Monday 7 January 2008

മദ്യപാനികളുടെ കൂടെ ശബരിമലയ്ക്ക്

ദ്യമായി ശബരിമലയ്ക്കുപോയതു്‌ മൂന്നാം ക്ലാസ്സില്‍പ്പഠിക്കുമ്പോളാണ്, 1977 ല്‍. കന്നിമലകയറ്റത്തിനുശേഷം, വീണ്ടും, രണ്ടോ മൂന്നോ പ്രാവശ്യം മലകയറാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്‌. അവസാനമായി മലകയറിയതു്‌ 1990 ല്‍ ആണെന്നാണു്‌ ഓര്‍മ്മ. തീരെ ഭക്തിനിര്‍ഭരമല്ലാത്ത ഒരു അനുഭവമായിരുന്നു അത്.

ബാങ്ക്‌ ഓഫീസറായ ഒരു കുടുംബസുഹൃത്തിന്റേയും, അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്മാരായ രണ്ട് മദ്ധ്യവയസ്ക്കന്മാരുമടക്കം 6 പേര്‍ ഒരു മാരുതി ഓംനിയിലായിരുന്നു ആ‍ യാത്ര. ഞങ്ങള്‍ 4 പേര്‍ സുഹൃത്തിന്റെ വീട്ടില്‍വെച്ചു്‌ കെട്ടുനിറച്ചു. മേലുദ്യോഗസ്ഥന്മാര്‍ ‘വളഞ്ഞമ്പലത്തില്‍‘' വെച്ചു്‌ കെട്ടുനിറച്ചു്‌ കാത്തുനില്‍ക്കുമെന്നും, യാത്രാമദ്ധ്യേ അവരെ രണ്ടുപേരെയും അമ്പലത്തിന് മുന്നില്‍ നിന്നെടുത്താല്‍‍‍ മതിയെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്.

വളഞ്ഞമ്പലത്തിനടുത്തു്‌ വണ്ടി നിറുത്തിയപ്പോളതാ ‍ഇഷ്ടന്മാര്‍ നടന്നു വരുന്നു. അലക്കിത്തേച്ച, വെളുത്ത നല്ല ഒന്നാന്തരം ഡബിള്‍ മുണ്ടും, ഷര്‍ട്ടുമാണ് വേഷം. തലയില്‍ ഇരുമുടിക്കെട്ടൊന്നുമില്ല. പകരം രണ്ടുപേരുടേയും കയ്യില്‍, ഓരോ ബിഗ്‌ ഷോപ്പറുണ്ട്. നെറ്റിയില്‍ ഒരു ഭസ്മക്കുറിയോ, ചന്ദനക്കുറിയോ ഇല്ല. കഴുത്തില്‍ വ്രതമാലയുണ്ടോ? രാത്രിയായതുകാരണം ശരിക്കുകാണാന്‍ പറ്റിയില്ല. എന്തായാലും ശബരിമലയ്ക്ക് പോകുന്ന ആള്‍‌ക്കാരുടെ ഒരു ലക്ഷണവുമില്ല. വണ്ടിയില്‍ക്കയറി നടുക്കുള്ള സീറ്റില്‍ എന്റെ ഇരുവശത്തുമായി രണ്ടുപേരും ഇരുപ്പുറപ്പിച്ചു. രണ്ടുപേര്‍ക്കും വിന്‍ഡോ സീറ്റുതന്നെ വേണം. വണ്ടി വിട്ടുകഴിഞ്ഞപ്പോളാണ് ഞാനതുമനസ്സിലാക്കിയത്. രണ്ടുപേരും തരക്കേടില്ലാതെ മദ്യപിച്ചിരിക്കുന്നു!!!

എന്നെ നടുക്കിരുത്തി രണ്ടുപേരും ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മനസ്സില്‍ അയ്യപ്പനെത്തന്നെ വിളിച്ചു. അറിവില്ലാപ്പൈതങ്ങളെ കാത്തുകൊള്ളണം സ്വാമീ. വ്രതശുദ്ധി തെറ്റിക്കുന്നവരെ, മലകയറുമ്പോള്‍‌ പുലി പിടിക്കുമെന്നാണു്‌ ചെറുപ്പം മുതല്‍ കേട്ടിരിക്കുന്നതു്‌. ഈ കള്ളുകുടിയന്മാരുടെ കൂടെവന്നതുകൊണ്ടു്‌ അങ്ങിനെയൊന്നുമുള്ള ശിക്ഷയൊന്നും തന്നേക്കരുതേ ശാസ്താവേ.

ഇരുട്ടിനെ കീറിമുറിച്ചു്‌ വണ്ടി മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു. ഇതിനിടയില്‍ കുറച്ചുനേരം ഞാനൊന്നു മയങ്ങി. ഉണര്‍ന്നുനോക്കുമ്പോള്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നു. ഞാനൊഴികെ മറ്റാരും വണ്ടിയിലില്ല. പുറത്തു്‌ അരണ്ട വെളിച്ചത്തില്‍, ഒരു ചെറിയ കടയുടെ മുന്‍പില്‍ എല്ലാവരും കൂടിനില്‍ക്കുന്നുണ്ട്.

എന്തുപറ്റിക്കാണും?
ഈ കള്ളുകുടിയന്മാര്‍ എന്തെങ്കിലും കുഴപ്പമുണ്ടാക്കിയോ?

ചെന്നുനോക്കി. ടയര്‍ പഞ്ചറായതാണ്. ഒട്ടിക്കല്‍ പരിപാടി എതാണ്ടു്‌ കഴിയാറായിരിക്കുന്നു. പത്തുമിനിറ്റിനുള്ളില്‍ യാത്ര പുനഃരാരംഭിച്ചു. ഇത്തവണ വണ്ടിവിട്ടയുടനെ കള്ളുകുടിയന്മാര്‍ തമ്മിലൊരു തര്‍ക്കം തുടങ്ങി.
'' അതെടുക്കൂ ''
'' അതുവേണ്ട, മറ്റേതെടുക്കൂ "
" അതല്ലേ പൊട്ടിച്ചതു്‌. അതെടുക്കാം"
" എങ്കി ശരി, അതെടുക്കൂ"
ഇങ്ങനെ നീണ്ടുപോയി തര്‍ക്കം. അവസാനം അവര്‍ ‘അത് ‘ ബിഗ്‌ ഷോപ്പറില്‍നിന്നും പുറത്തെടുത്തു. വേറൊന്നുമല്ല. മദ്യക്കുപ്പിതന്നെ.

ഞാനെന്താണീക്കാണുന്നതു്‌ ? ഇനി ഇക്കൂട്ടര്‍ ഇതിന്റെ കൂടെ തൊട്ടുനക്കാന്‍ വല്ല ചെമ്മീന്‍ അച്ചാറോ, മീന്‍ അച്ചാറോ പുറത്തെടുക്കുമോ?

41 ദിവസത്തെ വ്രതശുദ്ധിയൊന്നും ഇക്കാലത്തു്‌ ആരും എടുക്കാറില്ല എന്നു്‌ ആര്‍ക്കാണ് അറിയാന്‍പാടില്ലാത്തതു്‌ !! പക്ഷെ ശബരിമലയ്ക്കുപോകുന്നദിവസം, പോകുന്നവഴിക്കു്‌ ഇങ്ങനെയൊക്കെ ആള്‍ക്കാര്‍ ചെയ്യുമോ ? ചെയ്യാന്‍ പാടുണ്ടോ ? കഷ്ടം തന്നെ.

എന്തായാലും ഇവരെ രണ്ടിനേയും പുലി പിടിച്ചതുതന്നെ. സ്വാമിയേ ശരണമയ്യപ്പാ‍‌...
ഇപ്രാവശ്യം എന്റെ ശരണംവിളി പുറത്തേക്കുതന്നെ വന്നു.

വെളുക്കാനായപ്പോളേക്കും പമ്പയിലെത്തി. വളരെ ബുദ്ധിമുട്ടി വണ്ടി പാര്‍ക്കുചെയ്യാന്‍ ഒരു സ്ഥലം കണ്ടുപിടിച്ചു്‌, മലകയറാന്‍ തുടങ്ങുമ്പോളേക്കും കഥാനായകന്മാര്‍ അതാ വേറൊരുവഴിക്കു്‌ വെച്ച് വിടുന്നു.

“ഞങ്ങളിവിടെത്തന്നെയൊക്കെ കാണും, തിരിച്ചുവരുമ്പോള്‍ ഒന്നു നോക്കിയാല്‍ മതി“ എന്നൊരു പ്രഖ്യാപനവും. എനിക്കു്‌ കുറച്ചു്‌ ആശ്വാസമായി. ഇക്കൂട്ടരുടെകൂടെയുള്ള മലകയറ്റമെങ്കിലും ഒഴിവായല്ലോ!

മലകയറി, പതിനെട്ടാംപടി ചവിട്ടി, അയ്യപ്പനെ തൊഴുതു്‌, സങ്കടങ്ങള്‍ പറഞ്ഞ്, വഴിപാടുകളും, വെടിവഴിപാടുകളും നടത്തി, അരവണയും വാങ്ങി തിരിച്ചിറങ്ങി.

ഇതിനിടയില്‍ ചിലത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. മൂന്നാം ക്ലാസ്സില്‍പ്പഠിക്കുമ്പോള്‍ ഞാന്‍ കണ്ട ശബരിമല ഇതായിരുന്നില്ല. ദുബായ്‌ കഴിഞ്ഞാല്‍ ഈ ലോകത്തില്‍, ഏറ്റവും കൂടുതല്‍ ‘ഫ്ലൈ ഓവര്‍' ഉള്ളത് ശബരിമലയിലാണോ എന്ന് സംശയം തോന്നിപ്പോകും. സന്നിധാനത്തില്‍ ഒഴികെ പലയിടത്തും ചെറുപ്പക്കാരികളായ സ്ത്രീകള്‍ പിൿനിക്കിന് വന്നപോലെ കറങ്ങിനടക്കുന്നു. അന്യഭാഷാക്കാരായ അയ്യപ്പന്മാരുടെ എണ്ണം വളരെക്കൂടിയിരിക്കുന്നു. അരവണയ്ക്കുള്ള നിരയുടെ അറ്റം കാണാനേ പറ്റുന്നില്ല. മലയിലേക്കുള്ള പടികള്‍ മിക്കവാറും കോണ്‍ക്രീറ്റ്‌ ചെയ്യപ്പെട്ടിരിക്കുന്നു. മൊത്തത്തില്‍ അയ്യപ്പന് ഒരു കോണ്‍ക്രീറ്റ്‌ ലുക്കു്‌ വന്നിരിക്കുന്നപോലെ. ഭക്തവത്സലാ അങ്ങീത്തിരക്കിനിടയില്‍ ഈ മലയില്‍ത്തനെ ഇപ്പോഴും വസിക്കുന്നുണ്ടോ?

മലയിറങ്ങി പമ്പയിലെത്തിയപ്പോള്‍ കഥാനായകന്മാരതാ പുണ്യനദിയില്‍ കിടന്ന് അര്‍മ്മാദിക്കുന്നു. ആശ്വാസമായി. ഇവരെത്തിരക്കി ഇനി ഈ പുരുഷാരത്തിനിടയില്‍ കറങ്ങിനടക്കേണ്ടല്ലോ.

“നിങ്ങള്‍‌ വണ്ടിയിലേക്ക് നടന്നോളൂ, ഞങ്ങളിതാ എത്തി “ എന്നവര്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ വണ്ടിയിലേക്ക് നടന്നെങ്കിലും, ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും കഥാനായകന്മാരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. വണ്ടിയിലിരുന്ന്, ക്ഷമയുടെ നെല്ലിപ്പലക ഒന്നുരണ്ടുപ്രാവശ്യം ഞാന്‍ കണ്ടു. പിന്നെയും കുറെ കഴിഞ്ഞപ്പോള്‍‌ ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ രണ്ടെണ്ണവും വന്ന് വണ്ടിയില്‍ക്കയറി. എന്തെങ്കിലും ഒരു കാരണംകിട്ടിയാല്‍ പൊട്ടിത്തെറിക്കുമെന്ന അവസ്ഥയിലാണ് എന്റെ ഇരിപ്പ്. അപ്പോഴതാ നായകന്മാരിലൊരാളുടെ വക ഒരു ഓര്‍ഡര്‍.

“വണ്ടി അടുത്തുകാണുന്ന ലിക്കര്‍ ഷോപ്പിനുമുന്നില്‍ നിര്‍ത്തണം കേട്ടോ.
ഈ പമ്പയിലെങ്ങോ ഒരെണ്ണം ഉണ്ടെന്നാണ് കേട്ടത് . കുറെ തപ്പിനടന്നെങ്കിലും കണ്ടുകിട്ടിയില്ല.”

തികഞ്ഞ ഒരു അയ്യപ്പഭക്തനായ, എല്ലാക്കൊല്ലവും വീടിനുമുന്‍പില്‍ അയ്യപ്പന്‍ വിളക്ക് നടത്തി മല ചവിട്ടാറുണ്ടായിരുന്നതുകൊണ്ട് നാട്ടുകാര്‍ ‘ മലയന്‍ ‘ എന്ന് ഓമനപ്പേരിട്ട, ശ്രീമാന്‍ പോണത്ത് വേലാണ്ടിയുടെ കൊച്ചുമകന്റെ സകല നിയന്ത്രണങ്ങളും വിട്ടു.

വ്രതമാല കഴുത്തിലിട്ടുകൊണ്ട് പറയാവുന്ന എറ്റവും നല്ല പാര്‍ലിമെന്ററി പദങ്ങള്‍‌ ഉപയോഗിച്ചുകൊണ്ടുതന്നെ സാമാന്യം നന്നായി ഒരു പ്രകടനം കാഴ്ച്ചവെക്കേണ്ടി വന്നു ഈയുള്ളവന്. എന്തായാലും, ഇനിയങ്ങോട്ട് അഭ്യാസങ്ങളൊന്നും നടക്കില്ലെന്ന് മനസ്സിലാക്കിയ കഥാനായകന്മാര്‍ വണ്ടി എറണാകുളത്തെത്തുന്നതിന് മുന്‍പ് തന്നെ ഇറങ്ങി സ്ഥലം വിട്ടു.

പിന്നീട് പലപ്രാവശ്യവും ശബരിമലയ്ക്ക് പോകാന്‍ അവസരമുണ്ടായെങ്കിലും, ഈയൊരനുഭവത്തിന്റെ മനം‌മടുപ്പിക്കുന്ന ഓര്‍മ്മകള്‍‌ എന്നെയതില്‍ നിന്നും പിന്തിരിപ്പിച്ചുകൊണ്ടേയിരുന്നു. എന്നുവച്ച് ഇനിയൊരിക്കലും ശബരിമലകയറില്ലെന്നൊന്നും തീരുമാനിച്ചിട്ടില്ല. വ്രതമെടുത്ത്, ഇരുമുടിക്കെട്ടുമേന്തി, പേട്ടതുള്ളി, പമ്പയില്‍ക്കുളിച്ച്, മലകയറി ഇനിയും എനിക്കാ കലിയുഗവരദന്റെ മുന്നില്‍ നിന്ന് കൈകൂപ്പണം.

അതെന്നാണെന്ന് നീ തന്നെ തീരുമാനിക്കൂ ഭക്തവത്സലാ.