത്തുനിന്നുള്ള മറ്റൊരു വീക്ഷണം
തടാകത്തിന്റെ കാര്യം പറയുമ്പോള്‍ തടാകത്തിലെ അന്തേവാസിയായ ബബ്ബിയ എന്നുപേരുള്ള മുതലയെപ്പറ്റി പറയാതിരിക്കുന്നതെങ്ങിനെ ? മാംസാഹാരം കഴിക്കാതെ 65 വര്‍ഷത്തോളമായി ഒരു മുതല എങ്ങനെ ഈ തടാകത്തില്‍ കഴിയുന്നു എന്നത് ആശ്ചര്യജനകമാണ്. അറുപത്തഞ്ച് വര്‍ഷം എന്ന് കൃത്യമായി പറയാന്‍ കാരണമുണ്ട്. സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്നേ ഈ ഭാഗത്ത് ബ്രിട്ടീഷുകാരുടെ ക്യാമ്പ് ഒരെണ്ണം ഉണ്ടായിരുന്നു. അന്ന് തടാകത്തില്‍ ഉണ്ടായിരുന്ന മുതലയെ അവര്‍ വെടിവെച്ചുകൊന്നു. കൊന്നയാള്‍ അധികം വൈകാതെ ദുരൂഹമായ സാഹചര്യത്തില്‍ മരണമടഞ്ഞു. പിറ്റേന്ന് തന്നെ മറ്റൊരു കുഞ്ഞുമുതല തടാകത്തില്‍ പ്രത്യക്ഷപ്പെട്ടു. എവിടന്ന് വന്നെന്നോ എങ്ങനെ വന്നെന്നോ ആര്‍ക്കുമറിയില്ല. ആ മുതലയാണ് ഇപ്പോള്‍ തടാകത്തിലുള്ളത്. ആദ്യത്തെ മുതലയുടെ ബബ്ബിയ എന്ന നാമം ഈ മുതലയ്ക്കും നല്‍കപ്പെട്ടു. തീരെ അപകടകാരിയല്ല ഈ മുതല. കുളത്തില്‍ ഒരിക്കല്‍ വീണുപോയ ഒരു ചെറിയ കുട്ടിയുടെ അടുത്ത് വന്ന് മണത്തുനോക്കിയതിനുശേഷം തിരിച്ചുപോയതടക്കം ഒരുപാട് കഥകളുണ്ട് മുതലയെപ്പറ്റി. ക്ഷേത്രത്തിലെ പൂജാരി തടാകത്തില്‍ മുങ്ങിക്കുളിക്കുന്നതിനിടെ പലപ്രാവശ്യം മുതലയുടെ പുറത്ത് ചവിട്ടിയിട്ടുണ്ടെങ്കിലും യാതൊരുവിധത്തിലുള്ള ആക്രമണവും മുതലയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല പൂജാരി കൊടുക്കുന്ന നിവേദ്യച്ചോറാണ് മുതലയുടെ മുഖ്യഭക്ഷണം. വൈകുണ്ഠ സദൃശ്യമായ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള യക്ഷന്മാരും ഗന്ധര്‍വ്വന്മാരുമൊക്കെ താമസിക്കുന്ന ക്ഷീരസാഗരമാണ് തടാകമെന്നും വൈകുണ്ഠത്തിന്റെ കാവല്‍ക്കാരന്‍ കൂടെയായ വരുണന്‍ തന്നെയാണ് ഈ മുതലയെന്നും വിശ്വസിച്ചുപോരുന്നു.
തടാകത്തിലെ മുതലയെ ഊട്ടുന്ന പൂജാരി (ചിത്രത്തിന് കടപ്പാട് ക്ഷേത്രസമിതിയോട്)
തടാകത്തിന്റെ വടക്കുവശത്തായി കല്ലുകള്‍ക്കിടയില്‍ കാണുന്ന ഗുഹപോലുള്ള വിള്ളലാണ് മുതലയുടെ വാസസ്ഥലം. കല്ലുകളിലൂടെ പിടിച്ച് താഴേക്കിറങ്ങി മുതലയെ കാണാന്‍ ഞാന്‍ നടത്തിയ ശ്രമം പാഴായി. എപ്പോഴെങ്കിലും മുതല ജനനിരപ്പിലേക്ക് വരുമെന്നുള്ളതുകൊണ്ട് അമ്പലപരിസരത്ത് ചുറ്റിനടക്കുമ്പോഴൊക്കെയും തടാകത്തിലേക്ക് ഒരു ശ്രദ്ധയുണ്ടായിരുന്നു.
മുതലയുടെ ആവാസകേന്ദ്രമായ ഗുഹ കല്ലുകള്‍ക്കിടയില്‍ കാണാം
ദീപാരാധനയ്ക്കായി നടതുറന്നു. വളരെ കുറച്ചുപേര്‍ മാത്രം മുഖമണ്ഡപത്തില്‍ . തികഞ്ഞ നിശബ്ദത. മച്ചിലെവിടെയോ അമ്പലപ്രാവുകള്‍ കുറുകുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാം. ദേവചൈതന്യം അല്‍പ്പമെങ്കിലും നിലനില്‍ക്കുന്നയിടങ്ങളില്‍ മാത്രമേ ഇതുപോലൊരു അന്തരീക്ഷമുണ്ടാകൂ എന്നാണ് എന്റെയൊരു വിശ്വാസം. വില്വമംഗലത്തിന്റെ ഐതിഹ്യ കഥ വഴി അനന്തന്‍ കാട്ടിലേക്കും തിരുവനന്തപുരത്തേക്കുമൊക്കെ പോയെന്ന് ഭക്തരെ കബളിപ്പിച്ചിട്ട് ഭഗവാന്‍ ഈ ക്ഷേത്രത്തില്‍ത്തന്നെ സ്വര്യമായി കഴിയുന്നുണ്ടെന്നാണ് എനിക്ക് തോന്നിയത്.
7 പ്രതിഷ്ഠകളും ചേര്‍ന്ന ഒരു ചിത്രം (കടപ്പാട് ക്ഷേത്രസമിതിയോട്)
ഏഴ് പ്രതിഷ്ഠകളാണ് ശ്രീകോവിലിനുള്ളില്‍ . നടുക്ക് ആദിശേഷന്റെ(അനന്ദന്‍ ) മുകളില്‍ ഉപവിഷ്ടനായിരിക്കുന്ന മഹാവിഷ്ണു. അനന്തന്‍ തന്റെ അഞ്ചുഫണങ്ങള്‍ വിടര്‍ത്തി ഭഗവാനെ ഒരു കുടക്കീഴിലെന്നപോലെ സംരക്ഷിക്കുന്നു. വിഷ്ണുഭഗവാന് ഇരുവശങ്ങളിലുമായി ശ്രീദേവിയും ഭൂദേവിയും ഇരിക്കുന്നു. ഹനുമാനും ഗരുഡനും അവരുടെ മുന്‍പാകെ പ്രാര്‍ത്ഥിച്ചുകൊണ്ട് നില്‍ക്കുന്നു. ശ്രീകോവിലിന്റെ ഇടത്തും വലത്തും ചുവരുകളില്‍ നിലയുറപ്പിച്ചിരിക്കുന്ന ചാമരം വീശുന്ന നാഗകന്യകമാരെ ഭക്തര്‍ക്ക് വെളിയില്‍ നിന്ന് കാണാനാവില്ല. ശ്രീകോവിലിന് വെളിയിലേക്കുള്ള വാതില്‍ക്കല്‍ ജയവിജയന്മാര്‍ കാവല്‍ നില്‍ക്കുന്നു. നടയില്‍ ക്യാമറ നിഷിദ്ധമാണ്. ക്യാമറയില്‍ പകര്‍ത്താനാവാത്ത ഈ അപൂര്‍വ്വ പ്രതിഷ്ഠ മനസ്സിലേക്ക് ആവാഹിക്കുക മാത്രമേ നിവൃത്തിയുള്ളൂ.
ഹനുമാന്‍ , ശ്രീദേവി, മഹാവിഷ്ണു, ഭൂദേവി, ഗരുഡന്‍
ക്ഷേത്രത്തിന്റെ അകത്തെ ചുമരിലുള്ള അതിപ്രാചീനമായ ചുവര്‍ച്ചിത്രങ്ങള്‍ക്ക് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് പറയുമ്പോള്‍ ക്ഷേത്രത്തിന്റെ പഴക്കം അതിനുമേറെയാണെന്ന് അനുമാനിക്കേണ്ടി വരും. ചുമര്‍ച്ചിത്രങ്ങളൊന്നും ആധുനിക ചിത്രകലാസങ്കേതങ്ങള്‍ ഉപയോഗിച്ച് വരച്ചതല്ല. കൃത്രിമ വര്‍ണ്ണങ്ങളോ ബ്രഷുകളോ ഉപയോഗിച്ചിട്ടില്ല.
ശ്രീകോവിലിനകത്തെ ഒരു പുരാതന ചുവര്‍ച്ചിത്രം (കടപ്പാട് ക്ഷേത്രസമിതിയോട്)
പ്രകൃതിദത്തമായ ജൈവികവര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് വരച്ചതുകൊണ്ടായിരിക്കണം ഇപ്പോഴും അതൊക്കെ പുതുമയോടെയും തിളക്കത്തോടെയുമാണ് നില്‍ക്കുന്നതെന്ന് പറയുന്നു. ശ്രീകോവിലിലേക്ക് ഭക്തന്മാര്‍ക്ക് കയറാനാവില്ലല്ലോ. അതുകൊണ്ടുതന്നെ ചുവര്‍ച്ചിത്രങ്ങള്‍ നേരിട്ട് കാണാന്‍ യോഗം സിദ്ധിച്ചിട്ടുള്ളത് ശ്രീകോവിലില്‍ സ്ഥിരമായി പ്രവേശിക്കുന്ന പൂജാരിക്കും അപൂര്‍വ്വമായി ശ്രീകോവിലില്‍ കടക്കാന്‍ ഭാഗ്യം കിട്ടിയ പുരാവസ്തുഗവേഷകര്‍ക്കും മാത്രം.
മറ്റൊരു പുരാതന ചുവര്‍ച്ചിത്രം (കടപ്പാട് ക്ഷേത്രഭാരവാഹികളോട്)
കടുശര്‍ക്കരയിലാണ് ഇവിടത്തെ പ്രതിഷ്ഠ. കേരളത്തില്‍ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് കടുശര്‍ക്കര കൊണ്ടുള്ള പ്രതിഷ്ഠയുള്ളത്. ഒന്ന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം , രണ്ട് ഞങ്ങള്‍ ഈ നില്‍ക്കുന്ന അനന്തപുര ക്ഷേത്രം തന്നെ, മൂന്നാമത്തേത് പയ്യന്നൂരിന് സമീപം മാടായിക്കാവ് ഭഗവതിക്ഷേത്രം. നാലാമത്തേത് പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ഭഗവതിക്ഷേത്രം. കേരളത്തില്‍ ഇതല്ലാതെ മറ്റ് കടുശര്‍ക്കരപ്രതിഷ്ഠകള്‍ ഉണ്ടോ എന്ന് കൃത്യമായിട്ട് എനിക്കറിയില്ല.

64ല്‍ പ്പരം പ്രത്യേക വസ്തുക്കളുടെ സങ്കലനമാണ് കടുശര്‍ക്കര വിഗ്രഹങ്ങള്‍ . എനിക്ക് മനസ്സിലാക്കാന്‍ സാധിച്ച ചില കൂട്ടുകള്‍ ഇപ്രകാരമാണ്. ചുവന്ന കല്‍‌പ്പൊടി, ഗോതമ്പുപൊടി, യവം, ചാഞ്ചല്യം, മെഴുക്, നല്ലെണ്ണ, ശര്‍ക്കര, ഇത്രയും ചേര്‍ന്നതാണ് കടുശര്‍ക്കരയോഗം അതിനുപുറമേ പലതരം ലേപനങ്ങള്‍ കൂടെയാകുമ്പോളാണ് 64 ചേരുവകളാകുന്നത്. പ്ലാവിന്‍ പശ, കൂവളപ്പശ,തിരുവട്ടപ്പശ, ഗുല്‍ഗുല്‍ ,ത്രിവേണീസംഗമത്തിലെ മണ്ണ്, അവിടത്തെ തന്നെ 3 തരം കല്ലുകള്‍ (ചുവന്ന കല്ല് കറുപ്പ് കല്ല് കാവിക്കല്ല് ), സമുദ്രമണ്ണ് , നദിയിലെ മണ്ണ്, അരിച്ചെടുത്ത മണല്‍ , ഗംഗാതടത്തിലെ മണ്ണ്, കോഴിപ്പരല്‍ (ഭാരതപ്പുഴയുടെ ആഴംകൂടിയ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരുതരം സ്ഫടികം പോലത്തെ ചെളി) , ഗംഗാതീര്‍ത്ഥം, അത്തി, ഇത്തി, അരയാല്‍ , പേരാല്‍ , ഗംഗാജലം, മരുതിന്‍ തോല്‍ കഷായം, നാല്‍പ്പാമരക്കഷായം, സ്വര്‍ണ്ണം, വെള്ളി, ഗോരോചനം, കസ്തൂരി, ചന്ദനം, രക്തചന്ദനം, പശുവിന്‍ പാല് , തൈര്, നെയ്യ്, മുത്തുച്ചിപ്പി, ആനകുത്തിയ മണ്ണ്, കാളകുത്തിയ മണ്ണ്, കലപ്പമണ്ണ്, പുറ്റ്‌മണ്ണ്, ഞണ്ടുമണ്ണ്, മുത്തുച്ചിപ്പി, ശംഖ്, ത്രിഫല, കരിങ്ങാലി, ചന്ദനത്തിരി, മര്‍വ്വം, നഗ്വാരം , കോലരക്ക്, ഇളനീരിന്റെ വെള്ളം, ,....എന്നിങ്ങനെ പോകുന്നു മറ്റ് ലേപന വസ്തുക്കള്‍ .

അതില്‍ പല സാധനങ്ങളുടേയും പേരുകള്‍ ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കുന്നത് തന്നെ. ഇതില്‍ പല അമൂല്യ വസ്തുക്കളും വിഗ്രഹനിര്‍മ്മാണസമയത്ത് ഒരു നിമിത്തം പോലെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുകയായിരുന്നു. ഗോരോചനം നല്‍കിയത് ഒരു കൃസ്ത്യന്‍ ഭക്തനാണ്. ഔഷധശാലകളില്‍ ഒന്നിലും ശുദ്ധ കസ്തൂരി കിട്ടില്ലെന്നായപ്പോള്‍ ദൈവദൂതനെപ്പോലെ നേപ്പാളിലെ പശുപതി ദേവായലത്തിലെ പ്രധാനപൂജാരി ഇടപെട്ട് വളരെയധികം വിലപിടിച്ച കസ്തൂരി സൌജന്യമായി എത്തിച്ചുകൊടുക്കുന്നു.

കടുശര്‍ക്കര വിഗ്രഹനിര്‍മ്മാണത്തിന്റെ ആഴങ്ങളിലേക്ക് കടന്നാല്‍ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് മനസ്സിലാക്കാനാവുക. ഇത്തരം വിഗ്രഹനിര്‍മ്മാണത്തില്‍ മനുഷ്യശരീരത്തിലെന്ന പോലെ അസ്ഥികളും നാഡീഞരമ്പുകളുമൊക്കെ ഉണ്ടായിരിക്കും. തലയോട്, കൈത്തോളുകളുടെ എല്ലുകള്‍ , വയറിന്റെ ഭാഗത്തുള്ള എല്ലുകള്‍ , തുടയെല്ല്, കാലിലെ എല്ലുകള്‍ , കാല്‍‌വിരലുകളുടെ ഭാഗത്തുള്ള എല്ലുകള്‍ , എന്നതൊക്കെ അസ്ഥിപഞ്ചരത്തില്‍ ഉണ്ടായിരിക്കും. കരിങ്ങാലി(കതിര) മരമാണ് ശൂലം എന്ന് വിളിക്കപ്പെടുന്ന അസ്ഥികളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
ശൂലത്തിന്റെ ചിത്രം - വിഗ്രഹനിര്‍മ്മാണസമയത്തെടുത്തത് (കടപ്പാട് ക്ഷേത്രസമിതിയോട്)
ശൂലം നിര്‍മ്മിക്കാനുള്ള മരവും ഭക്തജനങ്ങള്‍ വഴി ലഭിക്കുകയായിരുന്നു. 2000ല്‍പ്പരം ആളുകള്‍ രാപ്പകള്‍ ശ്രമദാനമായി കൈകൊണ്ട് പിരിച്ചെടുത്ത പച്ചനാളികേരത്തിന്റെ ചകിരിനാരാണ് നാടീഞരമ്പുകളായി മാറിയിരിക്കുന്നത്. അത് വിഗ്രഹത്തിന്റെ നാഭിയില്‍ നിന്ന് ആരംഭിച്ച് ദേഹത്തില്‍ എല്ലായിടത്തും ചുറ്റി ശിരസ്സില്‍ അവസാനിക്കുന്നു. അതിന് മുകളില്‍ ലേപനങ്ങള്‍ ഓരോന്നോരോന്നായി ചെയ്തിരിക്കുന്നു. ഓരോ ലേപനങ്ങളും ഉണങ്ങിക്കിട്ടാന്‍ മാസങ്ങള്‍ തന്നെ എടുക്കുന്നതുകൊണ്ട് ശില്പം പണി തീരാന്‍ 8 വര്‍ഷമാണ് എടുത്തത്. ചൂടാക്കിയോ കാറ്റുവീശിയോ ലേപനങ്ങള്‍ ഉണക്കാന്‍ പാടില്ല. നൈസര്‍ഗ്ഗികമായ രീതിയില്‍ത്തന്നെ അത് ഉണങ്ങിക്കിട്ടണം.

ആദ്യമായിട്ടാണ് ഇത്തരമൊരു ശില്പനിര്‍മ്മാണ പ്രക്രിയയെപ്പറ്റി കേള്‍ക്കുന്നതുതന്നെ. അതുകൊണ്ടുതന്നെ ആ വിഗ്രഹത്തിനുമുന്നില്‍ തൊഴുത് നില്‍ക്കാന്‍ പറ്റുന്നത് ഒരു വ്യത്യസ്ഥ അനുഭവമാണെന്ന് മനസ്സുകൊണ്ട് ഒരു തോന്നലുണ്ടായി. ഇത്രയും സങ്കീര്‍ണ്ണമായ ശില്പനിര്‍മ്മാണം ചെയ്യാന്‍ പോന്ന അധികം ശില്‍പ്പികള്‍ ഇപ്പോളില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. 1998 ഒക്‍ടോബര്‍ 29ന് നിര്‍മ്മാണം ആരംഭിച്ച അനന്ദപുരയിലെ വിഗ്രഹത്തിന്റെ ശില്പി വൈക്കത്തുകാരനായ ശ്രീ.കെ.എസ്.കൈലാസ് എന്ന പ്രഗത്ഭനാണ്.

ക്ഷേത്രത്തിന്റെ പ്രാരംഭകാലത്തുണ്ടായിരുന്ന കടുശര്‍ക്കര വിഗ്രഹം ജീര്‍ണ്ണാവസ്ഥയിലായപ്പോള്‍ 1976ല്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത വിഗ്രഹം പ്രതിഷ്ഠിക്കുകയുണ്ടായെങ്കിലും 1997ല്‍ നടത്തിയ ദേവപ്രശ്നത്തില്‍ പഞ്ചലോഹവിഗ്രഹം മാറ്റി കടുശര്‍ക്കരയിലുള്ള പ്രതിഷ്ഠ തന്നെ നടത്തണമെന്ന് കണ്ടതുകൊണ്ടാണ് ഇപ്പോള്‍ നിലവിലുള്ള കടുശര്‍ക്കവിഗ്രഹം നിര്‍മ്മിച്ച് പ്രതിഷ്ഠിച്ചത്.

കടുശര്‍ക്കര വിഗ്രഹമായതുകൊണ്ടുതന്നെ സാധാരണ ക്ഷേത്രങ്ങളിലെ പോലെ പാലഭിഷേകം മുതലായ കാര്യങ്ങള്‍ സാദ്ധ്യമല്ല. അഭിഷേകം നടത്തുന്നത് ശ്രീകോവിലില്‍ത്തന്നെയുള്ള ചെറിയ പഞ്ചലോഹവിഗ്രഹത്തിലാണ്.
തടാകം ചുറ്റി കടന്നുപോകുന്ന പ്രദക്ഷിണം
ശങ്കരനാരായണ ഭട്ടുമായി സംസാരിച്ചുനിന്നാല്‍ ക്ഷേത്രപുരാണം ഒരുപാട് ഇനിയും മനസ്സിലാക്കാനാവുമെന്ന് എനിക്കറിയാം. കണ്ടതും കേട്ടതുമൊക്കെ ഏതോ മാസ്മരിക ലോകത്തെത്തിച്ചിരിക്കുന്നു ഇതിനകം. ഇത്രയും ദേവാംശം ഉള്ള ഒരു ക്ഷേത്രത്തില്‍ ഇതിനുമുന്‍പ് പോയിട്ടുണ്ടോ എന്ന് ഓര്‍മ്മയിലില്ല.

പെട്ടെന്ന് ആര്‍പ്പും അലര്‍ച്ചയുമൊക്കെയായി ക്ഷേത്രനടയില്‍ നിന്നൊരു പ്രദക്ഷിണം ആരംഭിച്ചു. തടാകത്തെ ചുറ്റി അത് ദേവാലയത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ഗുഹയ്ക്ക് മുകളിലായുള്ള ഗണപതി ദേവാലയത്തിന് മുന്നിലൂടെ കറങ്ങി വന്നു.
തെക്കുകിഴക്കേ ഭാഗത്തെ ഗണപതിക്ഷേത്രം
ഗണപതി ക്ഷേത്രത്തിനകത്തുള്ളത് ശിലാവിഗ്രഹമാണെങ്കിലും ആദ്യമുണ്ടായിരുന്നത് കടുശര്‍ക്കര വിഗ്രഹം തന്നെ ആയിരുന്നു. അഭിഷേകാദി കര്‍മ്മങ്ങള്‍ നടത്തിയതുകൊണ്ട് അത് വിരൂപമാകുകയും അക്കാരണത്താല്‍ അത് ജലത്തില്‍ നിക്ഷേപിക്കപ്പെട്ടെങ്കിലും പിന്നീടത് കണ്ടെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. സാധാരണക്ഷേത്രങ്ങളില്‍ പ്രധാന ദേവാലയത്തിനുമുന്നിലായി വടക്കുകിഴക്ക് ഭാഗത്ത് ഗണപതി സന്നിധി കാണുക അസാദ്ധ്യമാണത്രേ !
ഗണപതി ക്ഷേത്രമടക്കമുള്ള ഒരുചിത്രം കൂടെ
അനന്തപുരയില്‍ എല്ലാം അസാദ്ധ്യവും അപൂര്‍വ്വവുമൊക്കെയാണെന്നാണ് കുറഞ്ഞ സമയം കൊണ്ട് മനസ്സിലാക്കാനായത്. ഇരുള്‍ വീഴാന്‍ തുടങ്ങുകയായി. ദീപാരാധന കഴിഞ്ഞ് ഭക്തരെല്ലാം പിരിഞ്ഞുപൊയ്ക്കഴിഞ്ഞിരിക്കുന്നു. ക്ഷേത്ര സന്ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ തടാകത്തിന്റെ മുതലയെക്കൂടെ കണ്ടേ പറ്റൂ. ആളധികമുള്ളപ്പോള്‍ മുതല ഉള്‍വലിഞ്ഞ് നില്‍ക്കുകയാണ് പതിവ്.

“മുതല മുകളില്‍ വന്നിട്ടുണ്ട്, ശബ്ദമുണ്ടാക്കാതെ പോയി കണ്ടോളൂ”

ഞങ്ങളവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കിയിട്ടെന്നവണ്ണം ക്ഷേത്രജോലിക്കാരില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു.

തടാകത്തിന്റെ വടക്കുഭാഗത്ത് ഗുഹയോട് അല്‍പ്പം വിട്ടുമാറി വെള്ളത്തിനുമുകളില്‍ മുതലയുടെ തല പൊങ്ങിവന്നിട്ടുണ്ട്. ആ കാഴ്ച്ച നന്നായിട്ടൊന്ന് കണ്ടതിനുശേഷം ക്യാമറയുമായി ഞാന്‍ ഗണപതി ക്ഷേത്രത്തിന്റെ അരികുപറ്റി തടാകക്കരയിലേക്ക് നടന്നു. മുതലയുടെ നല്ലൊരു ഫോട്ടോ കൂടെ കിട്ടിയാല്‍ ഇന്നത്തെ ദിവസം ധന്യമായി.

പെട്ടെന്ന് വില്വമംഗലസ്വാമിക്ക് മുന്നില്‍ നിന്ന് ബാലന്‍ അപ്രത്യക്ഷമായ സംഭവം ആവര്‍ത്തിച്ചതുപോലെ തോന്നി. സംഭവബഹുലമായ ഒരു ദിവസത്തിന് തിരശീലയിട്ടുകൊണ്ട് ഞൊടിയിടയില്‍ മുതല മുങ്ങിമറഞ്ഞുകഴിഞ്ഞിരുന്നു. മുതലയുടെ ഫോട്ടോ കിട്ടാഞ്ഞതില്‍ അല്‍പ്പം നിരാശ തോന്നിയെങ്കിലും ‘വരുണനെ‘ നേരിട്ട് കാണാനായതില്‍ അതിയായ സന്തോഷം തോന്നി.

രാത്രി തങ്ങാന്‍ മുറി ബുക്ക് ചെയ്തിരിക്കുന്ന മംഗലാപുരത്തെ ജിഞ്ചര്‍ ഹോട്ടലിലേക്ക് അധികം ദൂരമൊന്നുമില്ലെങ്കിലും വഴി കൃത്യമായിട്ടൊന്നും അറിയില്ല. നേവിഗേറ്റര്‍ സഹായിക്കുമെന്ന ധൈര്യം മാത്രമാണ് കൂട്ടിന്. ക്ഷേത്രപരിസരം പൂര്‍ണ്ണമായും ഇരുട്ടില്‍ മുങ്ങുന്നതിന് മുന്നേ, ക്ഷീരസാഗരത്തിന്റെ സര്‍പ്പക്കെട്ടിന് വെളിയിലെ നാഗരികതയുടെ ഇരുട്ടിലേക്ക് ഊളിയിട്ടു; മനസ്സില്ലാമനസ്സോടെ.....

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക....

Thursday 11 March 2010

ബേക്കലും ചന്ദ്രഗിരിക്കോട്ടയും

‘കൊച്ചി മുതല്‍ ഗോവ വരെ‘ ഭാഗം 1, 2, 3, 4, 5, 6, 7, 8.
-------------------------------------------------------------------

റശ്ശിനിക്കടവ് മുത്തപ്പനോട് യാത്രപറഞ്ഞ് കാറില്‍ക്കയറി മാങ്ങാട്ടുപറമ്പ്, ധര്‍മ്മശാല വഴി ഹൈവേയിലേക്ക് കടന്നു. യാത്രയിലെ അടുത്ത ലക്ഷ്യം ബേക്കല്‍ കോട്ടയാണ്. വര്‍ഷങ്ങള്‍ ഒരുപാടായി മനസ്സില്‍ താലോലിക്കുന്ന ഒരു ആഗ്രഹമാണ് ബേക്കല്‍ കോട്ട സന്ദര്‍ശനം. ‘ബോംബെ‘ സിനിമയില്‍ ‘ഉയിരേ ഉയിരേ‘ എന്ന് പാടി കഥാനായകന്‍ ചങ്കുപൊട്ടി നടക്കുന്നത് കണ്ടതിനുശേഷം മുഴങ്ങോടിക്കാരിക്കും ബേക്കല്‍ കോട്ട ഒരു മോഹമാണ്. രണ്ടുപേരുടേയും ആഗ്രഹം ഇന്ന് സഫലമാകും. അതോര്‍ത്തപ്പോള്‍ത്തന്നെ വലിയ ആവേശമായി.

തളിപ്പറമ്പിലെത്തിയപ്പോള്‍ സഹപാഠിയും സഹമുറിയനും അടുത്ത സുഹൃത്തുമൊക്കെയായ നന്ദന്റെ റോഡരുകില്‍ത്തന്നെയുള്ള വീട്ടിലേക്ക് കയറി. നന്ദന്റെ മാതാപിതാക്കളേയും സഹോദരന്‍ അരുണിനേയും കണ്ട് അല്‍പ്പസമയം അവിടെ ചിലവഴിച്ചതിനുശേഷം വാഹനം വീണ്ടും മുന്നോട്ടുനീങ്ങി. തളിപ്പറമ്പിനപ്പുറത്തേക്ക് ഒരിടത്തേക്കും സ്വയം ഡ്രൈവ് ചെയ്ത് ഞാനിതുവരെ പോയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ടുള്ള വഴികളിലൂടെ വളരെ ശ്രദ്ധിച്ച് വേണം വാഹനമോടിക്കാന്‍ .

തളിപ്പറമ്പ് കഴിഞ്ഞാല്‍ പയ്യന്നൂരാണ്. ശിവപുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് പയ്യന്‍ എന്നൊരു വിശേഷണമുണ്ട്. പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം നിലകൊള്ളുന്ന സ്ഥലമായതുകൊണ്ടാണ് പയ്യന്റെ ഊര് അഥവാ പയ്യന്നൂര്‍ എന്ന പേര് വന്നതെന്ന് വിശ്വസിച്ചുപോരുന്നു.

മറ്റൊരു സഹപാഠിയും അടുത്ത സുഹൃത്തുമായ ശേഷഗിരി ഡി. ഷേണായ് പയ്യന്നൂര്‍ക്കാരനായതുകൊണ്ട് കോളേജ് കാലഘട്ടത്തില്‍ പല പ്രാവശ്യം പയ്യന്നൂര് പോയിട്ടുണ്ട്. പയ്യന്നൂരിലും കാഴ്ച്ചകള്‍ ഒരുപാടുണ്ട്. പക്ഷെ ഈ യാത്രയില്‍ പയ്യന്നൂരിലെങ്ങും ഞങ്ങള്‍ സമയം ചിലവഴിക്കുന്നില്ല.

പയ്യന്നൂരിനെപ്പറ്റിയുള്ള എന്റെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നത് പ്രസിദ്ധമായ പയ്യന്നൂര്‍ പവിത്രമോതിരം തന്നെയാണ്. കോളേജ് കാലത്ത് പയ്യന്നൂര്‍ പവിത്രമോതിരത്തിന്റെ മാഹാത്മ്യമൊക്കെ വായിച്ചറിഞ്ഞ് അതൊരെണ്ണം സ്വന്തമാക്കണമെന്ന് ആശയുദിച്ചു. അമ്മയോട് കാര്യം പറഞ്ഞ് പണം സംഘടിപ്പിച്ച് മോതിരം ഒരെണ്ണം ശേഷഗിരി വഴി ഓര്‍ഡര്‍ ചെയ്തു. ഒരു കൊല്ലത്തിലധികമെടുത്തു മോതിരം കൈയ്യില്‍ കിട്ടാന്‍ . പയ്യന്നൂര്‍ പവിത്രമോതിരം ചുമ്മാ കടയിലേക്ക് ഓടിച്ചെന്ന് വാങ്ങാന്‍ പറ്റുന്ന ഒരു ആഭരണമല്ല.

പയ്യന്നൂര്‍ പവിത്രമോതിരം
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പവിത്രമോതിരത്തിന്റെ നിര്‍മ്മാണ ചരിത്രം നിലകൊള്ളുന്നത്. ഹിന്ദുമതാചാരപ്രകാരം കര്‍മ്മങ്ങള്‍ ചെയ്യുന്ന സമയത്ത് ദര്‍ഭപ്പുല്ലുകൊണ്ട് കൈയ്യില്‍ ഉണ്ടാക്കി അണിയുന്ന മോതിരത്തിലുള്ള പവിത്രക്കെട്ട് തന്നെയാണ് പവിത്രമോതിരത്തിലും ഉള്ളത്. പവിത്രക്കെട്ട് ഭൂമിയില്‍ വീഴാന്‍ പാടില്ലെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ക്ഷേത്രത്തിലെ ശാന്തിക്കാരന് കൈയ്യിലെ ദര്‍ഭകൊണ്ടുള്ള പവിത്രക്കെട്ട് ഒരു ബാദ്ധ്യതയായി മാറുന്നു. ഈ അവസരത്തിലാണ് പവിത്രമോതിരം സ്വര്‍ണ്ണത്തില്‍ നിര്‍മ്മിക്കപ്പെടുന്നത്. വ്രതശുദ്ധികളെല്ലാം അനുഷ്ടിച്ച് 3 ദിവസത്തിലധികമെടുത്താണ് അതിസൂക്ഷ്മമായി മോതിരം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണശേഷം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പൂജിച്ചതിനുശേഷമാണ് പവിത്ര മോതിരം ആവശ്യക്കാര്‍ക്ക് കൈമാറുന്നത്. മോതിരം ഉപയോഗിക്കുന്ന ആളും വ്രതശുദ്ധി അനുഷ്ഠിക്കണമെന്നുള്ളത് ഒരു നിഷ്ക്കര്‍ഷയാണ്.

പയ്യന്നൂര്‍ ചൊവ്വാട്ടുവളപ്പിലെ പെരുന്തട്ടാന്മാരാണ് പരമ്പരാഗതമായി പവിത്രമോതിരം ഉണ്ടാക്കുന്നത്. ഇപ്പോള്‍ പയ്യന്നൂരിലെ സുഭാഷ് ജ്വല്ലറിയാണ് മോതിരം നിര്‍മ്മിച്ചുപോരുന്നത്. മദ്യപാനം പുകവലി എന്നതൊന്നുമില്ലാതെ വ്രതമെടുത്താണ് പെരുന്തട്ടാന്മാര്‍ പവിത്രമോതിരങ്ങള്‍ ഉണ്ടാക്കുന്നത്. മോതിരങ്ങള്‍ പെട്ടെന്ന് ഉണ്ടാക്കിക്കിട്ടാത്തതിന്റെ ഒരു പ്രധാന കാരണം ഇതുതന്നെയാണ്. ഒരുപാട് മുന്‍ ഓര്‍ഡറുകള്‍ ചൊവ്വാട്ടുവളപ്പിലെ തട്ടാന്മാര്‍ക്കുള്ളതാണ് മറ്റൊരു പ്രധാന കാരണം. 5 ഗ്രാം മുതല്‍ 5 പവന്‍ വരെ തൂക്കത്തില്‍ മോതിരം ഉണ്ടാക്കിക്കിട്ടും. എന്റെ കൈയ്യിലുള്ള മോതിരം 7 ഗ്രാമിന്റേതാണ്. മോതിരത്തില്‍ ചെയ്തിരിക്കുന്ന കലാപരിപാടികളാണ് എന്നെ അതിലേക്കാകര്‍ഷിച്ചത്. സ്വര്‍ണ്ണത്തിലെന്ന പോലെ വെള്ളിയിലും പയ്യന്നൂര്‍ പവിത്രമോതിരം ഉണ്ടാക്കുന്നുണ്ട്. ചില ന്യൂ ജനറേഷന്‍ ജ്വല്ലറികളില്‍ പയ്യന്നൂര്‍ പവിത്രമോതിരമാണെന്നുപറഞ്ഞ് വിറ്റഴിക്കുന്നത് മെഷീനില്‍ ഉണ്ടാക്കുന്ന മോതിരങ്ങളാണ്. ഒറിജിനല്‍ പയ്യന്നൂര്‍ പവിത്രമോതിരം ഒരുപ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് ഇത്തരം ജ്വല്ലറിക്കാരുടെ തട്ടിപ്പ് എളുപ്പം തിരിച്ചറിയാനാവും. ആനയും ആടും തമ്മിലുള്ള അന്തരമാണ് ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മില്‍ .

കണ്ണൂര്‍ ജില്ലവിട്ട് കാസര്‍ഗോഡ് ജില്ലകളിലെ വഴികളിലേക്ക് കടന്നപ്പോള്‍ ആദ്യമായി ആ റൂട്ടിലൂടെ പോകുന്നതുകൊണ്ട് ചിലയിടത്ത് റോഡുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും നേവിഗേറ്റര്‍ സഹായിച്ചതുകൊണ്ട് വഴിയൊന്നും തെറ്റാതെ തന്നെ ഞങ്ങള്‍ ബേക്കല്‍ കോട്ടയിലെത്തി. ചെറുതും വലുതുമായി ഒരുപാട് കോട്ടകളുണ്ട് കാസര്‍ഗോഡ് ജില്ലയില്‍ . ബേക്കല്‍ , ചന്ദ്രഗിരി, ഹോസ്ദുര്‍ഗ്ഗ്, ആരിക്കാട്, ബന്തടുക്ക, കുണ്ടംകുഴി എന്നിങ്ങനെ കോട്ടകള്‍ക്ക് ഒരു ക്ഷാമവുമില്ല കാസര്‍ഗോഡ് ജില്ലയില്‍ . അതില്‍ ബേക്കല്‍ കോട്ട കേന്ദ്ര ആര്‍ക്കിയോളജിക്ക് കീഴിലും, കുണ്ടംകുഴിയും ചന്ദ്രഗിരിയും അടക്കമുള്ള മറ്റ് പല കോട്ടകളും സ്റ്റേറ്റ് ആര്‍ക്കിയോളജിക്ക് കീഴിലുമാണ്.
ബേക്കല്‍ കോട്ടയുടെ പ്രധാന കവാടം
കോട്ടയ്ക്ക് തൊട്ടടുത്ത് തന്നെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമൊക്കെയുണ്ട്. കാറില്‍ നിന്നിറങ്ങി കോട്ടയ്ക്കകത്തേക്ക് കടന്നു. അകത്തേക്ക് കടന്നയുടനെ തന്നെ ശ്രീ മുഖ്യപ്രാണക്ഷേത്രം കാണാം. കോട്ടയോളം പഴക്കമുള്ള ഒരു ഹനുമാന്‍ ക്ഷേത്രമാണതെന്ന് പറയെപ്പെടുന്നെങ്കിലും ക്ഷേത്രത്തില്‍ പല പ്രാവശ്യം പുതുക്കിപ്പണിയലുകള്‍ നടന്നിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്.
കോട്ടയ്ക്കകത്തെ ഹനുമാന്‍ ക്ഷേത്രം
ക്ഷേത്രദര്‍ശനം പുറത്തുനിന്നുതന്നെ നടത്തി, സന്ദര്‍ശകര്‍ക്കുള്ള 5 രൂപാ ടിക്കറ്റും ക്യാമറകള്‍ക്കുള്ള 25 രൂപാ ടിക്കറ്റുമെടുത്ത് കോട്ടയ്ക്കകത്തേക്ക് കടന്നു. രാജീവ് മേനോന്‍ ക്യാമറയില്‍ പകര്‍ത്തിയതുപോലൊന്നുമല്ലെങ്കിലും ബേക്കല്‍ കോട്ടയെ ആവുന്നത്ര ഭംഗിയായി ക്യാമറയിലേക്കും അതോടൊപ്പം മനസ്സിലേക്കും അവാഹിക്കുക എന്നത് എന്റെയൊരു സ്വപ്നമാണ്.
കോട്ടയുടെ കവാടം - അകത്തുനിന്നുള്ള കാഴ്ച്ച
മുകളില്‍ കോട്ടയുടെ പഴയകാല പ്രതാപത്തെ അനുസ്മരിപ്പിക്കാനെന്ന വണ്ണം സൂര്യന്‍ കത്തിനില്‍ക്കുന്നു. വലുപ്പംകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണിത്. കര്‍ണ്ണാടകത്തിലെ കുംബ്ലയിലെ ഇക്കേരി രാജവംശപരമ്പരയിലെ രാജാവായ ശിവപ്പ നായിക് ആണ് 1645നും 1660നും ഇടയിലായി ബേക്കല്‍ കോട്ട നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. കോട്ട ഉണ്ടാക്കിയത് ശിവപ്പ നായിക് അല്ലെന്നും , കോലത്തിരി രാജാക്കന്മാരില്‍ നിന്ന് ശിവപ്പ നായിക്ക് ബേക്കല്‍ കോട്ട പിടിച്ചടക്കിയതാണെന്നുമാണ് മറ്റൊരു കേള്‍വി. ഈയടുത്തായി നടന്ന പുരാവസ്തു ഉദ്ഘനനങ്ങളും ഗവേഷണങ്ങളും കൈ ചൂണ്ടുന്നത് ബേക്കല്‍ കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്.
കടലോരത്തുനിന്ന് കോട്ടയുടെ ഒരു ദൃശ്യം
എനിക്ക് നമ്മുടെ ചരിത്രരേഖകളോടും അതില്‍ കൃത്യമായി കാര്യങ്ങള്‍ രേഖപ്പെടുത്താതെ പോയവരോടും അതിയായ അമര്‍ഷം തോന്നി. 17-)0 നൂറ്റാണ്ടിലെ ഒരു ചരിത്രസ്മാരകത്തിന്റെ കാര്യം പോലും കൃത്യമായി കുറിച്ചിടാന്‍ നമുക്കായിട്ടില്ല. കോട്ട ആരാണ് നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ കൃത്യമായിട്ട് ഒരു രേഖയുമില്ല. എന്നിട്ടിതാ A.D.620 കളിലും A.D.52ലുമൊക്കെ നടന്നെന്ന് പറയപ്പെടുന്ന ചേരമാന്‍ പെരുമാളിന്റേയും തോമാസ്ലീഹയുടെയും കാര്യങ്ങളില്‍ തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും വാക്‍പ്പയറ്റുകളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ചരിത്രത്തില്‍ നിന്ന് എന്നെന്നേക്കുമായി തേഞ്ഞുമാഞ്ഞുപോയ കാര്യങ്ങള്‍ക്ക് പിന്നാലെ ഭൂതക്കണ്ണാടികളും പിക്കാസുമൊക്കെയെടുത്ത് പരക്കം പായുകയാണ് നമ്മളിന്ന്.

പ്രാദേശിക ചരിത്രങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്താന്‍ അംഗീകൃത ചരിത്രകാരന്മാരും ചരിത്രകുതുകികളുമൊക്കെ മുന്‍‌കൈ എടുക്കുകയോ അവരെ ഔദ്യോഗികമായി ഏര്‍പ്പാട് ചെയ്യുകയോ ഉണ്ടായില്ലെങ്കില്‍ 21-)0 നൂറ്റാണ്ടിന് ശേഷവും ഊഹാപോഹങ്ങളുടെ പാത പിന്തുടരേണ്ട ദുര്‍ഗ്ഗതി നമുക്കുണ്ടായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല.
കടലോരത്തുനിന്ന് കോട്ടയുടെ മറ്റൊരു ദൃശ്യം
39 ല്‍പ്പരം ഏക്കറോളം സ്ഥലത്തായി പരന്നുകിടക്കുന്ന കോട്ട ഇപ്പോള്‍ സംരക്ഷിച്ചുപോരുന്നത് കേന്ദ്ര ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റാണ്. കോട്ടയ്ക്ക് ചുറ്റുമായി വിനോദസഞ്ചാരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റേയും വികസിപ്പിക്കുന്നതിന്റേയും ഭാഗമായി ‘ബേക്കല്‍ റിസോര്‍ട്ട് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ‘ രൂപീകരിച്ചിട്ടുണ്ട് കേരളസര്‍ക്കാര്‍ . പച്ചപ്പുല്ലുകളും പൂച്ചെടികളുമൊക്കെ വെച്ചുപിടിപ്പിക്കുകയും കേടുപാടുവന്ന ഭാഗങ്ങളൊക്കെ മിനുക്കുപണികള്‍ നടത്തുകയുമൊക്കെയായി കോട്ടയ്ക്കകത്ത് ജോലികള്‍ ഒരുപാട് നടക്കുന്നുണ്ട്. കൂടുതല്‍ പുല്ലുകള്‍ വെച്ചുപിടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കണം കാടുപിടിച്ച് കിടക്കുന്ന മുട്ടോളമുയരത്തിലുള്ള ചോടപ്പുല്ലുകള്‍ തീയിട്ട് കളഞ്ഞിരിക്കുന്നു.
കോട്ടയില്‍ നിന്നുള്ള കടലോരദൃശ്യം
കോട്ടയ്ക്കകത്തൊന്ന് ചുറ്റിനടന്ന് പടിഞ്ഞാറ് അറബിക്കടലിന് അഭിമുഖമായുള്ള ഭിത്തിക്കരുകിലെ തണലില്‍ ഇരുന്ന് തീരഭംഗി ആവോളം ആസ്വദിച്ചു. കോട്ടയുടെ ഒരു കൊത്തളം കടലമ്മയുമായി സൊറ പറഞ്ഞ് ഇഴുകിച്ചേര്‍ന്ന് കടലിലേക്ക് തള്ളിനില്‍ക്കുന്നു. അറബിക്കടലുമായി കൈകോര്‍ത്തുനിന്ന് രചിക്കപ്പെട്ടിരിക്കുന്ന മനോഹരമായ ഒരു കവിതയാണ് ബേക്കല്‍ കോട്ട. മഴപെയ്ത് പച്ചപിടിച്ച് കിടക്കുന്ന കോട്ടയുടെ ഭംഗിയാണ് സിനിമകളിലൂടെയും ഫോട്ടോകളിലൂടെയും കണ്ടിട്ടുള്ളത്. അത്രയ്ക്ക് പച്ചപ്പൊന്നും ഇപ്പോളില്ലെങ്കിലും ബേക്കല്‍ കോട്ട നേരിട്ട് കാണുന്നതിന്റെ അനുഭൂതി ഒന്ന് വേറെ തന്നെയാണ്.
കടലിലേക്ക് തള്ളിനില്‍ക്കുന്ന കൊത്തളവും കടല്‍ത്തീരവും
1763 കാലഘട്ടത്തില്‍ കോട്ട കോട്ട മൈസൂര്‍ രാജാവും ടിപ്പുസുല്‍ത്താന്റെ പിതാവുമായിരുന്ന ഹൈദര്‍ അലി കൈവശപ്പെടുത്തി. 1792-ല്‍ കോട്ടയും അതോട് ചേര്‍ന്ന പ്രദേശങ്ങളും ബ്രിട്ടീഷുകാര്‍ പിടിച്ചടക്കി.
കൊത്തളവും കടലും കടലോരവും ചേര്‍ന്ന്‍ കോട്ടയില്‍ നിന്നുള്ള ഒരു ദൃശ്യം
കടലിനോട് ചേര്‍ന്ന കോട്ടയ്ക്കകത്തെ പാതയിലൂടെ നടക്കുമ്പോള്‍ കോട്ടച്ചുമരിലെ ദ്വാരങ്ങളിലൂടെ കടലും കടലോരവും ഓളപ്പരപ്പില്‍ ചാഞ്ചാടുന്ന കൊച്ചുകൊച്ചു മത്സ്യബന്ധന വള്ളങ്ങളുമൊക്കെ കാണാം. കടലിലൂടെ കടന്നുവരാന്‍ ശ്രമിച്ചിരുന്ന ശത്രുക്കള്‍ക്കു നേരേ ഒരു കാലത്ത് ഈ ദ്വാരങ്ങളിലൂടെ തോക്കുകള്‍ ഗര്‍ജ്ജിച്ചിട്ടുണ്ടാകാം.
കോട്ടച്ചുമരിന് ഉള്ളിലൂടെ അറബിക്കടലിന്റെ ഒരു ദൃശ്യം
കോട്ടയ്ക്കകത്തെ ആയുധപ്പുരയില്‍ കാര്യമായ എന്തോ അറ്റകുറ്റപ്പണികള്‍ നടക്കുന്നതുകൊണ്ട് അകത്തേക്ക് കടക്കാനായില്ലെങ്കിലും കമ്പി അഴികള്‍ക്കിടയിലൂടെ ഞാനതിനകത്തേക്കൊന്ന് എത്തിനോക്കി. കോട്ടയിലെ നിരീക്ഷണ ഗോപുരത്തിലും മോടിപിടിപ്പിക്കല്‍ നടക്കുന്നുണ്ടെങ്കിലും അതിന് മുകളിലേക്ക് കയറുന്നതിന് തടസ്സമൊന്നും ഇല്ല. കോട്ടയില്‍ ഈ നിരീക്ഷണം ഗോപുരം പണികഴിപ്പിച്ചത് ടിപ്പുസുല്‍ത്താനാണ്.
പച്ചപ്പരവതാനിയും നിരീക്ഷണ ഗോപുരവും
ഗോപുരത്തിന് മുകളില്‍ നിന്നുള്ള കോട്ടയുടെ കാഴ്ച്ചയും കോട്ടയ്ക്ക് വെളിയിലുള്ള കാഴ്ച്ചയും അതീവ ഹൃദ്യമാണ്. തെങ്ങോലകള്‍ പച്ച വിരിച്ച ഗ്രാമത്തിന്റേയും കോട്ടയ്ക്കിരുവശവും നീണ്ടുനിവര്‍ന്ന് കിടക്കുന്ന മനോഹരമായ കടല്‍ത്തീരങ്ങളുടേയും പടിഞ്ഞാറ് നീല നിറത്തില്‍ കാണുന്ന അറബിക്കടലിന്റേയുമൊക്കെ ചാരുതയ്ക്ക് മാറ്റ് കുറക്കുന്നത് അങ്ങിങ്ങായി ഉയര്‍ന്ന് കാണുന്ന മൊബൈല്‍ ടവറുകള്‍ മാത്രമാണ്.
നിരീക്ഷണ ഗോപുരത്തിന് മുകളില്‍ നിന്നുള്ള കോട്ടയുടേയും പരിസരത്തിന്റേയും ദൃശ്യം
കോട്ടയ്ക്കകത്ത് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയിട്ട കോട്ടേജുകള്‍ പോലുള്ള കെട്ടിടങ്ങളില്‍ പലതിലും പുതുക്കിപ്പണികളൊക്കെ നടന്നിട്ടുണ്ടെങ്കിലും ഇപ്പോളതില്‍ കാര്യമായ മെയിന്റനന്‍സ് നടക്കുന്നതായി തോന്നിയില്ല. എന്തൊക്കെയാലും അതിന്റെ നിര്‍മ്മാണരീതി അല്‍പ്പമെങ്കിലും കേരളത്തനിമയുള്ളതാണെന്നുള്ളതില്‍ സന്തോഷം തോന്നി.
കോട്ടയ്ക്കകത്തെ കോട്ടേജുകള്‍



നിരീക്ഷണ ഗോപുരത്തില്‍ നിന്ന് കാണുന്ന ആയുധപ്പുരയും കോട്ടേജുകളും കൊത്തളവും

ആയുധപ്പുര
കോട്ടയ്ക്കകത്തെ കാഴ്ച്ചകളും നടത്തവുമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ മെല്ലെ കടലിലേക്ക് തള്ളി നില്‍ക്കുന്ന കൊത്തളത്തിലേക്ക് പടികളിറങ്ങിച്ചെന്നു. മനം മയക്കുന്നതാണ് അവിടന്നുള്ള കാഴ്ച്ച. നിലാവുള്ള ഒരു രാത്രി മുഴുവനും അവിടിരുന്ന് പ്രകൃതിയുടെ രാത്രിസൌന്ദര്യം കൂടെ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഏത് അരസികനും തോന്നിപ്പോകുന്ന അന്തരീക്ഷം.
പ്രകൃതി ഇവിടെ കോട്ടയുമായി ഇണചേരുന്നു
ഇനി നേഹയുടെ സമയമാണ്. കോട്ടയ്ക്കകത്ത് കടന്നതുമുതല്‍ കടലോരത്ത് പോയി വെള്ളത്തിലിറങ്ങണമെന്ന് പറഞ്ഞ് നേഹ നിര്‍ബന്ധം പിടിക്കുന്നുണ്ട്. ‘കൊച്ചി മുതല്‍ ഗോവ വരെ‘യുള്ള ഈ യാത്രയില്‍ നേഹയ്ക്ക് ഏറ്റവും താല്‍പ്പര്യമുള്ളത് ബീച്ചുകള്‍ തന്നെയാണ്. കടല്‍ക്കരയിലെ സ്വര്‍ണ്ണമണല്‍ത്തരികള്‍ ഞങ്ങളേയും മോഹിപ്പിക്കുന്നുണ്ട്. കടല്‍ത്തീരത്തുനിന്ന് 130 അടി മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന കോട്ടയും അതിന്റെ പടിക്കെട്ടുകളുമൊക്കെ വ്യത്യസ്തമായ മറ്റൊരു ദൃശ്യമാണ് തരുന്നത്.
കടലും കരയും കോട്ടയും ആകാശവുമൊക്കെ ചേര്‍ന്ന ഒരു ദൃശ്യം
ബേക്കല്‍ സന്ദര്‍ശനം ശരിക്കും പൂര്‍ത്തിയാകണമെങ്കില്‍ കോട്ടയുടെ കീഴെയുള്ള ഈ കടല്‍ക്കരയില്‍ ഇറങ്ങിയേ പറ്റൂ. കോട്ടയ്ക്കും പ്രകൃതിക്കും ഇടയില്‍ ഒരു കട്ടുറുമ്പാകുന്നതിന്റെ സുഖമാണ് ആ ബീച്ചില്‍ നില്‍ക്കുമ്പോള്‍ അനുഭവപ്പെടുക.

ബേക്കല്‍ കോട്ട എന്ന സ്വപ്നം ഇതാ പൂവണിഞ്ഞിരിക്കുന്നു. പക്ഷെ തലയ്ക്ക് മീതെ സൂര്യന്റെ കത്തലിനോടൊപ്പം വയറിനകത്തും കത്തല്‍ മൂര്‍ദ്ധന്യത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ഉച്ചഭക്ഷണം കഴിഞ്ഞിട്ടല്ലാതെ എങ്ങോട്ടും പോകാന്‍ പറ്റില്ല. പെട്ടെന്നൊരു പ്രാവശ്യം കൂടെ കോട്ടയ്ക്കകത്തൂടെ ചുറ്റി നടന്ന് വടക്കുഭാഗത്തേക്ക് മാറി കാണുന്ന തുരങ്കം പോലുള്ള ഭാഗം കൂടെ കണ്ടതിനുശേഷം കോട്ടയ്ക്ക് വെളിയിലേക്ക് കടന്നു. അല്‍പ്പം ദൂരെയായി സാമാന്യം വലിയൊരു മുസ്ലീം പള്ളി കാണാം. ടിപ്പുസുല്‍ത്താന്‍ പണികഴിപ്പിച്ചിട്ടുള്ള ഈ പള്ളി കോട്ടയ്ക്കകത്തുനിന്ന് തെങ്ങുകള്‍ക്കിടയിലൂടെയും ദൃശ്യമാണ്. കോട്ടയ്ക്ക് തൊട്ടടുത്തായി സാമാന്യം ഭേദപ്പെട്ട റസ്റ്റൊറന്റ് ഒരെണ്ണമുണ്ട്. വിശപ്പടക്കാനുള്ളത് അവിടന്ന് കഴിച്ചതിനുശേഷം യാത്ര തുടര്‍ന്നു.

രാത്രി മംഗലാപുരത്തെത്തുന്നതിന് മുന്നേ രണ്ടിടങ്ങള്‍ കൂടെ കയറാനുണ്ട്. ബേക്കല്‍ കോട്ടയില്‍ നിന്ന് 11 കിലോമീറ്ററോളം വടക്കോട്ട് പോയാലെത്തുന്ന ചന്ദ്രഗിരിക്കോട്ടയാണതില്‍ ആദ്യത്തെയിടം. ചന്ദ്രഗിരിക്കോട്ട നിര്‍മ്മിച്ചതും ശിവപ്പ നായിക്ക് തന്നെയാണ്. ബേക്കലില്‍ വരുന്ന എല്ലാ സഞ്ചാരികളും ഈ കോട്ടയിലേക്ക് വരുന്നില്ലെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം.
ചന്ദ്രഗിരി കോട്ടയ്ക്ക് മുകളിലേക്കുള്ള പടികള്‍
കോട്ടയ്ക്കകത്തേക്ക് കയറണമെങ്കില്‍ കൈവരികള്‍ പിടിപ്പിച്ചിട്ടുള്ള കുത്തനെയുള്ള പടികളിലൂടെ മുകളിലേക്ക് കയറണം. 150 അടിയോളം ഉയരത്തിലാണ് ചന്ദ്രഗിരിക്കോട്ട നിലകൊള്ളുന്നത്. അതായത് ബേക്കലിനേക്കാള്‍ 20 അടിയെങ്കിലും ഉയരത്തില്‍ . കോട്ടയുടെ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ . ഗേറ്റ് തുറന്ന് തരാനായി വന്ന ചെറുപ്പക്കാരനായ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരന്റെ മലയാളത്തിന് തുളു ചുവയുണ്ട്. അധികം താമസിയാതെ ഞങ്ങള്‍ കേരളത്തിന് വെളിയില്‍ കടക്കാന്‍ പോകുകയാണെന്നുള്ളതിന്റെ സൂചനയാണത്.
ചന്ദ്രഗിരിക്കോട്ടയുടെ കവാടം
കോട്ടയ്ക്കകം വിജനമാണ്. വലിപ്പത്തില്‍ സാമാന്യം ഭേദപ്പെട്ട ഒന്നാണ് ചന്ദ്രഗിരിക്കോട്ടയും. 7 ഏക്കറോളം സ്ഥലത്താണ് കോട്ട നിലകൊള്ളുന്നത് . ഏതാണ്ട് സമചതുരാകൃതിയിലുള്ള കോട്ടയുടെ മതിലിനരുകിലൂടെ ചുറ്റി നടന്നാല്‍ തൊട്ടടുത്തുള്ള പരിസരത്തിന്റെ മൊത്തത്തിലുള്ള മനോഹരമായ ഒരു ആകാശക്കാഴ്ച്ചയാണ് തരപ്പെടുക. തെങ്ങിന്‍ തലപ്പുകള്‍ക്ക് മുകളിലൂടെ കാണുന്ന ചന്ദ്രഗിരിപ്പുഴയ്ക്കും അറബിക്കടലിനുമൊക്കെ ക്യാമറക്കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത തരത്തിലുള്ള മാസ്മരിക ഭംഗിയാണ്. കോലത്തുനാടിന്റേയും തുളുനാടിന്റേയും അതിരായിരുന്ന ചന്ദ്രഗിരിപ്പുഴയ്ക്ക് പയസ്വിനി എന്നൊരു പേരുകൂടെയുണ്ട്.
ചന്ദ്രഗിരിക്കോട്ടയില്‍ നിന്ന് ഒരു ദൃശ്യം
കോട്ടയ്ക്കുള്‍ഭാഗം ഉണങ്ങിയ ചോടപ്പുല്ലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. മദ്ധ്യഭാഗത്തായി കാണുന്നത് വിസ്തൃതിയുള്ള ഒരു കിണറാണ്. പുല്ലുകള്‍ വകഞ്ഞുമാറ്റി ആര്‍ക്കിയോളജിക്കാരന്റെ പിന്നാലെ കിണറ്റിനരുകിലേക്ക് നടന്ന് അതിലേക്ക് ഒന്നെത്തി നോക്കി. നല്ല ആഴമുള്ള ആ കിണറ്റില്‍ ഏത് കൊടും വേനലിലും വെള്ളമുണ്ടായിരിക്കുമത്രേ !

കോട്ടയ്ക്ക് നടുവിലുള്ള കിണറിന്റെ ചുറ്റുമതിലും കോട്ടമതിലും
കോട്ടമതിലില്‍ ബേക്കല്‍ കോട്ടയിലെന്ന പോലെ നിറയെ ദ്വാരങ്ങളുണ്ട്. തോക്കുപയോഗിച്ച് ശത്രുക്കളെ നേരിടാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ആ ദ്വാരങ്ങളുടെ പ്രത്യേകത ആര്‍ക്കിയോളജി ഉദ്യോഗസ്ഥന്‍ വിശദമായി കാണിച്ചുതന്നു. കോട്ടമതിലുകള്‍ക്ക് നല്ല വണ്ണമുണ്ടായിരിക്കുന്നതുകൊണ്ട് സാധാരണ ഗതിയില്‍ ഒരു ദ്വാരത്തിലൂടെ ഒരു ദിശയിലേക്ക് മാത്രമേ തോക്ക് ചൂണ്ടാന്‍ പറ്റൂ. പക്ഷെ വ്യത്യസ്തമായ നിര്‍മ്മിതിയിലൂടെ മൂന്ന് ദിശയിലേക്ക് ഉന്നം വെയ്ക്കാവുന്ന തരത്തിലാണ് ഈ ദ്വാരങ്ങളുടെ നിര്‍മ്മാണം.
ചന്ദ്രഗിരിക്കോട്ടയുടെ ഉള്‍ഭാഗത്തെ മറ്റൊരു ദൃശ്യം
കോട്ടയ്ക്കകത്ത് വരുന്ന വിസിറ്റേഴ്സ് രജിസ്റ്ററില്‍ പേരെഴുതി ഒപ്പിട്ട് മൊബൈല്‍ ഫോണ്‍ നമ്പറടക്കം കൊടുക്കണമെന്നൊരു നിബന്ധന ചന്ദ്രഗിരിക്കോട്ടയിലുണ്ട്. വല്ല തീവ്രവാദികളുമൊക്കെ വന്ന് പോകുന്നുണ്ടോ എന്നറിയാനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കും എന്നാണ് എനിക്ക് തോന്നിയത്. അതിനെപ്പറ്റി ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോള്‍ തൃപ്തികരമായ ഒരുത്തരം കിട്ടിയില്ല. ചന്ദ്രഗിരിപ്പുഴ മുറിച്ച് പാലം വഴി ഒരു തീവണ്ടി കടന്നുപോയി. പാളത്തിന്റെ താളം വളരെ നേര്‍ത്ത ഒരു ശബ്ദമായി കാറ്റില്‍ അലിഞ്ഞില്ലാതാകുന്നു കോട്ടയിലെത്തുമ്പോഴേക്കും.
ഫോട്ടോ എടുത്തു തന്ന ആര്‍ക്കിയോളജിക്കാരന് നന്ദി
കണ്ണൂര്‍ കോട്ട, ബേക്കല്‍ കോട്ട, ചന്ദ്രഗിരിക്കോട്ട എന്നിങ്ങനെ മൂന്ന് കോട്ടകള്‍ ഇന്നൊരു ദിവസം കൊണ്ടുതന്നെ കാണാനായതുകൊണ്ട് ഈ ദിവസത്തെ കോട്ടകളുടെ ദിവസമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷെ സമയം വൈകീട്ട് 4 മണി ആകുന്നതേയൂള്ളൂ . ഒരു കാഴ്ച്ചകൂടെ ബാക്കി കിടക്കുന്നുണ്ട്. അതുകൂടെ കണ്ട് തീരാതെ ഇന്നത്തെ ദിവസത്തെ പൂര്‍ണ്ണമായും വിലയിരുത്താനാവില്ല.

ആ കാഴ്ച്ചയാണെങ്കിലോ ?! അത് ഒന്നൊന്നര കാഴ്ച്ചയും അറിവും തന്നെയായിരുന്നു.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.......